'കോപ്പാ കബാന'യിലെ മീന്‍

ഹൈദര്‍ അലിയും സിബി മാത്യുവും കോപ്പാ കബാന റെസ്റ്റോറന്റില്‍
ഹൈദര്‍ അലിയും സിബി മാത്യുവും കോപ്പാ കബാന റെസ്റ്റോറന്റില്‍

നാട്ടില്‍ കടംകയറി നില്‍ക്കക്കള്ളിയില്ലാതെ അരീക്കോട്ടുനിന്ന് ദോഹയിലേക്കു പറക്കുമ്പോള്‍ ഹൈദര്‍ അലി ആലോചിച്ചത് മീനുകളെക്കുറിച്ചാണ്. ദോഹയിലെത്തി കുറെക്കാലം ഹൈദര്‍ മീന്‍ മാര്‍ക്കറ്റില്‍ ജോലിചെയ്തു. ആ സമയത്താണ് ഖത്തറികള്‍ക്ക് മീന്‍വിഭവങ്ങള്‍ പാചകംചെയ്തു നല്‍കിയാലോയെന്ന ചിന്തയുദിക്കുന്നത്. ചില സുഹൃത്തുക്കളുമായിച്ചേര്‍ന്ന് ഹൈദര്‍ ദോഹയില്‍ സീ ഫുഡ് റെസ്റ്റോറന്റ് തുടങ്ങുന്നത് അങ്ങനെയാണ്.

കോവിഡ് വന്നതോടെ ഹൈദറിന്റെ സ്വപ്നങ്ങള്‍ വീണുടഞ്ഞു. കൂടെയുണ്ടായിരുന്ന പലരും ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങി. ഒന്നും ചെയ്യാനില്ലാതെ പലപ്പോഴും അയാള്‍ വക്രയിലെ കടല്‍ത്തീരത്തിലൂടെ വെറുതേ നടക്കും. അത്തരമൊരു നടത്തത്തിനിടയിലാണ് അയാള്‍ പൂട്ടിക്കിടക്കുന്ന ആ റെസ്റ്റോറന്റ് കണ്ടത് 'കോപ്പാ കബാന'.

ഇതുവരെ പറഞ്ഞത് ഇന്നലെകളിലെ കാര്യമായിരുന്നെങ്കില്‍ ഇന്ന് വക്ര സൂഖിലെ കടല്‍ത്തീരത്തെ 'കോപ്പാ കബാന' റെസ്റ്റോറന്റ് ലോകകപ്പ് ഫുട്ബോളിന്റെ സന്തോഷ ചിഹ്നങ്ങളിലൊന്നാണ്. ബ്രസീലിലെ പ്രശസ്തമായ കോപ്പാ കബാനയെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ സജ്ജീകരിച്ചിരിക്കുന്ന റെസ്റ്റോറന്റിലേക്ക് കൊട്ടാരക്കരക്കാരന്‍ സിബി മാത്യുവിനൊപ്പമാണു പോയത്. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാകയും ആഘോഷചിഹ്നങ്ങളും നിറഞ്ഞ റെസ്റ്റോറന്റിലെ വിഭവങ്ങളില്‍വരെ ഫുട്ബോളിന്റെ അടയാളങ്ങളുണ്ട്.

പോര്‍ച്ചുഗീസിലും സ്പാനിഷിലും ജര്‍മനിലും അറബിയിലുമൊക്കെ സ്വാഗതവചനങ്ങളെഴുതി വെച്ചിരിക്കുന്നു. കൂട്ടത്തില്‍ മലയാളവുമുണ്ട്. കടല്‍മീനും കടല്‍ക്കാറ്റുമാണ് കോപ്പാ കബാനയുടെ പ്രത്യേകതയെന്ന് ഹൈദര്‍ അലി പറയുന്നു.

''ഇന്റീരിയര്‍ ഡിസൈനിങ് പഠിച്ച ഞാന്‍ നാട്ടിലൊരു സ്ഥാപനം തുടങ്ങി 80 ലക്ഷം രൂപ കടംവന്നപ്പോഴാണ് ഖത്തറിലേക്കു വന്നത്. സഹോദരീ ഭര്‍ത്താവ് സലാഹുദ്ദീന്‍ ഷെഫ് ആയിരുന്നു. അദ്ദേഹമാണ് എന്നെയും പാചകത്തിലേക്കു കൂട്ടിക്കൊണ്ടുപോയത്. കോപ്പാ കബാന എന്ന പേരാണ് എന്നെ ഇങ്ങനെയൊരു സാഹസത്തിനു പ്രേരിപ്പിച്ചത്. കോപ്പാ കബാനയും ലോകകപ്പ് ഫുട്ബോളും എന്റെ ജീവിതവും മാറ്റുകയാണ്''- ഹൈദര്‍ പറഞ്ഞു.

ഇംഗ്ലണ്ട് ടീം താമസിക്കുന്ന ഹോട്ടലിനടുത്താണ് റെസ്റ്റോറന്റ്. ഹാരി കെയ്ന്‍ ഒഴിച്ചുള്ള മിക്ക താരങ്ങളും പതിവായി റെസ്റ്റോറന്റിനു മുന്നിലുള്ള ബീച്ചില്‍ രാത്രി നടക്കാന്‍ വരാറുണ്ടെന്ന് ഹൈദര്‍ പറഞ്ഞു. ബ്രസീലും ഇംഗ്ലണ്ടും ലോകകപ്പില്‍നിന്ന് പുറത്തായെങ്കിലും അവരുടെ ആരാധകരുടെ കോപ്പാ കബാനയിലേക്കുള്ള ഒഴുക്ക് ഇനിയും തീര്‍ന്നിട്ടില്ല.
 

Content Highlights: Copa Cabana Restaurants, FIFA World Cup 2022