ടുണീഷ്യയും മെഹറിന്റെ 'ഷൂസും'

''ഷൂസേ...ഷൂസേ...'' ലുസെയ്ലില്‍ നിന്ന് മെട്രോയില്‍ കയറവേ, വാതില്‍ക്കല്‍നിന്ന മെഹര്‍ വിളിച്ചു പറയുന്നതുകേട്ടപ്പോള്‍ ആരുടെയോ ഷൂസ് നഷ്ടപ്പെട്ടെന്നാണ് കരുതിയത്. കഴുത്തില്‍ തൂക്കിയ ചെറിയൊരു ഡ്രമ്മില്‍ കൊട്ടി മെഹര്‍ വീണ്ടും 'ഷൂസേ' പറഞ്ഞപ്പോള്‍ അതൊരു പാട്ടിന്റെ തുടക്കമാണെന്ന് മനസ്സിലായി. മെട്രോയിലേക്ക് ആര്‍ത്തുല്ലസിച്ചുവന്ന ടുണീഷ്യന്‍ സുന്ദരികള്‍ മെഹറിന്റെ മുന്നില്‍നിന്ന് പാട്ടിനൊത്ത് തുള്ളാന്‍തുടങ്ങിയതോടെ അതൊരു കാര്‍ണിവലായി.
കാന്തത്തിലേക്ക് ആകര്‍ഷിക്കുംപോലെ പിന്നാലെ വന്നവരും 'ഷൂസേ'യുടെ താളം ഏറ്റെടുത്തതോടെ ടുണീഷ്യ-ഡെന്‍മാര്‍ക്ക് മത്സരം നടക്കുന്ന എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലേക്കുള്ള യാത്ര ഉത്സവമായി. ആജാനബാഹുവായ മെഹര്‍ റെസ്ഗൂയിയെ കണ്ടാല്‍ ഒരു കലാകാരനാണെന്ന് ആരുംപറയില്ല. പക്ഷേ, കൊട്ടാനും പാടാനും തുടങ്ങിയാല്‍ ആളെ പിടിച്ചാല്‍ കിട്ടില്ല. ഖത്തര്‍ ലോകകപ്പില്‍ സ്റ്റേഡിയങ്ങളില്‍നിന്ന് സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രയില്‍ ഏറ്റവും കൂടുതല്‍ കണ്ടതും ടുണീഷ്യന്‍ ആരാധകരെയാണ്.
മിക്ക സ്റ്റേഷനുകളിലും ചുവന്ന പതാക പുതച്ച, മുഖത്തു ചായംതേച്ച കുറെ ടുണീഷ്യക്കാരുണ്ടാകും. ''നിങ്ങള്‍ കണ്ടില്ലേ ഞങ്ങളുടെ ആവേശം. ഇന്ന് ഗാലറിയിലും ഞങ്ങള്‍ തകര്‍ക്കും.'' എന്നുപറഞ്ഞ് മെഹര്‍ അടുത്ത പാട്ടിലേക്കുപോയി. കൂടെപ്പാടുന്നവരും നിറഞ്ഞ ആവേശത്തിലായിരുന്നു. ''ടുണീഷ്യ എന്ന വാക്ക് ഒരു സ്ത്രീനാമത്തിന്റെ വകഭേദമാണ്. ഞങ്ങളുടെ രാജ്യത്തിന്റെ രൂപം ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതുപോലെയാണ്. അവിടെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടല്ലേ അവര്‍ ലോകകപ്പ് കാണാനെത്തിയത്.'' മെഹറിന്റെ വാക്കുകേട്ടപ്പോള്‍ 'അള്‍ജീരിയക്കും ലിബിയക്കുമിടയില്‍ പറങ്കിമാങ്ങ തൂങ്ങിക്കിടക്കുന്നതുപോലുള്ള രാജ്യമാണ് ടുണീഷ്യ' എന്ന് പണ്ടാരോ പറഞ്ഞതോര്‍ത്തു.
ഡെന്മാര്‍ക്കിനെതിരായ കളിയെപ്പറ്റി ചോദിച്ചപ്പോള്‍ മെഹറിന്റെ മറുപടി ഇങ്ങനെ ''ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചാല്‍ ഞങ്ങള്‍ക്കു പ്രീക്വാര്‍ട്ടര്‍ ഉറപ്പാണ്. അതുകൊണ്ടുതന്നെ രണ്ടാഴ്ചയിലേറെ ഇവിടെ താമസിക്കാനുള്ള തയ്യാറെടുപ്പോടെയാണ് വന്നത്.'' ചിരിച്ചുകൊണ്ട് മെഹര്‍ അടുത്ത പാട്ടിലേക്കു കടക്കുമ്പോള്‍ അതുവരെ വലിയ ആട്ടവും പാട്ടുമൊന്നുമില്ലാതെ ടുണീഷ്യന്‍ പതാകയും പുതച്ച് അരികിലിരുന്ന ഒരു യുവാവ് എഴുന്നേറ്റ് ഒറ്റക്കാലില്‍ നൃത്തം തുടങ്ങി. അപ്പോഴാണ് അയാള്‍ അതുവരെ ആഘോഷത്തില്‍ ചേരാന്‍ കഴിയാതെ വിഷമിച്ചിരുന്നതിന്റെ കാരണം മനസ്സിലായത്.
വീണു കാലൊടിഞ്ഞ അയാളുടെ ഒരു കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു. ആ കാലുംവെച്ച് ടുണീഷ്യയില്‍നിന്ന് ഖത്തര്‍ വരെ ലോകകപ്പ് കാണാനെത്തിയ ആളുടെ പേരുചോദിക്കാന്‍ പറ്റിയില്ല. കാരണം അയാള്‍ മെഹറിന്റെ പാട്ടില്‍ സര്‍വവും മറന്നുള്ള ഒറ്റക്കാല്‍ നൃത്തത്തിലായിരുന്നു.
Content Highlights: Tunisia fans, FIFA World Cup 2022