എമിലിയാനോ മാർട്ടിനെസ്സിനെ കുറ്റപ്പെടുത്താനാവില്ല, പിന്തുണച്ച് പരിശീലകന്‍

Photo: Getty Images
Photo: Getty Images

ലണ്ടന്‍: 2022 ഖത്തര്‍ ലോകകപ്പ് സമ്മാനദാനച്ചടങ്ങില്‍ വിവാദത്തിന് തിരികൊളുത്തിയ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്സിനെ പിന്തുണച്ച് ആസ്റ്റണ്‍ വില്ല പരിശീലകന്‍ ഉനായ് എമെറി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ പ്രധാന ഗോള്‍ കീപ്പറാണ് എമിലിയാനോ മാര്‍ട്ടിനെസ്. 

അര്‍ജന്റീന കിരീടം നേടിയശേഷം മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം എമിലിയാനോയ്ക്കാണ് ലഭിച്ചത്. പുരസ്‌കാരം ലഭിച്ചശേഷം എമിലിയാനോയുടെ ആഘോഷപ്രകടനം അതിരുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് വിവാദങ്ങള്‍ തലപൊക്കി. താരത്തിനെതിരേ നിരവധിപേര്‍ രംഗത്തെത്തി. 

എന്നാല്‍ എമിലിയാനോയെ കുറ്റപ്പെടുത്താനാവില്ലെന്ന് എമെറി വ്യക്തമാക്കി. ആസ്റ്റണ്‍ വില്ല നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് എമെറി ഇക്കാര്യമറിയിച്ചത്. ' ഇത്രയും വലിയ അംഗീകാരം നേടുമ്പോള്‍ സ്വാഭാവികമായും നമുക്ക് വികാരങ്ങളെ നിയന്ത്രിക്കാനാവില്ല. അദ്ദേഹത്തിന്റെ അതിരുവിട്ട ആഘോഷങ്ങളെ നിയന്ത്രിക്കാന്‍ ഞാന്‍ ആവശ്യപ്പെടാം. എമിലിയാനോയോട് എനിക്ക് ഏറെ ബഹുമാനമുണ്ട്. ആസ്റ്റണ്‍ വില്ലയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ അദ്ദേഹം അതിരുവിട്ട ആഘോഷം നടത്താതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും' എമെറി വ്യക്തമാക്കി. 

കിരീടം നേടിയശേഷം എമിലിയാനോ ലണ്ടനിലെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 26 ന് ലിവര്‍പൂളിനെതിരേ ആസ്റ്റണ്‍ വില്ലയ്ക്ക് മത്സരമുണ്ട്. 

Content Highlights: fifa world cup 2022, emiliano martinez, emiliano martinez celebration, argentina football, sports