മെസ്സി, എംബാപ്പെ, അല്‍വാരെസ്, ജിറൂഡ്... ആര്‍ക്കും കിട്ടാം, ഗോള്‍ഡന്‍ ബൂട്ട്

ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, ജൂലിയന്‍ അല്‍വാരെസ്, ഒളിവര്‍ ജിറൂഡ്
ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, ജൂലിയന്‍ അല്‍വാരെസ്, ഒളിവര്‍ ജിറൂഡ്

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫൈനല്‍, ലൂസേഴ്സ് ഫൈനല്‍ മത്സരങ്ങള്‍ മാത്രം ശേഷിക്കെ ആ ചോദ്യം ഉയരുകയാണ് -ആര്‍ക്കായിരിക്കും ഇത്തവണ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം? ഒന്നിലധികം താരങ്ങള്‍ ഈ മത്സരത്തിലുള്ളതാണ് ആകാംക്ഷ ഫൈനല്‍വരെ നീളുന്നത്. ഫൈനലില്‍ ഏറ്റുമുട്ടുന്ന രണ്ടുടീമുകളിലെ രണ്ടുവീതം താരങ്ങളാണ് പട്ടികയില്‍ മുന്നിലുള്ളത്.

അഞ്ചുഗോളുമായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയുമാണ് ഈ മത്സരത്തില്‍ മുന്നില്‍. നാലുവീതം ഗോളുമായി അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാരെസും ഫ്രാന്‍സിന്റെ ഒളിവര്‍ ജിറൂഡും പിന്നാലെയുണ്ട്. ഫൈനല്‍ കഴിഞ്ഞാലേ ചിത്രം വ്യക്തമാകൂ. കഴിഞ്ഞ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ഹാരി കെയ്നിനായിരുന്നു. 2014-ല്‍ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസിനും.

തുല്യരായാല്‍

ഗോള്‍നേട്ടത്തില്‍ ഒന്നിലധികം താരങ്ങള്‍ തുല്യത പാലിച്ചാല്‍ കൂടുതല്‍ ഗോള്‍ അസിസ്റ്റുള്ള താരം പുരസ്‌കാരം നേടും. ഇതിനുശേഷവും തുല്യതയാണെങ്കില്‍ കളിച്ച മിനിറ്റുകള്‍ നോക്കിയായിരിക്കും തീരുമാനം. കുറഞ്ഞ സമയം കളിച്ച് കൂടുതല്‍ ഗോള്‍ നേടിയവര്‍ക്കായിരിക്കും പുരസ്‌കാരം. ഈ ലോകകപ്പില്‍ ഇതുവരെയുള്ള പ്രകടനത്തില്‍ മെസ്സിയാണ് മുന്നില്‍. മെസ്സിക്ക് അഞ്ചു ഗോളിനു പുറമേ മൂന്ന് അസിസ്റ്റുകളുമുണ്ട്. എംബാപ്പേക്ക് അഞ്ചുഗോളും രണ്ട് അസിസ്റ്റും.

ഗോള്‍ഡന്‍ ബോള്‍

ലോകകപ്പിലെ മികച്ച കളിക്കാരനു നല്‍കുന്ന പുരസ്‌കാരം. ഫിഫ ടെക്നിക്കല്‍ കമ്മിറ്റി തയ്യാറാക്കുന്ന കളിക്കാരുടെ പട്ടികയില്‍നിന്ന് ലോകമെങ്ങുമുള്ള മാധ്യമപ്രതിനിധികള്‍ വോട്ടെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഈ പുരസ്‌കാരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിനായിരുന്നു. 2014-ല്‍ ലയണല്‍ മെസ്സിക്കും.

Content Highlights: Who will win Golden Boot if Lionel Messi and Kylian Mbappe are tied in number of goals?