ആദ്യം കരഞ്ഞും പിന്നെ ചിരിച്ചും മെസ്സി; 45 കിരീടം, റെക്കോഡ്

ഫ്‌ളോറിഡ: ഫൈനലിന്റെ രണ്ടാംപകുതിയില്‍ ഡഗ്ഔട്ടില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന ലയണല്‍ മെസ്സി ഈ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സങ്കടക്കാഴ്ചയായിരുന്നു. എന്നാല്‍, മത്സരത്തിന്റെ ഫൈനല്‍വിസില്‍ മുഴങ്ങുമ്പോള്‍ സൂപ്പര്‍താരം കിരീടനേട്ടത്തിന്റെ ആനന്ദത്തിലായി. മുഖം തെളിഞ്ഞു, ചിരിവിടര്‍ന്നു.
ആദ്യപകുതിയില്‍ ഷോട്ടെടുക്കുന്നതിനിടെ വേദന അനുഭവപ്പെട്ട മെസ്സി വൈദ്യസഹായം തേടിയിരുന്നു. കിരീടപ്പോരാട്ടമായതിനാല്‍ വേദനസഹിച്ചും കളത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍, രണ്ടാംപകുതി തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ കളിതുടരാന്‍ പറ്റാതായതോടെ ബൂട്ട് ഊരി, കണ്ണീരോടെ പുറത്തേക്കുനടന്നു. ഡഗ്ഔട്ടിലെത്തിയതോടെ മെസ്സിക്ക് നിയന്ത്രണം നഷ്ടമായിരുന്നു. പരിക്കും നിര്‍ണായകഘട്ടത്തില്‍ കളിക്കളത്തില്‍ ഇല്ലാത്തതും മെസ്സിയെ നിരാശനാക്കി. പൊട്ടിക്കരഞ്ഞ താരത്തെ സഹതാരങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
പക്ഷേ, എക്‌സ്ട്രാ ടൈമില്‍ ലൗട്ടാറോ മാര്‍ട്ടിനെസിന്റെ ഗോള്‍ വന്നതോടെ മെസ്സി ആവേശത്തിലായി. കളിതീര്‍ന്ന് കപ്പുറച്ചതോടെ മൈതാനത്തെത്തി സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തിലലിഞ്ഞു.
45 കിരീടം, റെക്കോഡ്
കരിയറില്‍ 45-ാം ട്രോഫിയാണ് മെസ്സിയുടെ ശേഖരത്തിലെത്തിയത്. ഇതോടെ ഫുട്ബോള്‍ ചരിത്രത്തില്‍ കൂടുതല്‍ കിരീടംനേടിയ താരമായി മാറി. ബ്രസീല്‍താരം ഡാനി ആല്‍വസിന്റെ പേരിലാണ് റെക്കോഡാണ് മാഞ്ഞുപോയത്.
വിവിധ ക്ലബ്ബുകള്‍ക്കൊപ്പം 39 കിരീടനേട്ടങ്ങളില്‍ പങ്കാളിയായ മെസ്സി രാജ്യത്തിനായി ആറുകിരീടം നേടി. ഇതില്‍ ഖത്തറില്‍ നടന്ന ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഫൈനലിസിമയും ഉള്‍പ്പെടും. അണ്ടര്‍-20 ലോകകപ്പും ഒളിമ്പിക് സ്വര്‍ണവും നേട്ടത്തിലുണ്ട്.
ക്ലബ്ബ്തലത്തില്‍ ബാഴ്സലോണയ്‌ക്കൊപ്പം 10 ലാലിഗയും നാല് ചാമ്പ്യന്‍സ് ലീഗും ഏഴുവീതം കോപ്പ ഡെല്‍ റേയും സ്പാനിഷ് സൂപ്പര്‍ കപ്പും മൂന്ന് യുവേഫ സൂപ്പര്‍കപ്പും നേടി. മൂന്ന് ക്ലബ്ബ് ലോകകപ്പുമുണ്ട്. ഫ്രഞ്ച് ക്ലബ് പി.എസ്.ജി.ക്കൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു ഫ്രഞ്ച് സൂപ്പര്‍കപ്പുമുണ്ട്. മേജര്‍ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍മയാമിക്കൊപ്പം ലീഗ് നേടി.
Content Highlights: lionel messi copa america