പിണറായിയുടെ 'പുതുവഴികള്‍' നയവ്യതിയാനമോ?, പ്രതിനിധികള്‍ക്ക് ആശങ്ക; വലിയ സ്വീകാര്യതയെന്ന് ഗോവിന്ദന്‍

പ്രതീകാത്മക ചിത്രം | Photo: Facebook/ CPIM Kerala
പ്രതീകാത്മക ചിത്രം | Photo: Facebook/ CPIM Kerala

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച 'നവകേരളത്തിന്റെ പുതുവഴികള്‍' എന്ന നയരേഖയില്‍ ആശങ്ക പ്രകടിപ്പിച്ച് സമ്മേളന പ്രതിനിധികള്‍. പാര്‍ട്ടിയുടെ ആശയങ്ങളോടും നയങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നതാണോ രേഖയെന്ന് പരിശോധിക്കണമെന്നാണ് ചില പ്രതിനിധികൾ ആവശ്യപ്പെട്ടത്. ഫീസ് ഈടാക്കി സേവനം നല്‍കുന്നത് പാര്‍ട്ടി ലൈന്‍ ആണോയെന്ന് കോഴിക്കോട്ടുനിന്നുള്ള സമ്മേളന പ്രതിനിധി കെ.ടി. കുഞ്ഞിക്കണ്ണന്‍ ചോദിച്ചു.

നയവ്യതിയാനം പശ്ചിമബംഗാളിലെ പാര്‍ട്ടിക്കുണ്ടാക്കിയ തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് പ്രതിനിധികള്‍ രേഖയില്‍ സംശയം പ്രകടിപ്പിച്ചത്. ആളുകളില്‍നിന്ന് ഫീസീടാക്കി സേവനം നല്‍കുന്നത് ശരിയാണോ? പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം നടപ്പിലാക്കിയാല്‍ തിരിച്ചടിയുണ്ടാവും. പാര്‍ട്ടി ശത്രുക്കള്‍ അത് ഉപയോഗിക്കുമെന്ന ആശങ്കയും പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.

അതേസമയം, വികസന നയരേഖയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. ഞായറാഴ്ച പിണറായി വിജയന്റെ മറുപടിക്കുശേഷം രേഖ പ്രമേയമായി പാസാക്കും. തുടര്‍ന്ന് എല്‍.ഡി.എഫ്. ചര്‍ച്ച ചെയ്താവും നയങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുക.

Content Highlights: Concerns raised at CPM state conference over Pinarayi Vijayan`s new policy document