ചുവപ്പണിഞ്ഞ് കൊല്ലം; സി.പി.എം സംസ്ഥാന സമ്മേളനത്തിന് ആശ്രാമം മൈതാനത്ത് പതാക ഉയര്‍ന്നു

കൊല്ലം: സി.പി.എം. സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനത്ത് (സീതാറാം യെച്ചൂരി നഗര്‍) കൊടിയുയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാനും മന്ത്രിയുമായ കെ.എന്‍. ബാലഗോപാലാണ് പതാക ഉയര്‍ത്തിയത്. പതാക, ദീപശിഖ, കൊടിമര ജാഥകള്‍ ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു.
കയ്യൂരില്‍നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ നേതൃത്വത്തില്‍ എത്തിച്ച പതാക പി.കെ. ശ്രീമതി ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. പി.കെ.ബിജുവിന്റെ നേതൃത്വത്തില്‍ വയലാറില്‍നിന്ന് പ്രയാണമായി എത്തിയ ദീപശിഖ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. ശൂരനാട്ടുനിന്ന് ആരംഭിച്ച കൊടിമരജാഥയ്ക്ക കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയാണ് നേതൃത്വം നല്‍കിയത്. ജില്ലയിലെ 23 രക്തസാക്ഷിമണ്ഡപങ്ങളില്‍നിന്നുള്ള ദീപശിഖാപ്രയാണങ്ങളും സമ്മേളനനഗരിയില്‍ സംഗമിച്ചു.
വ്യാഴാഴ്ച രാവിലെ പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) സമ്മേളനത്തിന് കൊടി ഉയരും. തുടർന്ന് രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം സി.പി.എം. കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും.
1971-ലാണ് ആദ്യമായി കൊല്ലത്ത് സി.പി.എം. സംസ്ഥാന സമ്മേളനം നടന്നത്. 1995-ലും കൊല്ലത്തായിരുന്നു സംസ്ഥാന സമ്മേളനം.
Content Highlights: CPM`s state conference commenced in Kollam