കേക്കിന്റെ മധുരമില്ലാതെ എന്ത് ക്രിസ്മസ്; പ്രമേഹരോഗികൾ വിഷമിക്കേണ്ട, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രമേഹരോഗികളുടെയും ഡയറ്റ് പാലിക്കുന്നവരുടെയും മനസ്സിൽ വേലിയേറ്റങ്ങളുടെ കാലമാണ് ഓരോ ആഘോഷങ്ങളും. പ്രത്യേകിച്ച് ക്രിസ്മസ്. ഈ ആഘോഷവേളയിൽ എങ്ങനെ കേക്ക് കഴിക്കാതിരിക്കും, ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ എങ്ങനെ മധുരം ഒഴിവാക്കും എന്നെല്ലാം ആലോചിച്ച് ടെൻഷനടിക്കുന്നവർ ധാരാളം ഉണ്ട്.
എന്നാൽ ആഘോഷത്തിന് കുറവൊന്നും വരുത്താതെ തന്നെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് എങ്ങനെ ക്രിസ്മസ് കാലത്ത് ഭക്ഷണ വിഭവങ്ങൾ ആസ്വദിക്കാം എന്ന് നോക്കാം.
Also Read: സ്‌കൂളുകൾക്കുള്ള ക്രിസ്മസ് അവധി പ്രഖ്യാപിച്ചു; ഇത്തവണ 12 ദിവസം ആഘോഷിക്കാം
ക്രിസ്മസിന് പ്രഭാത ഭക്ഷണമായി അപ്പവും സ്റ്റൂവും തിരഞ്ഞെടുക്കുന്നവർ ധാരളമുണ്ട്. നാരുകൾ കുറവായ അപ്പം വേഗം ദഹിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടുകയും ചെയ്യും. അതിനാൽ പ്രമേഹമുള്ളവർ ഒന്നോ രണ്ടോ അപ്പം മാത്രം കഴിക്കുന്നതാണ് അഭികാമ്യം. അപ്പം കഴിക്കുന്നതിനു മുൻപായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ആദ്യമേ കഴിക്കുന്നതിലൂടെ ഷുഗർ പെട്ടെന്ന് കൂടുന്നത് ഒഴിവാക്കാൻ സാധിക്കും. കോഴി ഇറച്ചിക്കറി ആണെങ്കിൽ അതിലെ ഒന്നോ രണ്ടോ ചെറിയ കഷ്ണങ്ങളോ മുട്ടയോ പയർ വിഭവങ്ങളോ ഇങ്ങനെ മുൻപേ കഴിക്കാവുന്നതാണ്.
കറികളിൽ എണ്ണ അധികം കലർന്ന ഗ്രേവി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാം. എണ്ണയിൽ കലോറി കൂടുതലായതിനാൽ ഗ്ലൂക്കോസ് കൂടാൻ സാധ്യതയുണ്ട്. നോൺ വെജ് ആഹാരം കഴിക്കുന്നതിന്റെ കൂടെ ധാരാളം നാരുകൾ അടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് കൊഴുപ്പിന്റെ ആഗിരണത്തിനും ഷുഗർ ലെവൽ നിയന്ത്രിക്കുന്നതിനും സഹായിക്കും. അതുകൊണ്ട് എണ്ണചേർത്ത് ഉണ്ടാക്കുന്ന പലഹാരങ്ങളിൽ എണ്ണയുടെ അളവ് പരിമിതപ്പെടുത്താനും ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്താനും മറക്കരുത്.
വൈനും കേക്കും
വൈൻ ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒരു കാലമാണിത്. വൈൻ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരിക്കലും ആഹാരത്തിനു മുൻപ് ഒഴിഞ്ഞ വയറിൽ വൈനോ മധുരമുള്ള മറ്റു പാനീയമോ കുടിക്കുവാൻ പാടില്ല . മുന്തിരി ഹൈ ഗ്ലൈസീമിക് ഇൻഡക്‌സ് ഉള്ള പഴമാണ്. വൈൻ നിർമാണത്തിൽ മുന്തിരിയോടൊപ്പം പഞ്ചസാര കൂടി ചേർക്കുന്നതിനാൽ വൈൻ കുടിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്ഷണത്തിൽ അമിതമായി വർധിക്കാനുള്ള സാധ്യത കൂടുതലാണ്. പഞ്ചസാരയുടെ അളവ് പരിഗണിച്ച് വൈൻ കുടിക്കുന്നതിൽ മിതത്വം പാലിക്കേണ്ടതാണ്.
Don’t Miss: ഇരുണ്ട ക്രിസ്മസിൽ നിന്ന് പ്രകാശത്തിന്റെയും പ്രത്യാശയുടേയും പൂർണതയിലേക്ക്
ക്രിസ്മസ് കാലത്ത് ഷുഗറിന്റെ അളവ് പിടിച്ചുനിർത്തുന്നതിൽ മറ്റൊരു വെല്ലുവിളി പ്ലം കേക്ക് ആയിരിക്കും. കേക്ക് പൂർണമായും ഒഴിവാക്കാതെ ഒരു ചെറിയ കഷണം കഴിക്കുന്നതിൽ തെറ്റില്ല. ഇനി അതല്ല, മൈദയ്ക്ക് പകരം ഹോൾ വീറ്റ് ഉപയോഗിച്ച് തയ്യാറാക്കുന്നതോ അല്ലെങ്കിൽ പഞ്ചസാരക്ക് പകരം സ്റ്റീവിയ പോലുള്ളവ ചേർത്തത് തയ്യാറാക്കുന്ന ഷുഗർ ഫ്രീ കേക്കുകളോ ആണെങ്കിൽ ഒരൽപ്പം കൂടുതൽ കഴിക്കുന്നതിൽ തെറ്റില്ല. അപ്പോഴും വെറും വയറ്റിൽ മധുരമുള്ള പലഹാരങ്ങൾ ആദ്യം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
മാടിവിളിക്കുന്ന മധുര പലഹാരങ്ങൾ
ഷെൽഫിൽ ഇരിക്കുന്ന നിറമുള്ള പലഹാരങ്ങളിൽ പലതും നമ്മെ നോക്കി ചിരിക്കുന്ന ഷുഗർ ബോംബുകളാണ്. ഇവയ്ക്ക് പകരമായി ഗ്ലൈസീമിക് ഇൻഡക്‌സ് കുറഞ്ഞ പഴങ്ങൾ, നട്ട്‌സ്, സീഡുകൾ എന്നിവ ഉപയോഗിക്കാം. മധുര പലഹാരങ്ങൾ കണ്ടാൽ നിയന്ത്രണം പോകുന്നവർ ഉണ്ടെങ്കിൽ ഈ സീസണിൽ അത്തരം പലഹാരങ്ങൾ അവരുടെ ശ്രദ്ധയിൽ പെടാതെ സൂക്ഷിക്കുന്നതും നന്നായിരിക്കും.
പ്രമേഹരോഗികൾ ആണെന്ന് അറിയാവുന്നവരും ഡയറ്റ് പിന്തുടരുന്നു എന്ന് അറിവുണ്ടെങ്കിലും പലപ്പോഴും ആഘോഷവേളകളിൽ കുടുംബങ്ങൾ ഒത്തുചേരുമ്പോൾ മധുരം കഴിക്കാതെ മാറിനിൽക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ അവരുടെ നിർബന്ധത്തിനു വഴങ്ങി കഴിക്കുകയാണെങ്കിൽ പോലും ഒരു ചെറിയ കഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ഒഴിവാക്കാൻ സാധിച്ചാൽ അത്രയും നല്ലത്.
ആഘോഷ സമയങ്ങൾക്ക് പുറമെ എല്ലാ സമയത്തും ഭക്ഷണവുമായി ബന്ധപ്പെട്ട് പൊതുവെ ശ്രദ്ധിക്കണ്ട കാര്യങ്ങളുണ്ട്. ആഹാരം കഴിച്ച ഉടൻ കസേരയിലോ സോഫയിലോ കിടക്കയിലോ വിശ്രമിക്കാൻ പോകുന്നത് നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് കാരണമാകും. ഇതിന് പകരം പത്തോ ഇരുപതോ മിനിറ്റ് നടക്കുന്നത് ശീലമാക്കുക. ഇതുവഴി ഇൻസുലിൻ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന കാലിലെ പേശികൾ ഉത്തേജിക്കപ്പെടുകയും രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
ആഘോഷങ്ങളിൽ സന്തോഷത്തോടെ തന്നെ പങ്കെടുക്കുക. ഇത്തരം സന്ദർഭങ്ങളിൽ കുടുംബങ്ങളുടെ ഒത്തുചേരൽ നമ്മുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് അനിവാര്യമാണ്. പ്രമേഹരോഗികളെയും ഡയറ്റ് ശ്രദ്ധിക്കുന്നവരുടെയും കാര്യത്തിൽ ഒരൽപ്പം ശ്രദ്ധ കൊടുത്തുകൊണ്ട് തന്നെ ആഘോഷവേളകൾ അവിസ്മരണീയമാക്കാം.+
(കൊച്ചി അമൃത ആശുപത്രിയിലെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ വിഭാഗം മേധാവിയാണ് ലേഖിക)
Content Highlights: Christmas Without Sugar Worries: Smart Festive Tips for People With Diabetes