എവിടെയെഴുതും ഈ വര്‍ണചിത്രം

ശീലങ്ങളില്‍ നൈസര്‍ഗികമായി അലിഞ്ഞുചേരുന്ന ചിലത് പുറത്തുള്ള ഒന്നാണെന്നു ചിന്തിക്കുക തന്നെ പ്രയാസം ആണ്. മലയാളിയുടെ എന്നുവേണ്ട, ലോകത്തുള്ള ഒട്ടനവധി പേരുടെ ശീലങ്ങളില്‍ അപ്രകാരം അലിഞ്ഞു ചേര്‍ന്ന ശബ്ദത്തിന്റെയും ചിരിയുടെയും ആകാരത്തിന്റെയും ഉടമയാണ് കെ. എസ്. ചിത്ര. അവര്‍ക്ക് വയസാകുമ്പോള്‍ ഓര്‍മ്മകള്‍ക്ക് വയസാവുന്നു. ഗാനങ്ങള്‍ക്ക് യൗവനവും. ചിത്രയുടെ അറുപതാം പിറന്നാള്‍ എന്ന് ഈ ദിവസങ്ങളില്‍ എഴുതുമ്പോള്‍. വായിക്കുമ്പോള്‍ അവര്‍ സജീവമായി ഗാനരംഗത്ത് നിലകൊണ്ടെ നീണ്ട വര്‍ഷങ്ങളുടെ ചരിത്രഗതിയെ ഓര്‍ക്കേണ്ടിവരുന്നു. മലയാളം സാഹിത്യപുരോഗമനത്തിന്റെ ആധുനികതയെ നവോത്ഥാനചിന്തകള്‍ കൊണ്ട് ഉണര്‍ത്തിയെടുത്തുതുടങ്ങിയ അറുപതുകളില്‍ ജനിച്ച ഒരുവള്‍ വിവിധ ഭാഷകളിലായി മുപ്പതിനായിരത്തില്‍ അധികം പാട്ടുകള്‍ പാടി ഭാഷാവിനിമയത്തിന്റെ അതിരുകളെ ലംഘിച്ച ചരിത്രം കൂടിയാണ് അത്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്കാരവും പല തവണ നേടിക്കൊണ്ട്, പത്മശ്രീയും പത്മഭൂഷണും നേടിക്കൊണ്ട് അന്നേക്കും ഇന്നേക്കും അതേ തുറന്ന ചിരിയോടെ, ചിരിയില്‍ കവിളിലൂടെ അടഞ്ഞുപോകുന്ന കണ്‍തടങ്ങളുടെ അനിഷേധ്യമായ സ്നേഹവായ്പ്പോടെ.
ദക്ഷിണേന്ത്യയില്‍ നൈറ്റിംഗേൽ
ഉത്തരേന്ത്യയില്‍ പിയ ബസന്തി
കേരളത്തില്‍ വാനമ്പാടി,
തമിഴ്നാട്ടില്‍ ചിന്നക്കുയില്‍,
കര്‍ണ്ണാടകയില്‍ കന്നഡകോഗിലേ,
തെലങ്കാനയില്‍ സംഗീതസരസ്വതി
ഇങ്ങനെ ചിത്രയുടെ ശബ്ദനാമങ്ങള്‍ ഒരു കവിത കണക്ക് വരിവച്ച് ദേശങ്ങളും ഭാഷകളും താണ്ടി. ഒരുപോലെ ഏവര്‍ക്കും സ്വന്തം തോന്നുന്ന ശബ്ദവുമായി, വേഷപ്പകര്‍ച്ചകളുടെയോ അമിത ആഹ്ലാദത്തിന്റെയോ തള്ളലുകള്‍ ഇല്ലാതെ സ്വന്തം പ്രവൃത്തിയുടെ അത്രമേല്‍ സ്വച്ഛമായ ആവിഷ്കാരമായി ചിത്ര ജീവിതം നയിക്കുന്ന കാഴ്ച, എത്ര അസ്വസ്ഥമായ ഹൃദയങ്ങളെ പോലും അല്‍പനേരത്തേയ്ക്ക് സമാധാനചിത്തരാക്കും. ഒരിക്കല്‍ അവര്‍ കരഞ്ഞപ്പോള്‍ നമ്മള്‍ കരഞ്ഞത് അതുകൊണ്ടാണ്. ശബ്ദത്തിന്റെ ഉച്ചസ്ഥായിയില്‍ തൊണ്ടയില്‍ മുറുകിയ വേദനയെ “ കൃഷ്ണാ.. “ എന്ന മുറുകി വിളികൊണ്ട് അവര്‍ ഇറുക്കെ പിടിക്കുമ്പോള്‍, കണ്ണനില്‍ വേദന അലിയിച്ചതായി ദൈവഭക്തരും സംഗീതത്തില്‍ ഇറങ്ങി മറക്കാന്‍ ശ്രമിച്ചതായി സംഗീതഭക്തരും ഉള്‍ക്കൊണ്ടു. സാധാരണജനം പരിഹാരം ഇല്ലാത്ത വേദനകള്‍ സഹിക്കാന്‍ ആ വിങ്ങലിനെ കൂട്ടുപിടിച്ചു, ഏകാകികളായ സ്ത്രീകള്‍, മഴ പെയ്യുന്നൊരു ഹൃദയത്തോടെ വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍ എന്ന ഗാനത്തിന്റെ തോണിത്തുമ്പില്‍ നനഞ്ഞുനിന്നു. എവിടെ എന്റെ സ്നേഹഗായകന്‍ എന്ന് സ്നേഹത്തിന്റെ പലതരം വേദനകളെ ഭാവാത്മകമാക്കി. നടി ഉര്‍വശി എന്നാല്‍ തങ്കത്തോണി എന്ന പദം പാടുമ്പോള്‍ ഉള്ള സന്തോഷത്തിന്റെ തുള്ളലായി അടയാളപ്പെടുത്തി. “പരുമലച്ചെരുവിലെ"ഉര്‍വശിയുടെ മദ്യപിച്ച സ്വരമായി. നടിയുടെ രൂപവും ശബ്ദവുമായി ഗായികയുടെ ശൈലിയും ശബ്ദവും അത്രയേറെ ഒരുമിച്ചു പോകുന്ന തരം അനുഭവം കെ.എസ്. ചിത്രയുടെ സംഗീതയാത്രകളില്‍ ഉടനീളം കാണാന്‍ സാധിക്കും. ഭാഷ അത്രമേല്‍ സ്വാഭാവികമായി ഉപയോഗിക്കുന്നതിന്റെ വ്യക്തതയും വികാര വ്യതിയാനങ്ങളുടെ വ്യക്തതയും കൊണ്ട് സിനിമയുടെ അവിഭാജ്യ ഘടകമായി അവര്‍ മാറി.
കുത്തകകളുടെ അധികാര അനുനയങ്ങള്‍ നിറഞ്ഞ ഒരു വാണിജ്യ ഇടം കൂടിയാണ് കലാരംഗം എന്ന സത്യം നിലനില്‍ക്കേ തന്നെ ആ ഇടത്തെ മനുഷ്യബന്ധങ്ങളുടെ ഇടമാക്കിയതില്‍ കെ എസ് ചിത്രയുടെ പങ്ക് വലുതാണ് കലയുടെ മത്സരങ്ങളില്‍ വിധികര്‍ത്താവായി വരുമ്പോള്‍, കപടതയുടെ അഭിനന്ദനങ്ങളോ വാചാടോപങ്ങളോ ഇല്ലാതെ വേണ്ടതു മാത്രം തിരുത്താന്‍ ശ്രമിച്ച്, അങ്ങേയറ്റം സൂക്ഷ്മതയോടെ കുഞ്ഞുങ്ങളോട് വാക്കുകള്‍ ഉപയോഗിച്ച്, പോരാടും പോര്‍ക്കളത്തെ ഇരവായാലും പകല്‍ വരുമെന്ന പ്രതീക്ഷയുടെ പൂക്കളമാക്കി ചിത്ര മാറ്റി.1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ പുത്രിയായി തിരുവനന്തപുരത്ത് ജനിച്ച ചിത്ര ഏന്ന പെണ്‍കുട്ടി ഡോ. കെ. എസ്. ചിത്ര ആയി മാറിയത് സ്വന്തം ജ്ഞാനവും നിരന്തരപ്രയത്നവും കൊണ്ടാണ്. സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച കുട്ടി, നല്ല ഗുരു, നല്ല ബന്ധങ്ങള്‍ ഇതൊക്കെ തുടക്കക്കാരിയ്ക്ക് സഹായമായി എന്നുവരാം. തുടര്‍ച്ച എന്ന കടമ്പ പക്ഷേ അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന ഒന്നല്ല. അത് ഏവര്‍ക്കും സാധ്യവും അല്ല. 1979ല്‍ ആദ്യഗാനം പാടിയ ഒരുവള്‍ നീണ്ട നാല്പത്തിനാലു വര്‍ഷങ്ങള്‍ അതേപടി നിലകൊള്ളുന്ന വിചിത്രമായ കാഴ്ചയുടെ തലമുറകളില്‍ പെട്ടു എന്ന ഭാഗ്യം നമുക്കുണ്ട്.
ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയ ഗായികയായി അവര്‍ ജീവിച്ച നീണ്ട വര്‍ഷങ്ങള്‍ ഒരാളുടെ സ്വയം സമര്‍പ്പണത്തിന്റെ ഫലം തന്നെയാണ്. 6 തവണ ക്രേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ്, 16 തവണ കേരളസംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, 9 തവണ ആന്ധ്രാ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, 4 തവണ തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, 3 തവണ കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, 1997ല്‍ കലൈമാമണി, 2005ല്‍ പത്മശ്രീ, 2021-ല്‍ പദ്മവിഭൂഷണ്‍ ഇങ്ങനെ മികവിന്റെ പ്രൊഫൈല്‍ അടയാളപ്പെടുമ്പോള്‍ ഡോ. കെ. എസ്. ചിത്ര എന്ന സ്ത്രീയുടെ നാമം ചരിത്രപുസ്തകത്തില്‍ എഴുതപ്പെട്ടതായി നാം മനസിലാക്കുന്നു. മലയാളസാഹിത്യചരിത്രത്തില്‍ പെണ്‍ എഴുത്തുകാരുടെ നാമങ്ങളെ ഒരിടത്തും കുറിയ്ക്കപ്പെട്ടിട്ടില്ലാത്ത കാലത്ത്, സിനിമാ സംഗീതത്തിന്റെ ചരിത്രപുസ്തകത്തില്‍ ഇടം നേടുക എന്നത് ഒരു സ്ത്രീ എന്നനിലയില്‍ ഒട്ടും സ്വാഭാവികം അല്ല.ആത്മനിഷ്ഠതയും ഭാവതീവ്രതയും വിഷയമാക്കി കഥകളും കവിതകളും എഴുതിയ സ്ത്രീ എഴുത്തുകാര്‍ വിസ്മരിക്കപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്ത എണ്‍പതുകളില്‍ ആണ് ചിത്ര തുടങ്ങിയത്. ആരെഴുതിയാലും ആ വരികളെ ആവിഷ്കാരത്തിന്റെ ഉന്നതിയില്‍ എത്തിച്ച് ഭാഷയെ ചരിത്രവത്കരിച്ച, അവതരണഭാഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഭാഷാപ്രവര്‍ത്തകയായി ആ തരത്തില്‍ ചിത്രയെ കാണാവുന്നതാണ്.
കാലം മാറുമ്പോള്‍ ആസ്വാദനത്തിന്റെ രീതികള്‍ക്ക് വരുന്ന മാറ്റങ്ങളെപറ്റി ചിന്തിക്കാത്ത ഒരാള്‍ക്ക് നിലനില്‍ക്കാന്‍ പ്രയാസങ്ങള്‍ നേരിടാറുണ്ട്. അങ്ങനെ ചിന്തിക്കുമ്പോള്‍ നവ റീമിക്സുകള്‍ ഒറിജിനല്‍ സംഗീതസംവിധായകര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നതോടൊപ്പം തെറ്റായ ധാരണകള്‍ പുതുതലമുറയില്‍ ഉണ്ടാക്കുവാനും കാരണമാകുന്നതായി ചിത്ര നിരീക്ഷിക്കുന്ന കാര്യം കുറിയ്ക്കേണ്ടിവരുന്നു. ഒരു ഗാനം, അതിന്റെ ശൂന്യതയില്‍ നിന്ന് രൂപം കൊടുക്കുന്ന സംവിധായകരുടെ അധ്വാനം ആയി കാണുന്ന ചിത്ര, അതു പരമാവധി നീതി പുലര്‍ത്തി പാടുക എന്നതാണ് തന്റെ കര്‍ത്തവ്യം എന്നു കരുതുന്നു. ആ ഗാനത്തെ കുറിച്ചുള്ള അടിസ്ഥാനധാരണകള്‍ ഇല്ലാതെ ഉറവിടം മാറ്റുന്ന പുതുതലമുറയുടെ പ്രതിനിധിയെയും ഒരു അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതു നവീകരണവും അടിസ്ഥാന അറിവിന്റെ അപരവത്കരണം ആയി മാറുന്നതിനോട് പൊരുത്തപ്പെടാന്‍ കെ. എസ്. ചിത്രയ്ക്ക് പ്രയാസം ഉണ്ട്. ഓരോ വ്യക്തിയും എടുക്കുന്ന അധ്വാനം നിസാരമല്ല എന്ന ചിന്ത അങ്ങനെ ഒരു ആശയത്തിലേക്ക് ചിത്രയെ കൊണ്ടെത്തിക്കുന്നു. പാകത എന്നത് സൌമ്യതയും സ്നേഹവും പരിഗണനയും ആണെന്ന് അവര്‍ ആണയിടുന്നു. വൃദ്ധരും കുഞ്ഞുങ്ങളും ഏതു വിഭാഗവും ചിത്രയുടെ ആ ഈണം തന്നെ കേള്‍ക്കുന്നു. അമ്മയും വല്യമ്മയും ചേച്ചിയും മാഡവും ആയി അവര്‍ ഏവരുടെയും വിട്ടിലെ ഒരാള്‍ ആയി മാറുന്നു. വിപരീതങ്ങള്‍ക്ക് ഒരു തലമുറയെ ഒന്നടങ്കം പഴിപറയുന്ന മൂത്തതലയായി അവര്‍ ഒരിക്കലും നിലകൊള്ളുന്നില്ല. മറിച്ചു അതൊരു ചെറിയ വിഭാഗത്തിന്റെ ആശയം ആയി മാത്രം കാണുകയും ചെയ്യുന്നു. പാട്ടിന്റെ വൈവിദ്ധ്യം പോലെ ജീവിതം അതിന്റെ വൈവിദ്ധ്യം എല്ലായിടത്തും പ്രദര്‍ശിപ്പിക്കുന്നു എന്ന് തിരിച്ചറിയുന്ന വ്യക്തിയുടെ പേരിന് ചിത്ര എന്ന് ആമുഖം ഇടാം.
ലളിതഗാനങ്ങളുടെ ദൂരദര്‍ശന്‍ കാലത്തിനും ചിത്രയുടെ ഓര്‍മ്മകള്‍ ആണ്. കേളീമുരളികയില്‍, പൂത്തിരുവാതിരത്തിങ്കള്‍ തുടിക്കുന്ന. പോലെയുള്ള നിരവധി ലളിതഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും, നിരവധി ആല്‍ബങ്ങളും, അതേ ശരവത്തോടെ, പ്രാധാന്യത്തോടെ സിനിമാഗാനങ്ങള്‍ പോലെ തന്നെ നമുക്ക് ആസ്വദിക്കാനായി എന്നത് ചിത്രയുടെ ആലാപനമികവു കൊണ്ടാണ്. ഭാവവും ഭാഷയും ഒഴുക്കും കൊണ്ട് അവ ചൈത്രഗീതങ്ങള്‍ തന്നെ ആകയാലാണ്. ടെലിസീരിയലുകളില്‍ പാടിയ പാട്ടുകള്‍ വേറെ. ശമനതാളത്തിലെ ‘ മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി.. എന്ന ആരംഭഗാനം എക്കാലത്തെയും ഹിറ്റായി തന്നെ തുടരുന്നു. താന്‍ തുടങ്ങും മുന്‍പുള്ള പ്രഗത്ഭര്‍, കൂടെ പാടിയ പ്രശസ്ത ഗായകര്‍, പുതുതലമുറയില്‍ നിന്നുള്ള ടെക്നിക്കല്‍ തന്ത്രങ്ങളും, നവഅവതരണരീതികളും സ്വായത്തമാക്കിയ ഗായകര്‍ തുടങ്ങി എല്ലാവരിലും തനിക്ക് പഠിക്കാനും തിരുത്താനുമുള്ള ഒരിടം ചിത്ര കണ്ടുവയ്ക്കുന്നു. മലായും ലാറ്റിനും അറബിയും ഇംഗ്ലീഷും ഫ്രഞ്ചും മലയാളവും തമിഴും തെലുഗും കന്നഡയും അടക്കം ലോകഭാഷകള്‍ സംഗീതമായി ചിത്രയില്‍ അലിഞ്ഞുചേരുന്നു.
ഏതൊരു ഭാഷയും അക്ഷരശുദ്ധിയോടെ പഠിച്ചെടുത്ത് പാടുക എന്നത് വലിയ ശ്രമമാണ്. ദേശഅതിര്‍ത്തികളുടെ ഭാരം പേറുന്ന ഒരാള്‍ക്ക് അത് എളുപ്പമാവില്ല. പ്രോഫഷണല്‍ ആയിരുന്നു കൊണ്ട്, അതേസമയം സംരക്ഷകരുടെ മഹാഘോഷയാത്ര ഇല്ലാതെ, രാഷ്ട്രീയപക്ഷപാതങ്ങളില്ലാതെ തുടര്‍ന്നുകൊണ്ട്, ഒരാള്‍ക്ക്, പഠിക്കാന്‍ മനസുള്ള ഒരാള്‍ക്ക് സാധ്യമാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് ഡോ. കെ. എസ് ചിത്രയില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ടതുണ്ട്. ഗോസിപ്പുകള്‍ക്ക് ചിത്രയെ ഒന്നും ചെയ്യാനില്ല എന്നത് അവരുടെ ശക്തവും എന്നാല്‍ മൃദുലവുമായ സാധാരണപെരുമാറ്റം കൊണ്ടാണ് ചിത്ര സാധ്യമാക്കുന്നത് എന്നതു തികച്ചും അത്ഭുതം ഉളവാക്കുന്ന ഒന്നാണ്. ജിവിതം മുടക്കിയ ആനന്ദങ്ങളുടെ വഴികളെ അറിഞ്ഞുകൊണ്ട്, പിന്‍തുടര്‍ച്ചകളെ പറ്റി ആകുലതകള്‍ ഇല്ലാതെ എക്കാലത്തും നന്ദനയുടെ അമ്മയായി, ആ ഓര്‍മ്മകളുടെ നനവും മാധൂര്യവും ഓരോ കാഴ്ചയിലും നിറച്ചുകൊണ്ട്, ലോകമേ ഇതാ ഞാന്‍, ഇതാ എന്റെ ശബ്ദം, പകുത്തെടുക്കുക എന്ന് ചിത്ര അറുപതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നില്‍ക്കുന്നു. ആ ചുവരില്ലാതെ ചായങ്ങള്‍ ഇല്ലാതെ നമ്മുടെയൊക്കെ നരച്ചജിവിതങ്ങളുടെ വര്‍ണചിത്രം എവിടെ എഴുതാന്‍! അറുപതാം പിറന്നാള്‍ ആശംസകള്‍! പ്രിയപ്പെട്ട നാദശലഭമേ.. നീണാള്‍ വാഴ്കയീ നെടിയ ഭൂമിയില്‍.
( നര്‍ത്തകിയും എഴുത്തുകാരിയും മദ്രാസ് സര്‍വകലാശാലയില്‍ മലയാള വിഭാഗം അധ്യാപികയുമാണ് ലേഖിക )
Content Highlights: K S Chitha, Chithra Birthday, Chithra Songs, Music, Malayalam Movie Songs