ശാന്തരാത്രി, തിരുരാത്രി എന്ന ലോകപ്രശസ്ത ക്രിസ്മസ് ഗാനം പിറന്ന കഥ

Representative Image | Photo: Canva.com
Representative Image | Photo: Canva.com

ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിന് വടക്കുള്ള ഓബേണ്‍ഡോര്‍ഫില്‍ 1818 ഡിസംബര്‍ 24-ലെ സന്ധ്യയ്ക്ക് കടുംകാവിനിറമായിരുന്നു. അവിടെയുള്ള സെയ്ന്റ് നിക്കോളസ് ദേവാലയത്തിലെ പുരോഹിതനായ ജോസഫ് മോര്‍ രാത്രിയിലെ ക്രിസ്മസ് ആരാധനയ്ക്കായി തയ്യാറെടുക്കുമ്പോഴാണ് ഞെട്ടിക്കുന്ന ആ കാര്യം അറിഞ്ഞത്, ദേവാലയത്തിലെ ഓര്‍ഗന്‍ എങ്ങനെയോ ഉപയോഗശൂന്യമായിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി അവിടത്തെ ഗായകസംഘം പരിശീലിച്ചുവന്ന ഗാനങ്ങളെല്ലാം വൃഥാവിലായി എന്ന് തോന്നിപ്പോയ നിമിഷം. എന്നാല്‍ മനുഷ്യന്റെ പ്രശ്‌നങ്ങളെല്ലാം ദൈവത്തിന്റെ അവസരങ്ങളാണെന്ന് കരുതുന്ന ശുഭാപ്തിവിശ്വാസിയായ ജോസഫ് മോര്‍ പ്രതീക്ഷ കൈവിട്ടില്ല.

പെട്ടെന്ന് തന്നെ ദേവാലയത്തിലെ ഓര്‍ഗന്റെ പശ്ചാത്തലസംഗീതം ഇല്ലാതെ പാടുവാന്‍ പറ്റുന്ന ഒരുഗാനം എഴുതാന്‍ അദ്ദേഹം തീരുമാനിച്ചു. രണ്ടുവര്‍ഷംമുന്‍പ് ജര്‍മന്‍ ഭാഷയില്‍ അദ്ദേഹം എഴുതിയ ഒരു ഗാനത്തില്‍ അല്പം മിനുക്കുപണികള്‍ നടത്തുകയുംചെയ്തു. ഈ സമയം യൂറോപ്പ് രാഷ്ട്രീയപ്രക്ഷോഭങ്ങളും യുദ്ധങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്‍പ്പെടെയുള്ള പരിവര്‍ത്തനങ്ങളുടെ അവസ്ഥയിലായിരുന്നു. കൂടാതെ, വിളനാശം കൂടുതല്‍ ബുദ്ധിമുട്ടുകളിലേക്ക് നയിച്ചു. ഫ്രഞ്ച് സൈനികരും അധിനിവേശങ്ങളും അക്രമാസക്തമായ കുറ്റകൃത്യങ്ങളും സാധാരണമായിരുന്ന ഒരു കാലഘട്ടത്തിലാണ് ജോസഫ് മോര്‍ ഈ ഗാനത്തിലെ വരികള്‍ എഴുതിയത്.

Stille Nacht, heilige Nacht, Alles schläft; einsam wacht എന്ന് തുടങ്ങുന്ന ഈ ഗാനം നമുക്കേവര്‍ക്കും അറിയാം. അതിന്റെ ഇംഗ്ലീഷ് മൊഴിമാറ്റം ലോകപ്രശസ്തമായ Silent night! Holy night! All is calm, all is bright എന്ന ഗാനത്തിന്റെ പിറവി അങ്ങനെയായിരുന്നു. പ്രാദേശിക സ്‌കൂള്‍ അധ്യാപകനായിരുന്ന ദേവാലയത്തിലെ ഓര്‍ഗനിസ്റ്റായ ഫ്രാന്‍സിസ് സേവ്യര്‍ ഗ്രൂബററോട് ഗിറ്റാറില്‍ ലളിതമായ ഒരു ഈണം നല്‍കുവാന്‍ ജോസഫ് മോര്‍ ആവശ്യപ്പെട്ടു. ഗ്രൂബര്‍ പെട്ടെന്ന് തന്നെ മനോഹരമായ ഒരു സംഗീതം ഈ ഗാനത്തിനായി ചമച്ചു. ഇന്ന് നമുക്കറിയാവുന്ന ഗാനത്തിന്റെ വേഗത കുറഞ്ഞതുമായ പതിപ്പിനേക്കാള്‍ അല്പം വേഗതയുള്ളതായിരുന്നു യഥാര്‍ഥ സംഗീതക്രമീകരണം. എന്നാല്‍ ഈ ഗാനം ഉടനടി ഹിറ്റായി.

കുറച്ചുദിവസങ്ങള്‍ക്ക് ശേഷം സെയ്ന്റ് നിക്കോളാസ് ദേവാലയത്തിലേക്ക് കാള്‍ മൗറേഷര്‍ എന്നയാള്‍ ഉപയോഗശൂന്യമായ ഓര്‍ഗന്‍ നന്നാക്കാനായെത്തി. അറ്റകുറ്റപ്പണികള്‍ക്കൊടുവില്‍ അവസാനം ഓര്‍ഗന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ ഗ്രൂബര്‍ ആദ്യം വായിച്ചത് പ്രസ്തുത ഗാനമായിരുന്നു. ഈ ഗാനത്തില്‍ മതിപ്പുളവായ കാള്‍ മൗറേഷര്‍ സംഗീതത്തിന്റെ പകര്‍പ്പുകള്‍ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെയുള്ള പ്രശസ്തരായ രണ്ട് ഗായകരുടെ കുടുംബങ്ങളായ റെയ്നേഴ്സും സ്ട്രാസേഴ്സും ഈ ഗാനം അവരുടെ ക്രിസ്മസ് കാരളുകളില്‍ ഉള്‍പ്പെടുത്തി. പ്രസിദ്ധമായ പര്‍വതമാന്‍ ചര്‍മം (Chamois )കൊണ്ട് കൈയുറകള്‍ നിര്‍മിക്കുന്നവരായിരുന്നു സ്ട്രാസേഴ്സ് കുടുംബം. കച്ചവടമേളകളിലും പെരുന്നാളുകളിലും അവരുടെ ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്ന കടകള്‍ക്കുമുന്നില്‍ സ്ട്രാസേഴ്സ് കുടുംബത്തിലെ നാല് പെണ്‍കുട്ടികള്‍ പാട്ടുപാടുന്ന പതിവുണ്ടായിരുന്നു. കരോലിന്‍, ആന്‍ഡ്രിയാസ്, അമീലി, ജോസഫ് എന്നീ പെണ്‍കുട്ടികള്‍ ഈ ഗാനത്തെ ആല്‍പ്സ് മേഖലയില്‍ മുഴുവന്‍ പ്രസിദ്ധമാക്കി. പ്രഷ്യയിലെ ഫ്രെഡറിക് നാലാമന്‍ രാജാവിന്റെ മുന്‍പാകെവരെ ഈ ഗാനം ആലപിക്കുവാന്‍ സ്ട്രാസേഴ്സ് സഹോദരിമാര്‍ക്ക് അവസരം ലഭിച്ചു. റെയ്നേഴ്സ് ഗാനം അമേരിക്കയില്‍ എത്തിച്ചു.

ഇന്ന്, സൈലന്റ് നൈറ്റ് ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ക്രിസ്മസ് കാരള്‍ ഗാനമാണ്. മുന്നൂറിലേറെ ഭാഷകളിലേക്കും ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1838-ല്‍ പ്രസിദ്ധീകരിച്ച ഒരു ജര്‍മന്‍ കീര്‍ത്തനസമാഹാരത്തിലാണ് ഈ ഗാനം ആദ്യമായി അച്ചടിമഷിപുരണ്ടത്. തന്റെ ഗാനം ലോകപ്രശസ്തമാകുമെന്നറിയാതെ 1848 ഡിസംബര്‍ നാലിന്, ജോസഫ് മോര്‍ ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍മൂലം ഇഹലോകവാസം വെടിഞ്ഞു. 1863-ല്‍ ഈ ഗാനം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 2011-ല്‍ യുനെസ്‌കോയുടെ പുരസ്‌കാരത്തിനു ഈ ഗാനം അര്‍ഹമായി.

എല്ലാവര്‍ഷവും ക്രിസ്മസിന്, ഓബേണ്‍ഡോര്‍ഫില്‍ പ്രത്യേക 'സൈലന്റ് നൈറ്റ്' തപാല്‍ ഓഫീസ് അതിന്റെ വാതിലുകള്‍ തുറക്കുന്നു. ഈ തപാല്‍ ഓഫീസില്‍നിന്നും അയക്കുന്ന എല്ലാ കത്തുകളും പോസ്റ്റ്കാര്‍ഡുകളും നിലവിലെ ഓസ്ട്രിയന്‍ ക്രിസ്മസ് സ്റ്റാമ്പിനൊപ്പം പ്രത്യേക 'സൈലന്റ് നൈറ്റ്' പോസ്റ്റ്മാര്‍ക്ക് ഉപയോഗിച്ച് സീല്‍ ചെയ്യുകയുംചെയ്യും. 2004 മുതല്‍ സൈലന്റ് നൈറ്റ് അസോസിയേഷന്‍ എല്ലാവര്‍ഷവും ഒരു സൈലന്റ് നൈറ്റ് സ്റ്റാമ്പ് പ്രസിദ്ധീകരിക്കുന്നു.

ഇവിടെനിന്നും അയക്കുന്ന കത്തുകളും പോസ്റ്റ്കാര്‍ഡുകളും നിലവിലെ ഓസ്ട്രിയന്‍ ക്രിസ്മസ് സ്റ്റാമ്പിനൊപ്പം പ്രത്യേക 'സൈലന്റ് നൈറ്റ്' പോസ്റ്റ്മാര്‍ക്ക് ഉപയോഗിച്ച് സീല്‍ ചെയ്യും. 2004 മുതല്‍ സൈലന്റ് നൈറ്റ് അസോസിയേഷന്‍ എല്ലാ വര്‍ഷവും ഒരു സൈലന്റ് നൈറ്റ് സ്റ്റാമ്പ് പുറത്തിറക്കുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ കാരണം, സെയ്ന്റ് നിക്കോളാസ് ദേവാലയം പൂര്‍ണമായും തകര്‍ന്നു. ഒരു ദശാബ്ദത്തിന് ശേഷം, ഇന്നത്തെ മെമ്മോറിയല്‍ ചാപ്പലിന് തറക്കല്ലിട്ടു, തുടര്‍ന്ന് 1937 ഓഗസ്റ്റ് 15-ന് അതിന്റെ കൂദാശയും നടന്നു. അതിനുശേഷം, ലോകപ്രശസ്തമായ ഈ ക്രിസ്മസ് കാരള്‍ ഗാനത്തിന്റെ വേരുകള്‍ തേടി മെമ്മോറിയല്‍ ചാപ്പല്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് തീര്‍ഥാടകരെയും പത്രപ്രവര്‍ത്തകരെയും ആകര്‍ഷിക്കുന്നു. അന്ന് ഈ ദേവാലയത്തിലെ ഓര്‍ഗന്‍ ഉപയോഗശൂന്യമായതുകൊണ്ടാണ് നമുക്ക് ഇങ്ങനെയൊരു പ്രശസ്തമായ ഗാനം ലഭിച്ചതെന്ന് ഓര്‍ക്കുക.

എന്റെ ബാല്യകാലത്ത് ക്രിസ്മസിനോടനുബന്ധിച്ചു വീടുകളില്‍ കാരള്‍ സംഘങ്ങള്‍ എത്തുന്നത് പതിവായിരുന്നു. അന്ന് കേട്ടിരുന്ന ഒരു ഗാനമാണ് 'ശാന്തരാത്രി തിരുരാത്രി' എന്നത്. പലരും കരുതുന്നത് പോലെ ഇതൊരു ക്രിസ്തീയഗാനമോ കാരള്‍ ഗാനമോ അല്ല. 1979-ലെ ക്രിസ്മസ് ദിനത്തില്‍ റിലീസായ ജേസിയുടെ സംവിധാനത്തില്‍ പിറവികൊണ്ട 'തുറമുഖം' എന്ന ചലച്ചിത്രത്തിലാണ് ഈ ഗാനമുള്ളത്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.കെ. അര്‍ജുനന്‍ ആണ്. ഗാനം ആലപിച്ചത് പ്രശസ്ത പിന്നണിഗായകന്‍ ജോളി ഏബ്രഹാമും സംഘവുമാണ്.

Content Highlights: story behind the origin of the song shaantaratri thiruraatri