മാനുവൽ നൂയറുടെ റെക്കോഡിന് ഒപ്പമെത്തി ഫ്രഞ്ച് നായകന്‍ ഹ്യൂഗോ ലോറിസ്

ദോഹ: ലോകകപ്പില്‍ ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പറെന്ന റെക്കോഡിന് ഒപ്പമെത്തി ഫ്രഞ്ച് നായകന്‍ ഹ്യൂഗോ ലോറിസ്. സെമിഫൈനലില്‍ മൊറോക്കയ്‌ക്കെതിരെ ലോറിസ് കളിച്ചത് രാജ്യത്തിന് വേണ്ടിയുള്ള ലോകകപ്പിലെ 19ാം മത്സരമാണ്. ജര്‍മന്‍ നായകന്‍ മാനുവല്‍ നൂയറുടെ റെക്കോഡിന് ഒപ്പമാണ് ലോറിസ് എത്തിയത്.
സെമിഫൈനലില്‍ ഫലം എന്ത് തന്നെയായാലും ഒരു മത്സരം കൂടി കളിക്കാന്‍ ഫ്രാന്‍സിന് അവസരമുള്ളതിനാല്‍ തന്നെ അടുത്ത മത്സരത്തില്‍ ഈ റെക്കോഡ് താരം മറികടക്കുകയും ചെയ്യും. 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലാണ് ലോറിസ് രാജ്യത്തിന് വേണ്ടി ആദ്യമായി ലോകകപ്പില്‍ കളിക്കുന്നത്. മൂന്ന് മത്സരങ്ങളിലാണ് അന്ന് കളിച്ചത്.
2014 ബ്രസീല്‍ ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചു. 2018ല്‍ ഫ്രാന്‍സ് കിരീടമണിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ആറ് മത്സരങ്ങളിലും താരം കളിച്ചു. ഖത്തര്‍ ലോകകപ്പില്‍ സെമിഫൈനല്‍ മത്സരം ഇത്തവണത്തെ താരത്തിന്റെ അഞ്ചാം മത്സരമാണ്. ടുണീഷ്യക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ താരം കളിച്ചിരുന്നില്ല.
കഴിഞ്ഞ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ ടീമിനെ നയിച്ചതും ലോറിസ് ആയിരുന്നു. ഇത്തവണയും ഫൈനലിലെത്തി തുടര്‍ച്ചയായി രണ്ടാം തവണയും നായകനായി കപ്പുയര്‍ത്താനുള്ള അവസരം ലോറിസിന്
മുന്നിലുണ്ട്.
Content Highlights: hugo lloris, manuel neuer