ജിറൂഡിന്റെ കൈപിടിച്ച മലയാളി ബാലന്‍; സ്വപ്നം പോലൊരു സമ്മാനം കിട്ടിയ ത്രില്ലില്‍ ഏഴുവയസ്സുകാരന്‍

''ഒളിവര്‍ ജിറൂഡ് വന്ന് കൈപിടിക്കണമെന്നാണ് പ്രാര്‍ഥിച്ചത്. കണ്ണടച്ച് തുറക്കുമ്പോള്‍ ദാ എന്റെ കൈ പിടിച്ചുനില്‍ക്കുന്നു ജിറൂഡ്!..'' സ്വപ്നം പോലൊരു സമ്മാനം കിട്ടിയ ത്രില്ലിലായിരുന്നു സയിന്‍ എന്ന ഏഴുവയസ്സുകാരന്‍. അവനെ ചേര്‍ത്തുപിടിച്ച് അമ്മ റുക്‌സാനയും അരികിലുണ്ട്. അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് - ഇംഗ്ലണ്ട് മത്സരം തുടങ്ങുമ്പോഴാണ് മുഹമ്മദ് സയിന്‍ എന്ന മലയാളിക്കുട്ടി ഫ്രഞ്ച് താരം ഒളിവര്‍ ജിറൂഡിന്റെ കൈപിടിച്ചുവരുന്നത് കണ്ടത്. പിന്നീട് അവനെ പരിചയപ്പെട്ടതോടെ ലോകകപ്പ് സ്വപ്നംപോലെ കൊണ്ടാടുന്ന അമ്മയുടെയും മകന്റെയും വിശേഷങ്ങള്‍ അറിഞ്ഞു.
ദോഹയില്‍ ലാന്‍ഡ് ആന്‍ഡ് നേവല്‍ റഡാര്‍ സിസ്റ്റം കമ്പനിയില്‍ സേഫ്റ്റി മാനേജരായ എറണാകുളം കളമശ്ശേരി സ്വദേശി മുഹമ്മദ് റാമിസിന്റെയും റുക്‌സാന അബ്ദുള്‍ റഹിമിന്റെയും മകനാണ് സയിന്‍. ദോഹ പോഡാര്‍ പേള്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി. ഫ്രഞ്ച് താരത്തെ കൈപിടിച്ച് മൈതാനത്തേക്ക് ആനയിക്കാന്‍ അവസരം കിട്ടിയത് അപ്രതീക്ഷിതമായിരുന്നു.
''ലോകകപ്പില്‍ ചില പരിപാടികളിലേക്ക് കുട്ടികളെ വേണമെന്ന് പറഞ്ഞപ്പോള്‍ സയിനിന്റെ പേര് വെറുതേ രജിസ്റ്റര്‍ ചെയ്തതാണ്. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അവനെ തിരഞ്ഞെടുത്തെന്ന് ഇ- മെയില്‍ സന്ദേശം വന്നു. അന്നുമുതല്‍ ഇവന്‍ കാത്തിരിപ്പിലായിരുന്നു...'' റാമിസ് പറഞ്ഞു.
''ഫ്രാന്‍സാണ് എന്റെ ഇഷ്ട ടീം. പക്ഷേ, ജിറൂഡിന്റെ കൈപിടിക്കാനാകുമെന്ന് വിചാരിച്ചില്ല. വൈകീട്ട് നാലുമണിക്കാണ് ഞങ്ങളെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയത്. എത്തിയപ്പോള്‍ കുറെ ഭക്ഷണവും കളിക്കാനുള്ള ഗെയിമുകളും തന്നു. സീനിയര്‍ വൊളന്റിയര്‍മാരുടെ കൈപിടിച്ച് രണ്ടുതവണ മൈതാനത്തേക്ക് പോകുന്നതിന്റെ റിഹേഴ്സല്‍ നടത്തി. മത്സര സമയമായപ്പോള്‍ ഒരു ഓഫീസര്‍ വന്ന് 'ആരാണോ നിങ്ങളുടെ അരികിലെത്തുന്നത് അവരുടെ കൈ പിടിക്കണം' എന്നു പറഞ്ഞു. ആ സമയത്ത് ജിറൂഡിനെയാണ് ഞാന്‍ ഓര്‍ത്തത്. ഒടുവില്‍ അതുപോലെ സംഭവിച്ചു.'' സയിന്‍ പറഞ്ഞു.
സയിനിന്റെ അമ്മ റുക്‌സാന ലോകകപ്പ് സുപ്രീംകമ്മിറ്റിയില്‍ സ്റ്റാഫ് ആണ്. കളമശ്ശേരി കുസാറ്റില്‍നിന്ന് എം.ബി.എ. കഴിഞ്ഞ റുക്‌സാന ദോഹയില്‍ രണ്ടു മൂന്ന് കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് ലോകകപ്പ് സുപ്രീം കമ്മിറ്റിയിലെ മെഡിക്കല്‍ അഫയേഴ്സ് വിഭാഗത്തിലെത്തിയത്.
''നേരത്തേ ഇവിടെ ഫിഫ ക്ലബ്ബ് ഫുട്ബോളും അറബ് കപ്പ് യോഗ്യതാ മത്സരവും നടന്നപ്പോള്‍ ഞാന്‍ വൊളന്റിയറായിരുന്നു. ലോകകപ്പിന്റെ ഭാഗമാകണമെന്ന ആഗ്രഹത്തിലാണ് ഇതിലേക്ക് അപേക്ഷിച്ചത്. എഴുത്തുപരീക്ഷയും മൂന്ന് ഘട്ട അഭിമുഖവും കഴിഞ്ഞാണ് സെലക്ഷന്‍ കിട്ടിയത്. എനിക്കൊപ്പം മോനും ഇങ്ങനെയൊരവസരം കിട്ടിയതോടെ ഞാന്‍ ഡബിള്‍ ഹാപ്പി.'' മകള്‍ സോയയെ കൈയിലെടുത്ത് റുക്‌സാന പറഞ്ഞു.
Content Highlights: Olivier Giroud, FIFA World Cup 2022