പ്ലാസ്റ്റിക്കില്ല, അടര്‍ത്തിമാറ്റി സൂക്ഷിക്കാം; പുല്‍ക്കൂട് നിര്‍മാണത്തില്‍ പുതുമ സൃഷ്ടിച്ച കുടുംബം

ലെനിന്‍ ജോയിയും കുടുംബവും പുല്‍ക്കൂടുനിര്‍മാണത്തില്‍ | ഫോട്ടോ: മാതൃഭൂമി
ലെനിന്‍ ജോയിയും കുടുംബവും പുല്‍ക്കൂടുനിര്‍മാണത്തില്‍ | ഫോട്ടോ: മാതൃഭൂമി

മാള : പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ക്രിസ്മസിന് സഹനത്തിന്റെയും പ്രതീക്ഷയുടെയും ചരിത്രംകൂടി പറയാനുണ്ട്. ലോകത്താകമാനമുള്ള വിശ്വാസികള്‍ക്ക് ക്രിസ്മസ് കാലത്തെ വരവേല്‍ക്കാന്‍ പുല്‍ക്കൂടുകള്‍ മാറ്റിനിര്‍ത്താനാകില്ല. പലതരത്തിലും വലുപ്പത്തിലും ഇന്ന് പുല്‍ക്കൂടുകള്‍ വിപണിയില്‍ നിറയുന്നുണ്ട്. കേടുകൂടാതെ അടര്‍ത്തിമാറ്റി സൂക്ഷിക്കാവുന്ന പുല്‍ക്കൂടൊരുക്കി വിപണിയില്‍ വ്യത്യസ്തനാകുകയാണ് മാരേക്കാട് സ്വദേശിയായ ഗ്രാഫിക് ഡിസൈനര്‍ ലെനിന്‍ ജോയിയും കുടുംബവും.

പുല്‍ക്കൂടുനിര്‍മാണത്തില്‍ ഓരോ വര്‍ഷവും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയത്തിലാണ് ഈ കുടുംബം. പുല്‍ക്കൂട് ആറ് ഭാഗമാക്കി അടുക്കിവെക്കാവുന്ന തരത്തിലാണ് നിര്‍മിക്കുന്നത്. വീണ്ടും അതേപടി പുല്‍ക്കൂടാക്കിമാറ്റുന്നതിന് യോജിപ്പിക്കുന്ന ഭാഗങ്ങളില്‍ കാന്തം പിടിപ്പിച്ചിട്ടുണ്ട്. ആവശ്യം കഴിഞ്ഞാല്‍ അതേ പെട്ടിയില്‍ത്തന്നെ സുരക്ഷിതമാക്കി സൂക്ഷിക്കാനും കഴിയും. രണ്ടു കിലോ മാത്രം ഭാരമുള്ള പുല്‍ക്കൂടാണ് നിര്‍മിക്കുന്നത്.

തെര്‍മോകോള്‍, തുണി, ചകിരിനാരുകള്‍, സിമന്റ്, പശ എന്നിവയാണ് പുല്‍ക്കൂടൊരുക്കാന്‍ ഉപയോഗിക്കുന്നത്. തെര്‍മോകോള്‍ മുറിച്ചെടുത്ത് അതില്‍ കല്ലുപതിച്ച രൂപത്തിലേക്ക് മാറ്റും. തുടര്‍ന്ന് പശയില്‍ മുക്കിയെടുത്ത് ഉണങ്ങിയ ശേഷം സിമന്റ് ലായനിയിലേക്ക് മാറ്റും. സിമന്റ് ലായനിയില്‍ നിന്നെടുത്തശേഷം രണ്ടു ദിവസം വെള്ളം നനച്ചിടും. തുടര്‍ന്ന് പോളിഷും ആവശ്യമായ നിറവും നല്‍കും. ചകിരിനാരുകള്‍ പാകിയാണ് മേല്‍ക്കൂരയൊരുക്കുന്നത്. അകത്ത് വിവിധ വര്‍ണങ്ങള്‍ മിന്നിമറയുന്ന പ്രകാശം നല്‍കുന്ന ലൈറ്റുകളും ഘടിപ്പിച്ചാണ് പുല്‍ക്കൂട് സജ്ജമാക്കുന്നത്.

വിവിധ ഘട്ടങ്ങളായി അഞ്ചു ദിവസം കൊണ്ടാണ് ഓരോ പുല്‍ക്കൂടും പൂര്‍ത്തിയാക്കുന്നത്. ഓരോ വര്‍ഷവും ശരാശരി അഞ്ഞൂറോളം പുല്‍ക്കൂടുകളാണ് നിര്‍മിക്കുന്നത്. പുല്‍ക്കൂടിന്റെ നിര്‍മാണത്തില്‍ വ്യത്യസ്തതയാണ് ലെനിന്‍ ജോയ് തേടുന്നത്. അമ്മ അമ്മിണിയും ഭാര്യ നീനുവും ഒപ്പം ചേര്‍ന്നപ്പോള്‍ പുല്‍ക്കൂടൊരുക്കുന്നത് വരുമാനമാര്‍ഗമാക്കി. പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കിയാണ് പാലയ്ക്കല്‍ കുടുംബത്തില്‍നിന്ന് തിരുപ്പിറവിക്കായി പുല്‍ക്കൂടുകള്‍ എത്തുന്നത്.

Content Highlights: thrissur family makes christmas crib in an innovative style