കാത്തിരിപ്പിനൊടുവില്‍ ജിമ്‌നി അവതരിച്ചു; ത്രീ ഡോറല്ല, എത്തുന്നത് ഫൈവ് ഡോര്‍ മോഡല്‍

#അജിത് ടോം
ഫൈവ് ഡോര്‍ മോഡല്‍ ജിമ്നി ഓട്ടോ എക്സ്പോയിൽ പ്രദർശിച്ചപ്പോൾ
ഫൈവ് ഡോര്‍ മോഡല്‍ ജിമ്നി ഓട്ടോ എക്സ്പോയിൽ പ്രദർശിച്ചപ്പോൾ

2020-ലെ ഓട്ടോ എക്‌സ്‌പോയില്‍ മൂന്ന് ഡോറുള്ള ജിമ്‌നിയായിരുന്നു പ്രദര്‍ശനത്തിന് എത്തിയിരുന്നത് എങ്കില്‍ 2023-ല്‍ മാരുതി എത്തിച്ചിരിക്കുന്നത് അഞ്ച് ഡോറുള്ള ജിമ്‌നിയാണ്. മൂന്ന് ഡോര്‍ ജിമ്‌നി വാഹനപ്രേമികളെ കൊതിപ്പിച്ച് കടന്നുകളഞ്ഞതാണെങ്കില്‍ അഞ്ച് ഡോര്‍ മോഡല്‍ നിരത്തുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്നത്. പരീക്ഷണയോട്ടത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിലും ലോകത്ത് ആദ്യമായി അഞ്ച് ഡോര്‍ ജിമ്‌നി പ്രദര്‍ശിപ്പിക്കുന്നത് ഓട്ടോ എക്‌സ്‌പോയിലാണ്.

ഓള്‍ ടെറെയ്ന്‍ കോംപാക്ട് ലൈഫ്‌സ്റ്റൈല്‍ എസ്.യു.വി എന്നാണ് നിര്‍മാതാക്കളായ മാരുതി ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. മാരുതിയുടെ 1.5 ലിറ്റര്‍ കെ-സീരീസ് എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ള ഓള്‍ ഗ്രിപ്പ് സംവിധാനമാണ് ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് മോഡ് ഒരുക്കുന്നത്. ലാഡര്‍ ഫ്രെയിം ഷാസിയിലാണ് ഒരുങ്ങിയിട്ടുള്ളത് എന്നതും ജിമ്‌നിയുടെ സവിശേഷതകളില്‍ പ്രധാനപ്പെട്ടതാണ്.

ത്രീ ലിങ്ക് റിജിഡ് ആക്‌സില്‍ സസ്‌പെന്‍ഷനാണ് ജിമ്‌നിയില്‍ നല്‍കിയിട്ടുള്ളത്. 210 എം.എമ്മാണ് ഇതിലെ ഗ്രൗണ്ട് ക്ലിയറന്‍സ്. സുസുക്കി ടെക്ട് പ്ലാറ്റ്‌ഫോമാണ് ഈ വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത്. പരീക്ഷണയോട്ടത്തില്‍ ഉള്‍പ്പെടെ കണ്ടിട്ടുള്ളതും ത്രീ ഡോര്‍ മോഡലില്‍ നല്‍കിയിട്ടുള്ളതുമായ ഡിസൈനിലാണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുള്ള ഫൈവ് ഡോര്‍ ജിമ്‌നിയും ഒരുങ്ങിയിട്ടുള്ളത്. കറുപ്പില്‍ കുളിച്ചാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ഫ്‌ളാറ്റ് റിക്ലൈനിങ്ങ് മുന്‍നിര സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

ഇന്ത്യയിലെ ലൈഫ് സ്റ്റൈല്‍ എസ്.യു.വികളിലെ അതികായരായ മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗുര്‍ഖ തുടങ്ങിയ വാഹനങ്ങളുമായി നേരിട്ട് മത്സരിക്കാനാണ് മാരുതി സുസുക്കിയുടെ ജിമ്‌നി എത്തുന്നത്. പേള്‍ വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, നെക്‌സ ബ്ലൂ, ഗ്രാനൈറ്റ് ഗ്രേ, സിസ്ലിങ്ങ് റെഡ് കളര്‍ ഓപ്ഷനുകളില്‍ ജിമ്‌നി എത്തുന്നുണ്ട്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പുകളിലൂടെ നിരത്തുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ ബുക്കിങ്ങ് നെക്‌സ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്.

Content Highlights: Auto Expo 2023, Maruti Suzuki Jimny 5-door makes global debut