വഴി കഠിനം, തന്ത്രങ്ങള്‍ ലളിതം; ഫ്രാന്‍സും അര്‍ജന്റീനയും ഫൈനലിലെത്തിയ വഴികള്‍

ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിലേക്കുള്ള അര്‍ജന്റീനയുടെ വഴി കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ആദ്യകളിയിലെ തോല്‍വിയാണ് മുന്നോട്ടുള്ള യാത്ര കഠിനമാക്കിയത്. ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലുമാണ് കടുത്ത പരീക്ഷണത്തെ നേരിട്ടത്. കിരീടപ്പോരാട്ടത്തിലേക്കുള്ള വഴി ഇരുടീമുകളും തുറന്നെടുത്തത് ചില വിജയകരമായ തന്ത്രങ്ങളിലൂടെയാണ്.
പന്ത് ഒഴിവാക്കി ദെഷോം
ഈ ലോകകപ്പിലെ പ്രബലരായ എതിരാളികള്‍ക്കെതിരേ കളിച്ചപ്പോഴേല്ലാം ഫ്രാന്‍സിന്റെ ബോള്‍ പൊസഷന്‍ കുറവായിരുന്നു. എതിരാളികള്‍ക്ക് പന്ത് വിട്ടുനല്‍കി പകരം സ്പേസ് അടച്ച് കളിക്കുകയും വേഗമേറിയ പ്രത്യാക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന തന്ത്രം മുമ്പും ദെഷോം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഖത്തറില്‍ ഡെന്‍മാര്‍ക്ക്, ഇംഗ്ലണ്ട്, മൊറോക്കോ ടീമുകള്‍ക്കെതിരേ ദെഷോം ഈ തന്ത്രം വീണ്ടും പുറത്തെടുത്തു. മൊറോക്കോക്കെതിരേ 39 ശതമാനം മാത്രമാണ് ഫ്രാന്‍സിന്റെ ബോള്‍ പൊസഷന്‍.
ദെഷോമിന്റെ രണ്ടാമത്തെ തന്ത്രം അന്റോയിന്‍ ഗ്രീസ്മാനെ മധ്യനിരയില്‍ കളിപ്പിച്ചതാണ്. ഈ ലോകകപ്പിലെ ഏറ്റവും വിജയകരമായ നീക്കമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രീസ്മാന്റെ ലോകകപ്പിലെ ശരാശരി ഷോട്ട് നിരക്ക് ഒന്ന് മാത്രമാണ്. എന്നാല്‍, ടാക്ള്‍ നിരക്ക് 1.8 ആണ്. ഫ്രഞ്ച് ടീമിന്റെ ആക്രമണത്തിനും പ്രതിരോധത്തിനും ഇടയിലുള്ള പാലമാണ് ഗ്രീസ്മാന്‍. ഫൈനലില്‍ ഗ്രീസ്മാന്റെ പ്രകടനം മത്സരഫലത്തില്‍ നിര്‍ണായകമാകും.
സ്‌കലോനിയുടെ ആദ്യ ഇലവന്‍
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെ മത്സരത്തില്‍ പോളണ്ടിനെതിരേ അതിനിര്‍ണായക മത്സരത്തിലാണ് അര്‍ജന്റീനാ പരിശീലകന്‍ ലയണല്‍ സ്‌കലോനി ഒരു വിജയ ഇലവനെ രൂപപ്പെടുത്തുന്നത്. ആദ്യ രണ്ട് കളികളിലെ പാളിച്ചകളില്‍നിന്ന് പഠിച്ച പാഠങ്ങളോടെ മുന്നേറ്റത്തില്‍ ജൂലിയന്‍ അല്‍വാരസ്, മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മെക്കാലിസ്റ്റര്‍ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തില്‍ പങ്കുവഹിച്ച മൂന്നുതാരങ്ങളും ആദ്യ ഇലവനില്‍വന്ന ആദ്യ കളികൂടിയായിരുന്നു ഇത്. അതിനുശേഷംനടന്ന മൂന്ന് നോക്കൗട്ട് മത്സരങ്ങളിലും മൂന്ന് താരങ്ങളും ആദ്യ ഇലവനില്‍തന്നെ കളിച്ചു. അല്‍വാരസ് സ്‌കോറിങ് മികവ് തുടര്‍ന്നപ്പോള്‍ എന്‍സോ മധ്യനിരയെ ചലനാത്മകമാക്കി. മെക്കാലിസ്റ്റര്‍ ആക്രമണങ്ങളിലെ സജീവപങ്കാളിയായി.
മൂവര്‍സംഘം കളിക്കളത്തില്‍ പുറത്തെടുക്കുന്ന മികവും കഠിനാധ്വാനവുമാണ് ലയണല്‍ മെസ്സിക്ക് സ്വതന്ത്രവും സമ്മര്‍ദമില്ലാത്തതുമായ കളി പുറത്തെടുക്കാന്‍ സഹായിക്കുന്നത്. 4-4-2 ഡബിള്‍സ് സിക്സ് ഫോര്‍മേഷനിലാണ് കൂടുതല്‍ മത്സരങ്ങളിലും സ്‌കലോനി ടീമിനെ കളിപ്പിച്ചത്. എന്നാല്‍, നെതര്‍ലന്‍ഡ്സിനെതിരേ ക്വാര്‍ട്ടറില്‍ പുറത്തെടുത്ത 3-1-4-2 ശൈലി വന്‍വിജയവുമായി. മൂന്നംഗ പ്രതിരോധനിരയ്ക്ക് തൊട്ടുമുകളില്‍ എന്‍സോയെ കളിപ്പിച്ചശേഷം നഹുവേല്‍ മൊളിന, മാര്‍ക്കോസ് അക്യൂന എന്നിവരെ ആക്രമിച്ചു കളിക്കുന്ന വിങ് ബാക്കുകളാക്കി. റോഡ്രിഗോ ഡി പോളും മെക്കാലിസ്റ്ററും മധ്യനിരയില്‍ കളിച്ചു. ഡച്ച് ടീമിന്റെ വിങ്ങുകളിലൂടെയുള്ള ആക്രമണത്തിന്റെ മുനയൊടിക്കാന്‍ ഈ നീക്കം ഫലപ്രദമായി.
Content Highlights: Didier Deschamps vs Lionel Scaloni in World Cup final