തോറ്റ കലിപ്പോ? കൊളംബിയന്‍ ആരാധകരെ സ്‌റ്റേഡിയത്തില്‍ക്കയറി മര്‍ദിച്ച് യുറഗ്വായ് താരങ്ങള്‍

ന്യൂജഴ്‌സി: കോപ്പ അമേരിക്ക സെമി ഫൈനലില്‍ തോല്‍വിക്കു പിന്നാലെ കൊളംബിയന്‍ ആരാധകരെ മര്‍ദിച്ച് യുറഗ്വായ് താരങ്ങള്‍. യുറഗ്വായുടെ ലിവര്‍പൂള്‍ താരം ഡാര്‍വിന്‍ നൂനസ് ഉള്‍പ്പെടെയുള്ളവരാണ് കാണികള്‍ക്കുനേരെ തിരിഞ്ഞത്. നൂനസ് മറ്റു താരങ്ങള്‍ക്കൊപ്പം സ്‌റ്റേഡിയത്തിലെ ഇരിപ്പിടത്തിലേക്ക് കയറിച്ചെന്ന് കൊളംബിയന്‍ ആരാധകരെ ഇടിക്കുന്നത് വീഡിയോയില്‍ കാണാം. സെമിയില്‍ യുറഗ്വായ് ഒരു ഗോളിനാണ് കൊളംബിയയോട് തോറ്റത്.
നൂനസും സംഘവും കാണികളുടെ അടുത്തെത്തി അവരെ മര്‍ദിക്കുന്നതാണ് വീഡിയോ. ബാഴ്‌സലോണയുടെ റൊണാള്‍ഡ് അറോജോ, അത്‌ലറ്റിക്കോ മാഡ്രിഡ് താരം ജോസ് മരിയ ജിമെനെസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തര്‍ക്കം മുറുകിയതോടെ പോലീസ് സംഘവും സുരക്ഷാ ജീവനക്കാരുമെത്തി സ്ഥിതിഗതി ശാന്തമാക്കി. താരങ്ങളെ പോലീസ് അകമ്പടിയോടെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. തുടര്‍ന്ന് ഫീല്‍ഡില്‍ മടങ്ങിയെത്തിയ യുറഗ്വായ് താരങ്ങള്‍ കൊളംബിയന്‍ താരങ്ങളുടെ അധിക്ഷേപത്തിനിരയായ തങ്ങളുടെ കുടുംബങ്ങളെ കണ്ടു.
സ്‌റ്റേഡിയത്തില്‍ യുറഗ്വായ് കളിക്കാരുടെ കുടുംബങ്ങള്‍ ഇരുന്നിടത്താണ് ആരാധകര്‍ തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിടെ പോലീസോ മറ്റു സുരക്ഷാ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. അതിനാല്‍ തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ കണക്കിലെടുത്ത് കൊളംബിയന്‍ ആരാധകരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതെന്നാണ് റി്‌പ്പോര്‍ട്ട്.
കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സുരക്ഷ പരിഗണിച്ചാണ് താരങ്ങള്‍ ആള്‍ക്കൂട്ടത്തിനു നേരെ തിരിഞ്ഞതെന്ന് യുറഗ്വായ് പ്രതിരോധതാരം ജോസ് മരിയ ജിമെനെസ് പറഞ്ഞു. 'ഇതൊരു ദുരന്തമാണ്. അവിടെയുണ്ടായിരുന്ന ഞങ്ങളുടെ കുടുംബം അപകടത്തിലായിരുന്നു. അവിടെ പോലീസുണ്ടായിരുന്നില്ല. ഞങ്ങളുടെ പ്രിയപ്പെട്ടവരെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ഇടപെടേണ്ടി വന്നു.'-ജിമെനെസ് പറഞ്ഞു.
Content Highlights: copa america semifinal uruguay star throws punches at fans