ന്യൂനപക്ഷ വര്‍ഗീയത വിഭജിച്ച് പരസ്പരം ഏറ്റുമുട്ടിച്ച് ആര്‍.എസ്.എസ്. മുതലെടുക്കുന്നു-എം.വി. ഗോവിന്ദന്‍

കൊല്ലം: കോണ്‍ഗ്രസിന്റെ സംഭാവനയാണ് തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോര്‍പറേഷന്‍ വാര്‍ഡുകളില്‍ പോലും കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് ചെയ്യുന്നു. ന്യൂനപക്ഷ രാഷ്ട്രീയം പുതിയ സാഹചര്യത്തിലെത്തി നില്‍ക്കുകയാണെന്നും അദ്ദേഹം സി.പി.എം. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് നേരത്തെ മതസംഘടനകളുമായി ചേര്‍ന്ന് മുന്നേറ്റം നടത്തി. ഇപ്പോള്‍ മതരാഷ്ട്രീയവാദികളുമായി ചേര്‍ന്ന് മുന്നോട്ടുപോകുന്നു. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും നേരത്തെ സ്ഥാനാര്‍ഥിയെ നിര്‍ത്തി. ഇപ്പോള്‍ അവര്‍ മത്സരിക്കാതെ യു.ഡി.എഫിന് വോട്ട് ചെയ്യുന്നു. നേരിട്ട് സഖ്യം ചെയ്ത് മതനിരപേക്ഷ സമൂഹത്തെ വര്‍ഗീയതിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. ലീഗ് അണികള്‍ മതരാഷ്ട്രവാദികളിലേക്ക് എത്തുമ്പോള്‍ അവരുടെ അടിത്തറ തകരും. സി.പി.എമ്മിനെതിരെ രൂപപ്പെടുത്തുന്ന ആ ഐക്യധാര ലീഗിന്റെയും കോണ്‍ഗ്രസിന്റെയും അടിത്തറതോണ്ടുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഇപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ കാസ വര്‍ഗീയ നിലപാടുമായി വരുന്നു. രാഷ്ട്രീയപാര്‍ട്ടിയാകാനും പോകുന്നു. മുസ്‌ലിംവിരുദ്ധതയില്‍ ഉണ്ടായതാണ് കാസ. അതാകട്ടെ ആര്‍.എസ്.എസ്. അജണ്ടയില്‍ ഉണ്ടായതാണ്. ന്യൂനപക്ഷ വര്‍ഗീയത വിഭജിച്ച് പരസ്പരം ഏറ്റുമുട്ടിച്ച് ആര്‍.എസ്.എസ്. മുതലെടുക്കുന്നു. ജാതീയമായി പിളര്‍ത്തുകയും വര്‍ഗീയമായി ഏകോപിപ്പിക്കുന്നതുമാണ് ആര്‍.എസ്.എസ്.-ബി.ജെ.പിയുടെ തന്ത്രപരമായ നിലപാട്. ഓരോ ജാതിയേയും വര്‍ഗീയമായി ഏകോപിപ്പിക്കുന്നെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതിനും പ്രതിസന്ധി ഘട്ടത്തില്‍ താങ്ങായി നിലകൊണ്ടതിനുമാണ് ജനങ്ങള്‍ തുടര്‍ഭരണം നല്‍കിയതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിനുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ബുദ്ധിമുട്ടിക്കുന്നു. പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ ഇല്ലാത്ത ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രചാരവേല നടത്തുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.
Content Highlights: mv govindan cpm state conference