മിഡ്ഫീല്‍ഡ് ശൂന്യമാകുമ്പോള്‍...

#പി.ടി. ബേബി
Luka Modric | Photo: Frank Augstein/ AP
Luka Modric | Photo: Frank Augstein/ AP

ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലോക ഫുട്ബോളില്‍ മദിച്ചുനടന്ന കാലത്തുതന്നെയാണ് ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയ്‌ക്കൊപ്പം മേഞ്ഞുനടന്നത്. മറ്റ് രണ്ടുപേരെപ്പോലെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും മോഡ്രിച്ച് വ്യത്യസ്തനായി. മനസ്സിലും മിഡ്ഫീല്‍ഡിലും തന്ത്രങ്ങള്‍ മെനഞ്ഞ് നിശ്ശബ്ദവിപ്ലവം സൃഷ്ടിച്ചു. ലോക ഫുട്ബോളില്‍ ക്രൊയേഷ്യ ഇപ്പോള്‍ നെഞ്ചുവിരിച്ചുനില്‍ക്കുന്നതിന് പിന്നില്‍ സൗമ്യനായ ഈ മനുഷ്യനാണ്. ക്രിസ്റ്റ്യാനോ സര്‍വം തകര്‍ന്നവനെപ്പോലെ ലോകവേദിയില്‍നിന്ന് മടങ്ങി. മെസ്സി ആത്യന്തിക ഭൗതികമഹത്വം പ്രതീക്ഷിച്ച് ഫൈനലിന് ഒരുങ്ങുന്നു. മോഡ്രിച്ചിന് ശനിയാഴ്ചയാണ് യാത്രയയപ്പ്. മൂന്നാംസ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടം കഴിഞ്ഞാല്‍ 37-കാരനായ മോഡ്രിച്ച്, താന്‍ വിഹരിച്ച ലോകകപ്പിനോട് അഭിമാനത്തോടെ വിടചൊല്ലും.

2018 റഷ്യ ലോകകപ്പ് ഫുട്ബോള്‍ റിപ്പോര്‍ട്ടിങ്ങിനിടെ ഏറ്റവും കൂടുതല്‍കണ്ട മത്സരങ്ങള്‍ ക്രൊയേഷ്യയുടേതാണ്. അന്ന് ഗ്രൂപ്പ് ഡി.യില്‍ ക്രൊയേഷ്യ, നൈജീരിയ, ഐസ്ലന്‍ഡ് ടീമുകള്‍ക്കൊപ്പമായിരുന്നു അര്‍ജന്റീന. അര്‍ജന്റീനയും ബ്രസീലും മുന്നേറുമെന്ന് കരുതിയ വഴികളിലൂടെ മാസങ്ങള്‍ക്കുമുമ്പേ യാത്ര നിശ്ചയിച്ചു. അന്നങ്ങനെ വേണമായിരുന്നു. ലോകകപ്പ്് നടക്കുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. മോസ്‌കോയില്‍നിന്ന് മറ്റൊരു വേദിയായ സോച്ചിയിലേക്ക് 1366 കിലോമീറ്ററാണ് ദൂരം. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ എത്തുമെന്ന കണക്കുതെറ്റി. ക്രൊയേഷ്യ ഒന്നാം സ്ഥാനക്കാരും അര്‍ജന്റീന രണ്ടാം സ്ഥാനക്കാരുമായി. അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരായിരുന്നെങ്കില്‍ അവരുടെ പ്രീക്വാര്‍ട്ടര്‍ നിഷ്നി നവ്ഗറോദിലാകുമായിരുന്നു. രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീന അവിടേക്ക് വന്നില്ല. കസാനില്‍ ഫ്രാന്‍സിനോടേറ്റുമുട്ടി തകര്‍ന്നുവീണു. മെസ്സി റൊസാരിയോയിലേക്ക് മടങ്ങി.

നിഷ്നിയില്‍ ക്രൊയേഷ്യ-ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടര്‍. അന്നാണ് ആദ്യമായി ലൂക്കാ മോഡ്രിച്ചിനെ നേരില്‍ക്കാണുന്നത്. സമൃദ്ധമായ ക്രൊയേഷ്യന്‍ ഗാലറികള്‍ക്ക് മുന്നിലേക്കാണ് ഗ്രൗണ്ടിലിറങ്ങിയാല്‍ മോഡ്രിച്ച് ആദ്യം വരുക. അവരെ നമസ്‌കരിക്കും. 'ക്രൊ ആസിയ...ക്രൊ ആസിയ...' വിളികള്‍ സ്റ്റേഡിയത്തില്‍ ഇരമ്പും. ലയണല്‍ മെസ്സി പുറത്തുപോയതിന്റെ മുറിവിനെ ഉണക്കാനുള്ള ഔഷധമൊന്നുമായിരുന്നില്ല മോഡ്രിച്ച്. പക്ഷേ, നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. ആരാധകരും മോഡ്രിച്ചും മുഖാമുഖം വരുന്നത് വികാരനിര്‍ഭരമാണ്.

ഫൈനലില്‍ മോഡ്രിച്ച് തന്നെയായിരുന്നു കേന്ദ്രബിന്ദു. ക്രൊയേഷ്യ കിരീടം നേടുമോ? സോഷ്യലിസം കുറച്ചുകാലം ആസ്വദിച്ച നാടായ റഷ്യയിലല്ലേ ലോകകപ്പ്. ലോക ഫുട്ബോളിലും അത് കടന്നുവരട്ടെയെന്നോര്‍ത്തു. എട്ട് രാജ്യങ്ങള്‍ മാത്രമാണ് ലോകകപ്പില്‍ കിരീടം നേടിയിട്ടുള്ളത്. പുതിയൊരു ചാമ്പ്യന്‍ വരട്ടെ. പക്ഷേ, ടി.എസ്. എലിയറ്റ് പറഞ്ഞ 'അഭിരുചികളെ തിരുത്തല്‍' ഫൈനലില്‍ നടക്കാതെപോയി.

ക്രൊയേഷ്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുറിവേറ്റതാണ് മോഡ്രിച്ചിന്റെ കുട്ടിക്കാലം. മുത്തച്ഛനെ സെര്‍ബ് റിബലുകള്‍ വധിച്ചു. വീട് ചുട്ടെരിക്കപ്പെട്ടു. ജന്‍മനാട് വിട്ടോടേണ്ടിവന്നു. അഭയാര്‍ഥിയായി. ആ സ്ഥിതിയില്‍നിന്നാണ് ലോക ഫുട്ബോളിന്റെ രാജത്വത്തിലേക്ക് മോഡ്രിച്ച് ചുവടുവെച്ചെത്തിയത്. മൃദുഭാഷിയും വിനയാന്വിതനുമായ മനുഷ്യന്‍. കോലാഹലങ്ങള്‍ക്ക് പിന്നാലെ പോകാതെ ഒതുങ്ങിക്കൂടിയുള്ള ജീവിതം. എല്ലാവരെയുംകൊണ്ട് നല്ലത് പറയിപ്പിച്ച വ്യക്തിത്വം. മോഡ്രിച്ചിനോട് ലോകവേദി എങ്ങനെയാവും വിട പറയുക?
 

Content Highlights: Luka Modric, exit of an icon