ഖത്തറില്‍ മലയാളത്തില്‍ 'നന്ദി'യും മുണ്ടുടുത്ത എം.എല്‍.എ.യും

ബ്രസീലിന്റെ 'ഒബ്രിഗാദോ', സ്‌പെയിനിന്റെ 'ഗ്രാസിയാസ്', ഫ്രാന്‍സിന്റെ 'മെര്‍സി', ജര്‍മനിയുടെ 'ഡാന്‍കെ...' ഇതിനിടയില്‍ മലയാളത്തിന്റെ 'നന്ദി'യും. അല്‍ബൈത്ത് സ്റ്റേഡിയത്തിലേക്കു കയറിച്ചെല്ലുമ്പോള്‍ മുന്നില്‍ ആ രണ്ടക്ഷരം തെളിഞ്ഞുകണ്ടപ്പോള്‍ വലിയ സന്തോഷം.
ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടനമത്സരം നടന്ന അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തില്‍ മലയാളത്തില്‍ ഒരു 'നന്ദി' പ്രതീക്ഷിച്ചിരുന്നില്ല. ലോകത്തിലെ വ്യത്യസ്തഭാഷകള്‍ക്കൊപ്പമാണ് ലോകകപ്പ് വേദിയില്‍ മലയാളം എഴുതപ്പെട്ടത്. ലോകകപ്പിന്റെ സംഘാടനത്തില്‍ വലിയ പങ്കുവഹിച്ച മലയാളികളോടുള്ള ആദരവും സ്‌നേഹവുമായിരുന്നു ഈ നന്ദിപ്രകടനം.
പ്രധാന മീഡിയ സെന്ററില്‍നിന്ന് ഒരു മണിക്കൂറിലേറെ യാത്ര ചെയ്താണ് ഉദ്ഘാടനവേദിയിലെത്തിയത്. ദൂരെനിന്നേ സ്റ്റേഡിയം കണ്ടെങ്കിലും അവിടെയെത്താന്‍ കടമ്പകളേറെ താണ്ടണം. സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന അതിശക്തം. മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നുപോയശേഷം പോലീസിന്റെ പരിശോധന വേറെ. പേഴ്സ് വരെ തുറന്നുകാണിച്ചാലേ കടത്തിവിടൂ. അതിനെക്കാള്‍ കഠിനമായിരുന്നു പാത മുറിച്ചുകടക്കാനുള്ള കാത്തുനില്‍പ്പ്. പ്രമുഖ വ്യക്തികളുടെ വാഹനം കടന്നുപോകുന്നതിനാല്‍, റോഡ് മുറിച്ചുകടക്കുന്നവരെ പത്തുമിനിറ്റിലേറെയാണ് പലയിടത്തും സുരക്ഷാസേന തടഞ്ഞുനിര്‍ത്തിയത്.
കുത്തനെയുള്ള അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ ഗാലറിയിലെത്തുമ്പോള്‍ ഉദ്ഘാടനത്തിന് ഒരുക്കം തുടങ്ങിയിരുന്നു. ഖത്തര്‍ ആരാധകര്‍ മെറൂണ്‍ കുപ്പായത്തില്‍ ഗാലറിയുടെ ഒരു വശം സമുദ്രമാക്കിയപ്പോള്‍ എതിര്‍വശത്ത് എക്വഡോര്‍ ആരാധകരുടെ ഉത്സവമേളം. ഇതിനിടയിലാണ് പ്രവേശന കവാടത്തിനുമുന്നില്‍ കറുത്ത കരയുള്ള വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച ഒരു മനുഷ്യനെ കണ്ടത്. കോട്ടും സ്യൂട്ടും അറബിക്കുപ്പായവും ജേഴ്സിയുമൊക്കെ ധരിച്ച കാണികള്‍ക്കിടയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് പി.കെ. ബഷീര്‍ എം.എല്‍.എ. ഗാലറിയിലെ വ്യത്യസ്ത കാഴ്ചയായതുകൊണ്ടാകാം ബഷീറിനൊപ്പം ഫോട്ടോയെടുക്കാന്‍ കുറെ ആളുകളുമുണ്ട്.
''മുണ്ടുടുത്ത് ലോകകപ്പ് ഫുട്ബോളിനെത്തിയാല്‍ കുഴപ്പമുണ്ടോ'' എന്നമട്ടില്‍ ചിരിച്ചുനില്‍ക്കുകയായിരുന്ന ബഷീര്‍, യാത്രയുടെ വിശേഷങ്ങള്‍ പറഞ്ഞു: ''ലോകകപ്പ് ഉദ്ഘാടനം കാണാന്‍ കേരളത്തില്‍നിന്ന് ഒരു എം.എല്‍.എ. വരുന്നത് രസമല്ലേ. അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളുടെ ഓരോ കളിയുടെ ടിക്കറ്റുകൂടി കൈയിലുണ്ട്. അതെല്ലാം കണ്ടശേഷം നാട്ടിലേക്കു മടങ്ങി ഫൈനലിന് വീണ്ടും വരാനാണ് പ്ലാന്‍. ഫൈനല്‍ കാണാതെ ലോകകപ്പ് പൂര്‍ത്തിയാകില്ലല്ലോ.''
ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR
Content Highlights: thank you written in malayalam in al bayt stadium