മെസ്സിയുടെ റെക്കോഡ് തകര്‍ത്ത് റോഡ്രിഗസ്; അപരാജിത കുതിപ്പില്‍ കൊളംബിയന്‍ സംഘം

ജെയിംസ് റോഡ്രിഗസ്, Photo:AFP
ജെയിംസ് റോഡ്രിഗസ്, Photo:AFP

ന്യൂജേഴ്‌സി: കോപ്പ അമേരിക്കയില്‍ യുറഗ്വായിയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ റെക്കോഡ് നേട്ടവുമായി കൊളംബിയന്‍ നായകന്‍ ജെയിംസ് റോഡ്രിഗസ്. മത്സരത്തില്‍ അസിസ്റ്റ് നേടിയ താരം ഒരു കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേടുന്ന താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ റെക്കോഡാണ് റോഡ്രിഗസ് മറികടന്നത്.

കൊളംബിയന്‍ നായകന് ടൂര്‍ണമെന്റില്‍ ആറ് അസിസ്റ്റുകളാണുള്ളത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പാരഗ്വായിക്കെതിരേ രണ്ട് അസിസ്റ്റുകള്‍ നേടിയ താരം കോസ്റ്ററീക്കയ്‌ക്കെതിരേ ഒരു അസിസ്റ്റ് നേടി. ക്വാര്‍ട്ടറില്‍ പാനമയ്‌ക്കെതിരേയും രണ്ട് ഗോളിന് വഴിയൊരുക്കി. ടൂര്‍ണമെന്റില്‍ മിന്നും ഫോമിലാണ് താരം. 2021 ലെ കോപ്പയില്‍ മെസ്സിക്ക് അഞ്ച് അസിസ്റ്റുകളുണ്ടായിരുന്നു. 

അതേ സമയം യുറഗ്വായ്‌ക്കെതിരായ ജയത്തോടെ ജെയിംസ് റോഡ്രിഗസും സംഘവും അപരാജിത കുതിപ്പ് തുടര്‍ന്നു. തുടര്‍ച്ചയായി 28 മത്സരങ്ങളാണ് പരാജയമറിയാതെ മുന്നേറിയത്. കൊളംബിയ ചരിത്രത്തിലാദ്യമായാണ് തുടര്‍ച്ചയായി ഇത്രയും മത്സരങ്ങള്‍ അപരാജിതരാകുന്നത്. തിങ്കളാഴ്ച കോപ്പ ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരേയും ഈ കുതിപ്പ് തുടരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

Content Highlights: James Rodriguez breaks Lionel Messis record most assists single campaign