'ആ സിനിമയില്‍ ബുദ്ധി കുറവുള്ള കഥാപാത്രമായിരുന്നു എന്റേത്; ചിത്രച്ചേച്ചി ആ പാട്ടും എനിക്കായി പാടി'

ഉര്‍വശി, കെ.എസ്. ചിത്ര | Photo: Mathrubhumi
ഉര്‍വശി, കെ.എസ്. ചിത്ര | Photo: Mathrubhumi

കൊച്ചി: ഗായിക കെ.എസ്. ചിത്രയ്ക്ക്  പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി ഉര്‍വശി. തനിക്കുവേണ്ടി ചിത്ര പാടിയ പാട്ടുകള്‍ മിക്കതും ഹിറ്റ് ആയിരുന്നെന്നും ഓരോ കഥാപാത്രങ്ങളെയും ഉള്‍ക്കൊണ്ടാണ് അവര്‍ പാട്ടുകള്‍ പാടിയതെന്നും ഉര്‍വശി പറഞ്ഞു.   

ചിത്രച്ചേച്ചി എനിക്ക് വേണ്ടി എത്ര പാട്ടുകള്‍ പാടിയിട്ടുണ്ടെന്ന് അറിയില്ല. എനിക്ക് വേണ്ടി പാടിയ മിക്ക പാട്ടുകളും ഹിറ്റാണ്. പണ്ട് കാസറ്റ്‌സ് ഒക്കെ വാങ്ങുന്ന സമയം ആയിരുന്നപ്പോഴാണ്. ചിലപ്പോള്‍ പാട്ട് ഹിറ്റാകും സിനിമ വിജയിച്ചെന്നു വരില്ല. പക്ഷേ പാട്ട് ഹിറ്റാകും. തങ്കത്തോണി, വെങ്കലത്തിലെ പാട്ട്, ഭാരതത്തിലെ പാട്ട് തുടങ്ങി അങ്ങനെ എനിക്കുവേണ്ടി ചിത്ര ചേച്ചി പാടിയ പാട്ടുകള്‍ എല്ലാം ഹിറ്റാണ് അന്നും ഇന്നും. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിറ്റാണ് ചേച്ചി എനിക്ക് വേണ്ടി പാടിയ പാട്ടുകളെല്ലാം, ഉര്‍വശി കൂട്ടിച്ചേര്‍ത്തു. 

1994-ല്‍ തമിഴില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'വനജ ഗിരിജ'. ബുദ്ധി കുറവുള്ള ഒരു കഥാപാത്രമായിരുന്നു ആ ചിത്രത്തില്‍ അഭിനയിച്ചത്. ഇളയരാജ സാറിന്റെ ഒരു പാട്ട് ഉണ്ടായിരുന്നു. ആദ്യം അത് എന്നെക്കൊണ്ട് തന്നെ പാടിക്കാനായിരുന്നു പദ്ധതിയിട്ടത്. പക്ഷേ മദ്രാസില്‍ വെള്ളപ്പൊക്കത്തിന്റെ സമയമായിരുന്നു അത്. ചെറിയ മഴയോ കാറ്റോ വന്നാല്‍ തന്നെ എന്റെ ശബ്ദം പോകും. എന്റെ ശബ്ദം പോയിട്ടും ഞാന്‍ തന്നെ പാടിയാല്‍ മതിയെന്നായിരുന്നു സാര്‍ പറഞ്ഞത്. ചിത്ര ചേച്ചി പാടട്ടെയെന്ന് നിര്‍ബന്ധം പറഞ്ഞ് അവരാണ് ആ പാട്ട് പാടിയത്. പക്ഷേ ഇന്നും ആ പാട്ട് ചേച്ചിയാണ് പാടിയതെന്ന് ആരും വിശ്വസിക്കില്ല. ഞാനാണ് ആ പാട്ട് പാടിയതെന്നാണ് അവിടുത്തെ സാധാരണക്കാരായ ആള്‍ക്കാരെല്ലാം ഇപ്പോഴും വിചാരിച്ചിരിക്കുന്നത്. ഇപ്പോഴും ഏതെങ്കിലും സ്റ്റേജില്‍ ചെല്ലുമ്പോള്‍ എന്നോട് ആ പാട്ട് പാടാനായി ആവശ്യപ്പെടാറുണ്ട്.

പല സ്റ്റേജുകളിലും എന്നെ പരിചയപ്പെടുത്തുന്നതിനായി ഇപ്പോഴും തങ്കത്തോണിയും സ്ഫടികത്തിലെ പാട്ടും എല്ലാമാണ് പ്ലേ ചെയ്യാറുള്ളത്. സ്ഫടികത്തിലെ പാട്ട് ഇപ്പോഴും മറക്കാന്‍ കഴിയില്ല. മദ്യപിച്ചിട്ട് പാടുന്ന പോലെയാണ് പാട്ട്. ചിത്രച്ചേച്ചി എനിക്ക് വേണ്ടി അത് അരോചകമാകാത്ത രീതിയില്‍ പാടിയിട്ടുണ്ട്, ഉര്‍വശി കൂട്ടിച്ചേര്‍ത്തു. 

ഞാന്‍ പ്രൊഡ്യൂസ് ചെയ്ത പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തില്‍ ഒരു പാട്ടുണ്ട്.  അതില്‍ പാട്ടിനിടയ്ക്ക് ഹീറോയെ ചീത്ത പറയുന്ന പോലെ ഒന്ന് രണ്ട് വരികള്‍ ഉണ്ട്. അത് പാടാനായി വന്നപ്പോള്‍ ചിത്രച്ചേച്ചി എന്നോട് പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. പാടുക മാത്രമല്ല പാടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട് ചിത്രച്ചേച്ചി- ഉര്‍വശി പറഞ്ഞു. 

Content Highlights: actress urvashi birthday wishes to singer ks chithra