ത്രില്ലര്‍ പോരാട്ടത്തിനൊടുക്കം സെര്‍ബിയയെ കീഴടക്കി; സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍ (2-3)

photo: Getty Images
photo: Getty Images

ദോഹ: ആവേശം പാരമ്യത്തിലെത്തിയ ത്രില്ലര്‍ പോരാട്ടത്തിനൊടുക്കം സ്വിസ്സ് പട ചിരിച്ചു. സെര്‍ബിയ നിരാശയോടെ മടങ്ങി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞുനിന്ന പോരാട്ടമായിരുന്നു സ്‌റ്റേഡിയം 974-ല്‍ കണ്ടത്. ഒടുക്കം സെര്‍ബിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് അവസാന പതിനാറിലെത്തി.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ബ്രസീലിനും ആറ് പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പട്ടികയില്‍ മുന്നിലെത്തി. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റോടെ പട്ടികയില്‍ അവസാനസ്ഥാനത്താണ് സെര്‍ബിയ. സെര്‍ബിയ ഒരു മത്സരം പോലും വിജയിക്കാതെയാണ് ലോകകപ്പില്‍ നിന്ന് പുറത്തായത്. 

മത്സരം ആരംഭിച്ച് 30 സെക്കന്റിനുള്ളില്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയന്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഇരച്ചെത്തി. ഗ്രാനിറ്റ് ഷാക്ക, എംബോളോ എന്നിവരുടെ ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ സെര്‍ബിയന്‍ ഗോള്‍കീപ്പര്‍ മിലിങ്കോവിച്ച് സാവിക് തടുത്തിട്ടു. 

പിന്നീട് സെര്‍ബിയ താളം കണ്ടെത്തി. മുന്നേറ്റങ്ങളുമായി നിരന്തരം സ്വിസ്സ് ബോക്‌സില്‍ കയറിയിറങ്ങി. എന്നാല്‍ 20-ാം മിനിറ്റില്‍ കിടിലന്‍ മുന്നേറ്റങ്ങള്‍ക്കൊടുക്കം സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. ഇടത് വിങ്ങില്‍ നിന്നുള്ള റികാര്‍ഡോ റോഡ്രിഗസിന്റെ ക്രോസ്സ് ഫലപ്രദമായി ക്ലിയര്‍ ചെയ്യുന്നതില്‍ സെര്‍ബിയക്ക് പിഴച്ചു. പന്ത് കിട്ടിയ ജിബ്രില്‍ സൗ ഷാക്കിരിക്ക് പാസ് കൊടുത്തു. ഷാക്കിരി പന്ത് അനായാസം വലയിലാക്കി.

നിരന്തരം ആക്രമണങ്ങള്‍ തുടര്‍ന്ന സെര്‍ബിയ 26-ാം മിനിറ്റില്‍ തിരിച്ചടിച്ചു. സ്‌ട്രൈക്കര്‍ മിട്രോവിച്ചാണ് ഗോള്‍ നേടിയത്. ഇടത് വിങ്ങില്‍ നിന്ന് ഡൂസാന്‍ ടാഡിക് നല്‍കിയ ക്രോസ്സില്‍ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെ മിട്രോവിച്ച് പന്ത് വലയിലെത്തിച്ചു.

പത്ത് മിനിറ്റനകം സെര്‍ബിയ വീണ്ടും വലകുലുക്കി. ഇത്തവണ ഡൂസാന്‍ വ്‌ളാഹോവിച്ചാണ് ഗോള്‍ നേടിയത്. പെനാല്‍റ്റി ബോക്‌സില്‍ ഗംഭീരമായൊരു ഇടം കാലന്‍ ഷോട്ടിലൂടെയാണ് വ്‌ളാഹോവിച്ച് സെര്‍ബിയക്ക് ലീഡ് നല്‍കിയത്. 

ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്വിറ്റ്‌സര്‍ലന്‍ഡ് തിരിച്ചടിച്ചു. സെര്‍ബിയന്‍ പ്രതിരോധത്തെ ഭേദിച്ച വലത് വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ്സ് സ്‌ട്രൈക്കര്‍ എംബോളോ അനായാസം ഗോളാക്കി മാറ്റി. ആദ്യ പകുതി ഇരുടീമുകളും രണ്ട് വീതം ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. റെമോ ഫ്ര്യൂളറാണ് സ്വിസ്സ് പടയെ മുന്നിലെത്തിച്ചത്. മധ്യനിരയില്‍ ഷാക്കിരി ബോക്‌സിലേക്ക് നീട്ടിയ പന്ത് വര്‍ഗാസ് മനോഹരമായൊരു ബാക്ക്ഹീല്‍ പാസ്സ് നല്‍കി. ഓടിവന്ന ഫ്ര്യൂളര്‍ ഉഗ്രന്‍ ഷോട്ടിലൂടെ പന്തിനെ വലയിലെത്തിച്ചു.

പിന്നീടങ്ങോട്ട് സമനിലഗോളിനായി സെര്‍ബിയ ആക്രമണങ്ങള്‍ തുടര്‍ന്നു. ഒരു ഗോള്‍ കൂടി നേടി ജയം അരക്കെട്ടുറപ്പിക്കാന്‍ സ്വിസ്സ് പടയും മുന്നേറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷേ ഗോള്‍ മാത്രം അകന്നു നിന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....
 

Content Highlights: Serbia vs Switzerland Live Score, FIFA World Cup 2022