ശൂന്യതയില്‍നിന്ന് അയാള്‍ തിരികെവന്നു, മുന്നില്‍ ഇനി സമയങ്ങളില്ല; റോഡ്രിഗസ് റീലോഡഡ്

2014-ലെ ആ ജെയിംസ് റോഡ്രിഗസിനെ ഓര്‍മയില്‍ വരുന്നുണ്ടോ? കൊളംബിയയുടെ 22 വയസ്സുള്ള ചുറുചുറുക്കുള്ള പയ്യന്‍ അന്ന് യുറഗ്വായ്‌ക്കെതിരേ നേടിയ കണ്ണഞ്ചിപ്പിക്കുന്ന ആ ഗോള്‍ ഓര്‍ക്കുന്നുണ്ടോ? അവസാന 16 റൗണ്ടില്‍ യുറഗ്വായ്‌ക്കെതിരേ പന്ത് നിലംതൊടാതെ നടത്തിയ ആ ഗോളാണ് റോഡ്രിഗസിനെ ലോക ഫുട്‌ബോളിന്റെ ശ്രദ്ധാ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. അക്കൊല്ലത്തെ ഫിഫയുടെ പുഷ്‌കാസ് പുരസ്‌കാരം ആ ഗോളിനായിരുന്നു.
ബ്രസീലില്‍ നടന്ന ആ ലോകകപ്പില്‍ ആറ് ഗോളുകള്‍ നേടി റോഡ്രിഗസ് ഗോള്‍ഡന്‍ ബൂട്ടിനര്‍ഹനായി. മെസ്സിക്കായിരുന്നു ഗോള്‍ഡന്‍ ബോള്‍. അര്‍ജന്റീനയുടെ അന്തരിച്ച ഇതിഹാസതാരം ഡീഗോ മാറഡോണ അന്ന് പറഞ്ഞത് ആ ഗോള്‍ഡന്‍ ബൂട്ട് ലഭിക്കേണ്ടിയിരുന്നത് റോഡ്രിഗസിനായിരുന്നെന്നാണ്. ഏതായിരുന്നാലും ആ ലോകകപ്പോടെ റോഡ്രിഗസിന്റെ പേരും പെരുമയും വര്‍ധിച്ചു. അത് അദ്ദേഹത്തെ സ്പാനിഷ് വന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ എത്തിക്കുന്നതിലേക്കുവരെ നയിച്ചു. 80 മില്യണ്‍ യൂറോയ്ക്കാണ് റോഡ്രിഗസിനെ റയല്‍ സ്വന്തമാക്കിയത്. ആ സമയത്തെ ലോകത്തെ ഏറ്റവും മൂല്യമേറിയ നാലാമത്തെ ട്രാന്‍സ്ഫര്‍.
പക്ഷേ, കൊളംബിയക്കായി കാണിച്ച മാസ്മരിക പ്രകടനങ്ങളൊന്നും റയലില്‍ കാണിക്കാന്‍ റോഡ്രിഗസിനായില്ല. ഭാവിതാരമെന്ന് വിശേഷിപ്പിച്ച് കൊണ്ടുവന്ന താരം ലോകകപ്പില്‍ കളിച്ചതിന്റെ നിഴല്‍ പോലുമായില്ല. ക്ലബ്ബ് കരിയറില്‍ അത്തരത്തിലുള്ള വാര്‍ത്തകളും അദ്ദേഹത്തിന് സൃഷ്ടിക്കാനായില്ല. റയലില്‍നിന്ന് പിന്നീട് വായ്പാടിസ്ഥാനത്തില്‍ ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലെത്തി. തുടര്‍ന്ന് 2020-ല്‍ എവര്‍ട്ടണിലെത്തി. 2020-2021 സീസണില്‍ ഖത്തര്‍ ക്ലബ്ബായ അല്‍-റയ്യാനുവേണ്ടിയും 2022-2023 സീസണില്‍ ഗ്രീക്ക് ക്ലബ്ബായ ഒളിമ്പ്യാക്കോസിനുവേണ്ടിയും കളിച്ചു. കഴിഞ്ഞവര്‍ഷം ബ്രസീലിലെ സാവോ പോളോയിലെത്തി.
കരിയറിന്റെ ഉത്തുംഗപടവില്‍നിന്ന് റോഡ്രിഗസ് പതിയെപ്പതിയേ താഴേക്കിറങ്ങിക്കൊണ്ടിരുന്നു. റയലില്‍നിന്ന് സാവോ പോളോയിലെത്തി നിന്ന കരിയര്‍. ദേശീയ ജഴ്‌സിയിലും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. 2015, 2016, 2019 വര്‍ഷങ്ങളില്‍ കോപ്പ അമേരിക്കയില്‍ നോക്കൗട്ടില്‍ പുറത്തായി. 2018 ലോകകപ്പിലും ടീം മുന്നോട്ടുപോയില്ല. ഇതോടെ 2021-ലെ കോപ്പ അമേരിക്കയ്ക്കുള്ള കൊളംബിയയുടെ സ്‌ക്വാഡില്‍ പോലും ഉള്‍പ്പെട്ടില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങളായിരുന്നു കാരണം. ഖത്തറില്‍ മെസ്സിയും കൂട്ടരും കിരീടം നേടിയ ലോകകപ്പിന് യോഗ്യത നേടാന്‍പോലും കഴിയാത്തവിധം കൊളംബിയ നിറംകെട്ടു.
റോഡ്രിഗസ് അങ്ങനെ നമ്മുടെ ഫുട്ബോള്‍ ചര്‍ച്ചകളില്‍നിന്ന് അപ്രത്യക്ഷമായി. ലാറ്റിന്‍ അമേരിക്കയിലെ അനേക താരങ്ങളില്‍ ഒരാള്‍ എന്ന തലത്തിലേക്ക് അയാള്‍ ഗണിക്കപ്പെട്ടു. പക്ഷേ, എല്ലാവരുടെ കരിയറിലുമുണ്ടാകുമല്ലോ ചില ഉയര്‍ച്ചതാഴ്ചകള്‍. റോഡ്രിഗസിന്റെ കാര്യത്തിലും അതുണ്ടായി. പത്തുകൊല്ലം കഴിഞ്ഞ് അദ്ദേഹം വീണ്ടും ലോക ഫുട്ബോളില്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. 2014-ല്‍ ആറ് ഗോളുകളോടെ കളം നിറഞ്ഞ താരം ഇന്ന് ആറ് അസിസ്റ്റുകളുമായി കൊളംബിയയെ ഫൈനലിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.
കൊളംബിയയുടെ അര്‍ജന്റൈന്‍ പരിശീലകന്‍ നെസ്റ്റര്‍ ലൊറെന്‍സോയാണ് റോഡ്രിഗസിലെ ആ പഴയ പ്രതിഭയെ വീണ്ടും കൊണ്ടുവന്നത്. അവസാനം കളിച്ച ബ്രസീല്‍ ക്ലബ്ബായ സാവോ പോളോയിലെ മോശം പ്രകടനംപോലും പരിഗണിക്കാതെ അദ്ദേഹം റോഡ്രിഗസില്‍ വലിയ വിശ്വാസം സൂക്ഷിച്ചു. റോഡ്രിഗസിനെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അനുവാദം നല്‍കുകയാണ് കോച്ച് ചെയ്തത്. കൂടുതല്‍ അവസരങ്ങളും പ്രദാനം ചെയ്തു. സ്‌ട്രൈക്കര്‍മാര്‍ക്ക് പിറകില്‍ കളി നിയന്ത്രിച്ച്, കൂടുതല്‍ പാസുകളുമായി കളി നീക്കുക എന്നതാണ് റോഡ്രിഗസിന്റെ സ്‌റ്റൈല്‍. ആ നിലയിലേക്ക് അദ്ദേഹത്തെ നെസ്റ്റര്‍ ലോറന്‍സോ അഴിച്ചുവിട്ടു.
അങ്ങനെ കോച്ചിന് കീഴില്‍ കൊളംബിയ സൗത്ത് അമേരിക്കയിലെ മികച്ച ടീമുകളിലൊന്നായി. സൗത്ത് അമേരിക്കയിലെ എന്നു പറഞ്ഞാല്‍ പോരാ. സ്പെയിന്‍ (1-0), ബ്രസീല്‍ (2-1), ജര്‍മനി (2-0) ഉള്‍പ്പെടെയുള്ള ടീമുകളെ തകര്‍ത്ത് ലോകതലത്തില്‍തന്നെ തങ്ങളുടെ വരവറിയിച്ചു. കഴിഞ്ഞ ജൂണ്‍ 15-ന് റോഡ്രിഗസിന്റെ 100-ാം അന്താരാഷ്ട്ര മത്സരമായിരുന്നു. ബൊളീവിയക്കെതിരായ ആ മത്സരത്തില്‍ 3-0നാണ് ജയിച്ചത്.
ഒരേ സമയം സ്ട്രൈക്കര്‍ക്കു പിന്നിലും വിങ്ങുകളിലും മുന്നേറ്റം നടത്താന്‍ കഴിയുന്നു എന്നതാണ് റോഡ്രിഗസിനെ പ്രത്യേകമാക്കുന്നത്. ഈ കോപ്പ അമേരിക്കയില്‍ ജോന്‍ കൊര്‍ദോബ, ലൂയിസ് ഡയസ് എന്നിവര്‍ക്കൊപ്പം വിങ്ങറായിട്ടാണ് അദ്ദേഹം കളി ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പരഗ്വായ്ക്കെതിരേ 2-1ന് വിജയിച്ചായിരുന്നു തുടക്കം. കൊളംബിയ നേടിയ രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് നല്‍കിയത് റോഡ്രിഗസായിരുന്നു. ഡാനിയല്‍ മുനോസും ജെഫേഴ്സണ്‍ ലേര്‍മയുമാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് കോസ്റ്ററിക്കയ്ക്കെതിരേ (3-0) വിജയിച്ച മത്സരത്തില്‍ റോഡ്രിഗസ് എട്ട് അവസരങ്ങള്‍ സൃഷ്ടിച്ചു. ബ്രസീലിനെതിരേ (1-1) സമനില പാലിക്കുകയും ചെയ്തു.
ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തിയ കൊളംബിയ മിന്നുന്ന പ്രകടനം അവിടെയും കാഴ്ചവെച്ചു. ക്വാര്‍ട്ടറില്‍ പനാമയ്ക്കെതിരേ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ജയിച്ചത്. രണ്ട് അസിസ്റ്റുകളും ഒരു ഗോളുമായി റോഡ്രിഗസ് കളം നിറഞ്ഞു. സെമിയില്‍ യുറഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഫൈനലിലെത്തിയത്. ഫൈനലില്‍ പക്ഷേ, 2001 ആവര്‍ത്തിക്കാന്‍ റോഡ്രിഗസിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. കൊളംബിയ ആകെ നേടിയ ഒരേയൊരു കോപ്പ കിരീടം 2001-ലാണ്. മെസ്സിയും കൂട്ടരും തങ്ങളുടെ 16-ാം കോപ്പ കിരീടത്തില്‍ മുത്തമിട്ടു.
ജെയിംസ് റോഡ്രിഗസിനിപ്പോള്‍ 33 വയസ്സായി. ഫുട്‌ബോളില്‍ എത്രതന്നെ മികച്ച കളി നടത്തിയാലും അയാള്‍ക്കു മുന്നില്‍ ഇനിയുള്ള കാലം പരിമിതമാണ്. വമ്പന്‍ ക്ലബ്ബുകള്‍ പൊന്നും വിലകൊടുത്ത് അയാളെ ഇനി സ്വന്തമാക്കാനുള്ള സാധ്യതയില്ല. പക്ഷേ, ഈ കോപ്പ നേടിയിരുന്നെങ്കില്‍ ഒരു ഫുട്‌ബോളറെന്ന നിലയില്‍ അദ്ദേഹം കുറച്ചുകൂടി അടയാളപ്പെടുമായിരുന്നു. അത് സംഭവിച്ചില്ലെങ്കില്‍ക്കൂടിയും, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായിട്ടാണ് ഈ കോപ്പ അദ്ദേഹം അവസാനിപ്പിക്കുന്നത്.
Content Highlights: james rodriguez story copa america 2024