മുന്നില്‍ മൂന്നാം കിരീടം, ഗോള്‍ഡന്‍ ബൂട്ടിനും ബോളിനും ഫൈനല്‍, മെസ്സിസം പൂര്‍ണമാകുമോ?

മെസ്സിക്ക് ഫൈനല്‍. ഗോള്‍ഡന്‍ ബൂട്ടിനും ബോളിനും ഫൈനല്‍. ചാമ്പ്യന്മാര്‍ കപ്പ് നിലനിര്‍ത്താന്‍ ഇറങ്ങുന്നു. 32 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇതിലും മികച്ചൊരു സുവര്‍ണാവസരം അര്‍ജന്റീനയ്ക്കില്ല. ആര് ജയിച്ചാലും അത് അവരുടെ മൂന്നാം കിരീടമാകും. ഒത്തിണക്കമുള്ള ആക്രമണവും ഇഴപിരിയാത്ത പ്രതിരോധവും ഒന്നിച്ചവര്‍ തന്നെയാണ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇളകാത്ത പ്രതിരോധ കോട്ട പൊളിച്ചാണ് അര്‍ജന്റീനയും ഫ്രാന്‍സും മൂന്നാം കിരീടത്തിന് കച്ചകെട്ടുന്നത്. എതിരാളികള്‍ക്ക് മുന്നില്‍ കുലുങ്ങാത്ത മൊറോക്കന്‍ ഗോള്‍ വല ഫ്രഞ്ച് പട രണ്ട് തവണ കുലുക്കി. പ്രതിരോധം മാത്രം
പോര മികച്ച ഫിനിഷറും വേണമെന്ന് അറ്റ്‌ലസ് ലയണ്‍സ് തിരിച്ചറിഞ്ഞ രാത്രി.
മെസ്സിസം നിറഞ്ഞാടുന്ന അര്‍ജന്റീന ഇത്തവണയെങ്കിലും കിരീടത്തില്‍ മുത്തമിടുമോ? മാറഡോണയെ സ്‌നേഹിച്ച തലമുറ മുതല്‍ മെസ്സിയുടെ ഇന്ദ്രജാലം കണ്ട് അണിചേര്‍ന്ന തലമുറയും താരസിംഹാസനങ്ങളില്‍ ഒഴിവ് വന്നപ്പോള്‍ ടീമിനെ പലതും കൈയൊഴിഞ്ഞ് ചേരിമാറിയവരും അടക്കം കേഡര്‍ സംഘടനയെ പോലെ വിപുലമായ ആരാധകവൃന്ദമുള്ള അര്‍ജന്റീന. മാറഡോണയ്‌ക്കൊപ്പം പ്രതിഷ്ഠിക്കാന്‍ മിശിഹയ്ക്ക് ഈ കിരീടം കൂടി മതി അവര്‍ക്ക്. ഗോളടിക്കുന്നതിലും ഗോളവസരം സൃഷ്ടിക്കുന്നതിലും പ്രതിരോധത്തിന് തണലൊരുക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന മെസ്സി കംപ്ലീറ്റ് ഫുട്‌ബോളറായി ലോകകപ്പിനോട് വിടപറയാന്‍ ഒരുങ്ങുന്നു. കപ്പുമായി അത് രാജകീയമാക്കാന്‍ മെസ്സിയുടെ പടയാളികള്‍.
തോറ്റു തുടങ്ങിയ അര്‍ജന്റീന ഏറ്റവും മികച്ച കളി പുറത്തെടുത്തത് സെമിയിലായിരുന്നു. കുലുങ്ങാത്ത ക്രൊയേഷ്യ പകച്ചുപോയ കളി. ഓരോ കളി കഴിയുമ്പോഴും തികവിലേക്ക് ഉയരുന്നു. പിഴവുകള്‍ കുറഞ്ഞു വരുന്നു. പുതിയ ഫോര്‍മേഷനുകള്‍ വിജയം കാണുന്നു. റിസര്‍വ് ബഞ്ച് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്ന് ഓരോ അര്‍ജന്റീനന്‍ താരവും കരുതുന്നു. അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ശാപം മാറി, കിട്ടുന്ന അവസരങ്ങള്‍ ഗോളാക്കിയാണ് ഫൈനല്‍ വരെ എത്തിയത്.
ഫ്രാന്‍സിന്റെ കളി നിര്‍വചിക്കാനാകാത്തതാണ്. എംബാപ്പെയുടെ വേഗം. ജിറൗഡിന്റെ കൃത്യത. ഗ്രീസ്മാന്റെ അളന്നുമുറിച്ച പാസുകള്‍. എംബാപ്പെയും ഡെംബലയും ഇരുവിങ്ങിലും ആക്രമണം നയിക്കുന്നു. ജിറൗഡും എംബാപ്പെയും ഉജ്ജ്വല ഫോമില്‍. തിയറി ഒന്റിയെ മറികടന്നാണ് ജിറൗഡ് ശോഭിക്കുന്നത്. 2018 -ല്‍ ഫ്രാന്‍സ് ചാമ്പ്യന്മാരായപ്പോള്‍ ഒരു കളിയിലും സ്‌കോര്‍ ചെയ്യാനാകാതെ പോയ സ്‌ട്രൈക്കര്‍ കിരീടവുമായി ലോകകപ്പിനോട് വിടപറയാന്‍ നില്‍ക്കുന്നു. ഓര്‍ക്കുക ബെന്‍സമയുടെ ഇടമാണ് ജിറൗഡ് നികത്തുന്നത്. എംബാപ്പെയ്ക്ക് വേഗപ്പൂട്ടിടുന്നത് ഫൈനലില്‍ നിര്‍ണായകമാകും. അത് തീര്‍ച്ച.
സ്‌ട്രൈക്കര്‍മാരാണ് പ്രീക്വാര്‍ട്ടര്‍ വരെ അവരുടെ തേര് തെളിച്ചത്. ക്വാര്‍ട്ടറില്‍ എംബാപ്പെയേയും ജിറൗഡിനേയും വരിഞ്ഞുമുറുക്കിയപ്പോള്‍ ചൗമിനി അവതരിച്ചു. സെമിയില്‍ ഹെര്‍ണാണ്ടസിന്റെ അക്രോബാറ്റിക് ഷോട്ടും പകരക്കാരന്‍ കോളോ മുവാനിയും ലക്ഷ്യം കണ്ടു. അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഫ്രാന്‍സിനെ പോലെ ഈ ലോകകപ്പില്‍ മറ്റൊരു ടീമില്ല. സ്‌ട്രൈക്കര്‍മാരെ പൂട്ടിയാല്‍ പിന്നില്‍ നിന്ന് ആള് വരും സ്‌കോര്‍ ചെയ്യാന്‍. ആരാകും നിറയൊഴിക്കാനെത്തുക എന്ന് എതിരാളിക്ക് അറിഞ്ഞ് തന്ത്രമൊരുക്കാനാകില്ല. അര്‍ധാവസരങ്ങള്‍ പോലും വലയിലെത്തിക്കുന്ന കൃത്യതയാണ് അവരുടെ പ്ലസ് പോയന്റ്.
വേഗത്തിനൊപ്പം ശാരീരിക മികവും ഫ്രാന്‍സിന് കളിയായുധമാണ്. ഇംഗ്ലണ്ടിനെതിരെ രണ്ട് തവണ പെനാല്‍റ്റി വഴങ്ങിയ ടീമിന്റെ പരുക്കന്‍ കളിക്ക് വേറെ ഉദാഹരണം വേണ്ട. മെസ്സി കരിയര്‍ പൂര്‍ണമാക്കാന്‍ കൊതിക്കുമ്പോള്‍ അപൂര്‍വ്വ റെക്കോഡിനൊപ്പമെത്താന്‍ ഫ്രഞ്ച് കോച്ച് ദെഷാംസിനും ഇത് ഫൈനലാണ്. 1998 ല്‍ ഫ്രാന്‍സ് ആദ്യമായി ലോകചാമ്പ്യന്മാരായപ്പോള്‍ ദെഷാംസായിരുന്നു സുവര്‍ണതലമുറയുടെ നായകന്‍. 2018ല്‍ കോച്ചായി രണ്ടാം കിരീടം. ബ്രസീലിന്റെ മരിയോ സഗല്ലോയ്ക്കും ഇതിഹാസ താരം ബെക്കന്‍ബോവറിനും ശേഷം നായകനായും കോച്ചായും ലോകകിരീടം നേടിയ വ്യക്തി. ഫ്രാന്‍സ് കിരീടം നിലനിര്‍ത്തിയാല്‍ ദെഷാംസ് അതുക്കും മേലെ തലയുയര്‍ത്തി നില്‍ക്കും. ആധുനിക ഫുട്‌ബോള്‍യുഗത്തില്‍ ഏറ്റവും മികച്ച പരിശീലകനായാണ് ദെഷാംസ് അറിയപ്പെടുന്നത്. ഇംഗ്ലീഷ് തിരിച്ചുവരവിന് വഴിയൊരുക്കിയ സൗത്ത് ഗേറ്റും മൊറോക്കോയുടെ അദ്ഭുതങ്ങള്‍ക്ക് കാരണക്കാരനായ റെഗാഗിയും എല്ലാം സമ്മതിക്കുന്നു. ദെഷാംസാണ് താരം.
സുവര്‍ണാ പാദുകവും സുവര്‍ണ താരവും ആരാകും
മെസ്സിയോ എംബാപ്പെയോ? സെമി പിന്നിടുമ്പോള്‍ ഒരു അസിസ്റ്റിന് മുന്നിലാണ് മെസ്സി. ഫലത്തില്‍ ഗോള്‍ഡന്‍ ബോളും ബൂട്ടും ഫൈനലിലാണ് മാറ്റുരക്കുന്നത്. അഞ്ച് ഗോളും മൂന്ന് അസിസ്റ്റും മെസ്സിക്ക്. അഞ്ച് ഗോളും രണ്ട് അസിസ്റ്റും എംബാപ്പെയ്ക്ക്. നാല് ഗോളുമായി ജിറൗഡും അല്‍വാരസും പിന്നിലുണ്ട്. എരിപൊരി ഫൈനലാണ്. ഗോളും അസിസ്റ്റും തുല്ല്യമായാല്‍ ട്രൈബ്രേക്കറിലാകും ഗോള്‍ഡന്‍ ബൂട്ട് നിശ്ചയിക്കുക. അത് കുറഞ്ഞ സമയം കളിച്ചവര്‍ക്ക് അനുകൂലമാകും. ടുണീഷ്യക്കെതിരെ കളിക്കാത്ത എംബാപ്പെ അതില്‍ മുന്നിലാണ്. യുവതാരം അല്‍വാരസിനും സാധ്യതയുണ്ട്. നാല് ഗോളിനൊപ്പം ഫൈനലില്‍ സ്‌കോര്‍ ചെയ്താല്‍ ഏറ്റവും കുറഞ്ഞ സമയം കളിച്ച ആനുകൂല്യമുണ്ട്. പക്ഷേ അസിസ്റ്റില്ല ജിറൗഡിനും അല്‍വാരസിനും. 1982-ല്‍ ഗോള്‍ഡന്‍ ബൂട്ട് ഏര്‍പ്പെടുത്തിയ ശേഷം ഒരിക്കല്‍ മാത്രമാണ് ആ പുരസ്‌കാരം പങ്കിട്ടത്. 1994 -ലില്‍ റഷ്യയുടെ സെലങ്കോയും ബള്‍ഗേറിയയുടെ സ്‌റ്റോയിച്‌കോവും.
ലോകകപ്പിന്റെ താരമാകാനും(ഗോള്‍ഡന്‍ ബോള്‍) ഫൈനലിലെ പോരാട്ടം വരെ കാക്കണം. അവസാന റൗണ്ടിലുള്ളത് മെസ്സിയും എംബാപ്പെയും ഗ്രീസ്മാനും. മെസ്സിയുടെ പാസിങ് കൃത്യത 84.7 ശതമാനമാണ്. എംബാപ്പെയുടേത് 83.4. അസിസ്റ്റിന്റെ എണ്ണത്തില്‍ മെസ്സിയോടൊപ്പമാണ് ഗ്രീസ്മാന്‍. പാസിങ് കൃത്യതയില്‍ മുന്നില്‍. 85 ശതമാനം. അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ച മെസ്സിക്കായിരുന്നു 2014-ലില്‍ ഗോള്‍ഡന്‍ ബോള്‍ ലഭിച്ചത്. കഴിഞ്ഞ തവണ ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിനും ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയ്‌നുമാണ് ലഭിച്ചത്.
ചാമ്പ്യന്മാര്‍ കിരീടം നിലനിര്‍ത്തിയത് 60 വര്‍ഷം മുമ്പാണ്. കാനറികള്‍ 1958 ലും 62 ലും. അതിന് മുമ്പ് ഇറ്റലി 1934 ലിലും 38 ലും. അഞ്ച് തവണ കപ്പടിച്ച ബ്രസീല്‍ ഇത്തവണ ക്വാര്‍ട്ടറില്‍ വീണു. നാല് കിരീടം സ്വന്തം പേരിലുള്ള ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി നാടുപിടിച്ചു. നാല് തവണ ചാമ്പ്യനായ ഇറ്റലി യോഗ്യത പോലും നേടിയില്ല. രണ്ട് തവണ കപ്പുയര്‍ത്തിയ യുറഗ്വായിയും അര്‍ജന്റീനയും ഫ്രാന്‍സും. ആ പട്ടികയില്‍ നിന്ന് ഒരാളുടെ പ്രമോഷന്‍ ഞായറാഴ്ച. അവസാന ചിരി ആരുടേതാകും. മെസ്സിസ്സം പൂര്‍ണമാകുമോ. അതോ എംബാപ്പെ തന്നെയാകുമോ മിന്നും താരം. ഈ ലോകകപ്പില്‍ കണ്ട ഫ്രാന്‍സ്-ഇംഗ്ലണ്ട് മത്സരം പോലൊരു പൊരിഞ്ഞ പോരാട്ടമാകും ഞായറാഴ്ച.
ദെഷാംസ് എന്ന പരിശീലകന് കീഴില്‍ ലോകകപ്പില്‍ ഇതുവരെ ഫ്രാന്‍സ് ഷൂട്ടൗട്ട് വരെ കാര്യങ്ങള്‍ നീട്ടിയിട്ടില്ല. 2010 ലും 2014 ലിലും എക്‌സ്ട്രാ ടൈമിന്റെ അന്ത്യത്തിലാണ് വിധി കുറിക്കപ്പെട്ടത്. സെമിയില്‍ അര്‍ജന്റീന കഴിഞ്ഞ തവണത്തെ കണക്ക് ക്രൊയേഷ്യയോട് വീട്ടി. കഴിഞ്ഞ തവണ പ്രീക്വാര്‍ട്ടറില്‍ 4-3 ന് തോല്‍പ്പിച്ച കണക്ക് ഫ്രാന്‍സിനോട് അവിടെ ബാക്കിയുണ്ട്. ആ കടം വീട്ടി ഈ ഞായറില്‍ മിശിഹ വാഴ്ത്തപ്പെട്ടവനാകുമോ?
Content Highlights: world cup final, Argentina, France, messi, mbappe