കാതങ്ങൾ താണ്ടി...സത്യനെ കാണാൻ; സത്യന് ശ്രദ്ധാഞ്ജലിയായി ചലച്ചിത്ര അക്കാദമി ഒരുക്കിയ ചിത്രപ്രദര്‍ശനം

#അപർണ എസ്. തമ്പി
സത്യൻ സ്മൃതി പ്രദർശനം കാണാനെത്തിയ സംവിധായകൻ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി പത്മരാജന്റെ ചിത്രത്തിനരികെ ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
സത്യൻ സ്മൃതി പ്രദർശനം കാണാനെത്തിയ സംവിധായകൻ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി പത്മരാജന്റെ ചിത്രത്തിനരികെ ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ

‘ഈ പാട്ട് ഏതു സിനിമയിലേതാണെന്ന് അറിയാമോ’ -പുതുതലമുറയോടുള്ള അലിയാർ കുഞ്ഞിന്റെ ചോദ്യം. ‘ഓടയിൽ നിന്ന്’ സിനിമയിലെ ഗാനം പശ്ചാത്തലത്തിൽ നിറയുമ്പോൾ, സത്യന്റെ സിനിമ കാണാനായി കാതങ്ങളേറെ സൈക്കിളുരുട്ടിയ നല്ലോർമ്മകളായിരുന്നു അലിയാർ കുഞ്ഞിന്റെ മനസ്സിൽ.

സത്യന്റെ നൂറ്റിപ്പത്താം ജന്മവാർഷികത്തിൽ അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലിയായി ചലച്ചിത്ര അക്കാദമി ഒരുക്കിയ ചിത്രപ്രദർശനത്തിൽ പഴയ സിനിമാക്കാലം ഓർത്തെടുക്കുകയായിരുന്നു ചുള്ളിമാനൂർ സ്വദേശി അലിയാർ കുഞ്ഞ്. സ്വന്തം നാട്ടിൽ ഷൂട്ടിങ്ങിനായി സത്യനെത്തിയപ്പോൾ നേരിട്ടു കണ്ടത് ഇപ്പോഴും മനസ്സിലെ മധുരസ്മരണ.

‘ചെമ്മീനി’ലെ പളനിയാണ് അലിയാർ കുഞ്ഞിന്റെ മനസ്സിലെ എക്കാലത്തെയും ഇഷ്ടകഥാപാത്രം. സ്വന്തം ജീവിതം നേരിൽക്കാണുന്ന അനുഭൂതിയാണ് സത്യൻ മാഷിന്റെ സിനിമകൾ കാണുമ്പോൾ തോന്നിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാഗോർ തിയേറ്ററിൽ ആരംഭിച്ച ‘സത്യൻ സ്മൃതി’ ഫോട്ടോ പ്രദർശനത്തിന് നടൻ സത്യന്റെ പേരക്കുട്ടി ഡോ. ആശ ജീവൻ സത്യനും കുടുംബസമേതം എത്തിയിരുന്നു. ഗായികയും അധ്യാപികയുമാണ് ആശ. സത്യനോടുള്ള സമർപ്പണമാണ് ചിത്രപ്രദർശനമെന്ന് സത്യന്റെ മകൻ ജീവൻ സത്യൻ പറഞ്ഞു.

മറ്റൊരു മകനായ സതീഷ് സത്യനും പരിപാടിെക്കത്തിയിരുന്നു. പ്രേംനസീർ, സത്യൻ, ഷീല, അംബിക, ശാരദ, ബഹദൂർ, രാജ് കപൂർ, അശോക് കുമാർ, തിക്കുറിശ്ശി, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, കൊട്ടാരക്കര ശ്രീധരൻ നായർ, കെ.ആർ.വിജയ തുടങ്ങിയ പ്രതിഭകൾക്കൊപ്പമുള്ള സിനിമാചിത്രീകരണ നിമിഷങ്ങളാണ് ഫോട്ടോ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സത്യന്റെ അന്ത്യയാത്രയും ചിത്രപ്രദർശനത്തിൽ ഇടംനേടിയിട്ടുണ്ട്. മാങ്ങാട് രത്നാകരൻ ക്യുറേറ്റ് ചെയ്ത പുനലൂർ രാജന്റെ 100 ഫോട്ടോകളാണ് ‘അനർഘനിമിഷം’ എന്ന വിഭാഗത്തിലുള്ളത്.

ഇതുകൂടാതെ മലയാള സിനിമയുടെ അഭിമാനമായ താരങ്ങളുടെയും സംവിധായകരുടെയും ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. മുൻ മന്ത്രി എ.കെ.ബാലൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.

സത്യന്റെ നൂറ്റിപ്പത്താം ജന്മവാർഷികത്തിൽ അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലിയായി അക്കാദമി ഒരുക്കിയ ചിത്രപ്രദർശനത്തിൽ സിനിമയിൽ സജീവമായിരുന്ന 20 വർഷത്തെ 110 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

എഴുത്തുകാരൻ സക്കറിയ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, അക്കാദമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി, സംവിധായകനും നടനുമായ സിദ്ധാർത്ഥ് ശിവ, താരങ്ങളായ ഹരിശ്രീ അശോകൻ, രജനി രതീഷ് തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു.

Content Highlights: film academy organises photo exhibition, IFFK 2022 updates 27th iffk