കാലമൊരുക്കിയ ക്ലാസിക് ഗെയിം; മെസിയും മരിയയും ചേര്‍ന്നൊരു ആഘോഷരാവ് ഇനിയുണ്ടാവില്ല

#ആര്‍.ഗിരീഷ്‌കുമാര്‍
എയ്ഞ്ചല്‍ ഡി മരിയ, ലയണല്‍ മെസ്സി, നിക്കോളാസ് ഒട്ടാമെന്‍ഡി
എയ്ഞ്ചല്‍ ഡി മരിയ, ലയണല്‍ മെസ്സി, നിക്കോളാസ് ഒട്ടാമെന്‍ഡി

തനിക്കൊപ്പംനിന്ന ഉറ്റതോഴന്റെ വിടവാങ്ങൽമത്സരത്തിൽ നൂറുശതമാനം നീതിപുലർത്താനായില്ലല്ലോ എന്ന സങ്കടമായിരുന്നു ലയണൽ മെസ്സിക്ക്. നീരുവന്നു വീർത്ത കാലിന്റെ വേദനയെക്കാൾ, മെസ്സിയെ കരയിപ്പിച്ചത് ആ ചിന്തയായിരിക്കണം. അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയുന്നുവെന്ന് പ്രഖ്യാപിച്ച എയ്ഞ്ചൽ ഡി മരിയക്ക് കിരീടമധുരം നൽകാനായില്ലെങ്കിലോ എന്ന അശുഭചിന്ത മെസ്സിയെ നോവിച്ചു.

എന്നാൽ, മെസ്സിയുടെ സങ്കടക്കണ്ണീർ ആനന്ദാശ്രുവാകാൻ അധികം കാത്തിരിക്കേണ്ടിവന്നില്ല. കഴിഞ്ഞ മൂന്നുഫൈനലിലും സ്കോർചെയ്ത ഡി മരിയ ഗോളടിച്ചില്ലെങ്കിലും അർജന്റീന കപ്പുയർത്തി. നാലുവർഷത്തിനിടെ, നാലാം അന്താരാഷ്ട്ര കിരീടം. ലോകകിരീടത്തിനുമുൻപും ശേഷവും ഭൂഖണ്ഡത്തിലെ കപ്പുയർത്തിയ ടീം എന്ന ഖ്യാതി സ്പെയിനിനുശേഷം അർജന്റീനയ്ക്കും സ്വന്തം. സ്പെയിൻ 2008, 2012 വർഷങ്ങളിൽ യൂറോകപ്പും 2010-ൽ ലോകകപ്പും നേടി. അർജന്റീന 2021, 2024 വർഷങ്ങളിൽ കോപ്പയും 2022-ൽ ലോകകപ്പും സ്വന്തമാക്കി.

തിങ്കളാഴ്ച രാവിലെ, കപ്പുയർത്താനായി തന്നെ ക്ഷണിച്ചപ്പോൾ മെസ്സി മറ്റൊന്നുകൂടി ചെയ്തു. കപ്പുമായി വരുന്നതുകാത്തിരുന്ന ടീമിനിടയിൽനിന്ന് രണ്ടുപേരെ അദ്ദേഹം മുന്നോട്ടേക്കു ക്ഷണിച്ചു. എയ്ഞ്ചൽ ഡി മരിയയെയും നിക്കോളാസ് ഒട്ടാമെൻഡിയെയും. ദേശീയടീമിലെ തന്റെ സമകാലികരെ, ഇനി ചിലപ്പോൾ മറ്റൊരു അന്താരാഷ്ട്ര കിരീടം ഒരുമിച്ചുയർത്താൻ സാധ്യതയില്ലാത്ത കൂട്ടുകാരെ മെസ്സി കൂടെക്കൂട്ടി. കോപ്പ അമേരിക്ക കിരീടം അവർ മൂവരുംചേർന്ന് ഏറ്റുവാങ്ങി.

മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ കലാശക്കളി മറ്റൊരു അപൂർവതയ്ക്കുകൂടി വേദിയായി. അർജന്റീനയുടെ ത്രിമൂർത്തികൾ, മെസ്സിയും മരിയയും ഒട്ടാമെൻഡിയും ക്യാപ്റ്റന്റെ ആംബാൻഡണിഞ്ഞു. 66-ാം മിനിറ്റിൽ കാൽക്കുഴയിലെ പരിക്ക് താങ്ങാനാകാതെ മെസ്സി കളംവിടുമ്പോൾ ആംബാൻഡ് മരിയയെ ഏൽപ്പിച്ചു. ക്യാപ്റ്റൻ അർപ്പിച്ച വിശ്വാസം തെറ്റിക്കാതെ മരിയ പിന്നീട് തകർത്തുകളിച്ചു. അധികസമയത്തേക്കു നീണ്ടപ്പോൾ, ടീമിന്റെ പ്രതിരോധം കൂടുതൽ കരുത്തുറ്റതാക്കാൻ മരിയയെ പിൻവലിച്ച് കോച്ച് ഒട്ടാമെൻഡിയെ കളത്തിലിറക്കി. മരിയ ആംബാൻഡ് ഒട്ടാമെൻഡിക്ക് കൈമാറി.

അർജന്റീനയ്ക്കായി നൂറിലേറെ മത്സരങ്ങൾ പൂർത്തിയാക്കിയവരാണ് മൂവരും. 2009 മുതൽ ദേശീയടീമിൽ സ്ഥിരമായി കളിക്കുന്നവർ. ഇക്കാലത്തിനിടെ, ഏഴ് അന്താരാഷ്ട്ര ടൂർണമെന്റുകളുടെ ഫൈനലിൽ ഇടംപിടിച്ചു. 2014 ലോകകപ്പിലും 2015, 2016 കോപ്പ ടൂർണമെന്റുകളിലും റണ്ണറപ്പായി. പിന്നീട് തുടർച്ചയായ നാലു കിരീടങ്ങൾ. ആ നേട്ടത്തിലെല്ലാം കൂട്ടുനിന്നവർക്കുള്ള ആദരമാണ് കിരീടധാരണവേളയിൽ മെസ്സി അർപ്പിച്ചത്.

മരിയ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിച്ചു. മെസ്സി അടുത്ത ലോകകപ്പിൽ കളിക്കുമോ എന്ന് തീരുമാനിച്ചിട്ടില്ല. നിക്കോളാസ് ഒട്ടാമെൻഡി പാരീസ് ഒളിമ്പിക്സിനുള്ള ടീമിൽ ‘സീനിയർ’ അംഗമായി ഇടംപിടിച്ചെങ്കിലും മൂവരും കരിയറിന്റെ സായന്തനത്തിലാണ്. ഒരുകാര്യം ഉറപ്പാണ്, മെസ്സിയും മരിയയും ഒട്ടാമെൻഡിയും ചേർന്നൊരു ആഘോഷരാവ് ഇനിയുണ്ടാകില്ല. അവർക്ക് ആഹ്ലാദിക്കാൻ എന്നേക്കുമായി കാലം ഒരുക്കിയതാണ് ഹാർഡ് റോക്ക് 

Content Highlights: copa america 2024 lionel messi and angel di maria