ആ ലോകകപ്പില്‍ ഇന്ത്യന്‍ പതാകയ്ക്ക് പകരം ബ്രിട്ടീഷ് പതാക

ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കാന്‍ കിട്ടിയ സുവര്‍ണാവസരം ഇന്ത്യ പാഴാക്കിക്കളഞ്ഞ വര്‍ഷമായിരുന്നു 1950. ബ്രസീലില്‍ നടന്ന ലോകകപ്പിന് ഇന്ത്യയെത്തുമെന്ന് തന്നെയായിരുന്നു സംഘാടകരുടെ പ്രതീക്ഷ. അതുകൊണ്ട് ടൂര്‍ണമെന്റിനായി ഫിഫ തയ്യാറാക്കിയ പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയും അവര്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, അതില്‍ ഫിഫയ്ക്ക് പാടെ പിഴച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി മൂന്നുവര്‍ഷം കഴിഞ്ഞതും സ്വന്തമായി ഒരു പതാകയുള്ളതുമൊന്നും സംഘാടകര്‍ അറിഞ്ഞ മട്ടില്ലായിരുന്നു. ത്രിവര്‍ണപതാകയ്ക്കുപകരം അവര്‍ പ്രദര്‍ശിപ്പിച്ചത് ബ്രിട്ടീഷ് ഭരണകാലത്തെ പതാക.
ബ്രിട്ടീഷ് ഭരണകാലത്ത് യൂണിയന്‍ ജാക്ക് എന്ന പ്രധാന പതാകയ്‌ക്കൊപ്പം ഔദ്യോഗികാവശ്യങ്ങള്‍ക്കായി മറ്റൊരു പതാകയും രൂപകല്പന ചെയ്തിരുന്നു. യൂണിയന്‍ ജാക്ക് മൂലയിലും സ്റ്റാര്‍ ഓഫ് ഇന്ത്യ നടുവിലുമായി ചിത്രീകരിക്കുന്ന ഇത് പല കത്തിടപാടുകളിലും ബ്രിട്ടീഷ് ഭരണകൂടം ഉപയോഗിച്ചു വന്നു. അപൂര്‍വം ചില ഉന്നതോദ്യോഗസ്ഥരുടെ കാര്യാലയങ്ങളില്‍ ഈ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നുവെന്ന് കൊല്‍ക്കത്ത സ്വദേശിയും വെക്‌സിലോളജിസ്റ്റുമായ (പതാകകളുടെ വിദഗ്ധന്‍) ശേഖര്‍ ചക്രവര്‍ത്തി പറയുന്നു. 1879 മുതല്‍ 1947 വരെയാണ് ഈ പതാക നിലവിലുണ്ടായിരുന്നത്. പോസ്റ്റര്‍ തയ്യാറാക്കിയവര്‍ കൃത്യമായി ഗൃഹപാഠം ചെയ്യാതെ ഇത് ഇന്ത്യന്‍ പതാകയായി തെറ്റിദ്ധരിച്ച് പോസ്റ്ററിലുള്‍പ്പെടുത്തിയതാകാമെന്നാണ് അനുമാനം.
ഇന്നത്തെ അപേക്ഷിച്ച് ലോകകപ്പ് ഫുട്ബോളിന് അത്രവലിയ ജനപ്രീതിയും മാധ്യമശ്രദ്ധയും ഇല്ലാതിരുന്നതിനാല്‍ ഇന്ത്യ പങ്കെടുക്കാഞ്ഞതോ ഇന്ത്യയുടെ പതാക തെറ്റായി അവതരിപ്പിച്ചതോ വലിയ ചര്‍ച്ചയായില്ല. തെറ്റായ പതാക നല്‍കിയതിന് നയതന്ത്രതലത്തില്‍ ഇന്ത്യ പ്രതിഷേധമൊന്നും അറിയിച്ചിരുന്നതായി സൂചനയില്ല. പോസ്റ്ററില്‍ ഒരു സോക്‌സിലാണ് പതാകകള്‍ ആലേഖനം ചെയ്തിരുന്നത്. ഇതില്‍ നന്നേ ചെറുതായിട്ടാണ് ഇന്ത്യയുടേതായി തെറ്റായി ചിത്രീകരിച്ച പതാകയുള്ളത്.
രണ്ട് കാരണങ്ങളെച്ചൊല്ലിയാണ് ലോകകപ്പ് സംഘാടകരും ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതരും തുടക്കംമുതലേ ഇടഞ്ഞത്. സോക്‌സ്മാത്രം ധരിച്ചാണ് ഇന്ത്യന്‍ കളിക്കാര്‍ അക്കാലത്ത് ഗ്രൗണ്ടിലിറങ്ങിയിരുന്നത്. ഷൂസ് ധരിക്കണമെന്ന് ഫിഫ നിഷ്‌കര്‍ഷിച്ചിരുന്നു. ഇത് ഇന്ത്യന്‍ കളിക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഘടകമായിരുന്നു. ഇത് പ്രശ്‌നമല്ലെന്നു വെച്ചാല്‍ത്തന്നെയും പങ്കെടുക്കാനുള്ള യാത്രച്ചെലവ് കണ്ടെത്തുകയെന്നതായിരുന്നു പ്രധാന കടമ്പ. ടീമിനെ കയ്റോയില്‍ എത്തിക്കണമെന്നും അവിടെ നിന്നും തിരിച്ചുമുള്ള കപ്പല്‍യാത്രാക്കൂലിയായി അന്നത്തെ ഒരു ലക്ഷം രൂപ അടയ്ക്കണമെന്നും സംഘാടകര്‍ അറിയിച്ചു.
എന്നാല്‍, കൊല്‍ക്കത്തയില്‍ നിന്ന് കയറ്റുകയും അവിടെത്തന്നെ തിരിച്ചെത്തിക്കുകയും വേണമെന്ന്് ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതര്‍ നിര്‍ബന്ധം പിടിച്ചു. ഇത് സംഘാടകര്‍ സമ്മതിച്ചു. യാത്രാമാര്‍ഗം മാറ്റിയതിനാല്‍ ചെലവ് 60,000 രൂപയായി കുറയുകയും ചെയ്തു. പക്ഷേ, എന്നിട്ടും അന്ന് ആ തുക സംഘടിപ്പിക്കാന്‍ എ.ഐ.എഫ്.എഫിന് കഴിഞ്ഞില്ല. കൊല്‍ക്കത്തയില്‍ കളിക്കാര്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുകവരെ ചെയ്‌തെങ്കിലും യാത്ര നടന്നില്ല. അങ്ങനെ വിഖ്യാതമായ മാരക്കാനയില്‍ ലോകത്തിന് മുമ്പാകെ ഇന്ത്യന്‍ ഫുട്ബോളിനെ അവതരിപ്പിക്കാനുള്ള അവസരം പൊലിഞ്ഞു.
സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്തെ മ്യൂസിയത്തില്‍ 1950-ലെ ലോകകപ്പിന്റെ പോസ്റ്റര്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്ന് ശേഖര്‍ ചക്രവര്‍ത്തി പറഞ്ഞു. പോസ്റ്ററിന്റെ ചെറുപതിപ്പും അത് ആലേഖനം ചെയ്ത് യുറഗ്വായ് പുറത്തിറക്കിയ രണ്ട് സ്റ്റാമ്പുകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്.
Content Highlights: fifa world cup 1950, indian flag