തത്സമയ പശ്ചാത്തല സംഗീതത്തോടുകൂടിയ നിശബ്ദചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹെെലെെറ്റ് - ദീപിക സുശീലൻ

ദീപ സുശീലൻ, രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമ ആസ്വദിക്കാനെത്തിയ ഡെലി​ഗേറ്റുകൾ | ഫോട്ടോ: മാതൃഭൂമി, www.instagram.com/iffklive/
ദീപ സുശീലൻ, രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമ ആസ്വദിക്കാനെത്തിയ ഡെലി​ഗേറ്റുകൾ | ഫോട്ടോ: മാതൃഭൂമി, www.instagram.com/iffklive/

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 27-ാം പതിപ്പിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറാണ് ദീപിക സുശീലൻ. ഫിലിം പ്രോഗ്രാമിംഗ്, ഐഡിയേഷൻ, ക്യൂറേഷൻ, ഫിലിം ഫെസ്റ്റിവൽ മാനേജ്‌മെന്റ് എന്നിവയിൽ 12 വർഷത്തിലേറെ പരിചയമുള്ള ഒരു ഫിലിം ഫെസ്റ്റിവൽ പ്രൊഫഷണലാണ് അവർ. 2019-ൽ ​ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സുവർണ്ണ ജൂബിലി പതിപ്പിന്റെ ഇന്റർനാഷണൽ ഫിലിം പ്രോഗ്രാമിംഗ് മേധാവിയായി പ്രവർത്തിച്ചതുൾപ്പടെ ഐഎഫ്എഫ്കെ, ഐഎഫ്എഫ്ഐ, ഡർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവ ഉൾപ്പെടുന്ന 20-ലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ​പ്രവർത്തിച്ച പരിചയവുമായാണ് ദീപിക സുശീലൻ ഐഎഫ്എഫ്കെ ആർട്ടിസ്റ്റിക് ഡയറക്ടറായി എത്തുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നടന്ന നിരവധി ചലച്ചിത്രമേളകളിൽ ജൂറി അംഗവുമായിരുന്നു അവർ. ഇത്തവണത്തെ ഐഎഫ്എഫ്കെയുടെ പ്രത്യേകതകളെക്കുറിച്ചും പ്രധാന ആകർഷണങ്ങളെക്കുറിച്ചും ​വിവരിച്ച് ദീപിക സുശീലൻ മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ നിന്നും..

തത്സമയ പശ്ചാത്തല സം​ഗീതത്തോടുകൂടിയ നിശബ്ദ ചിത്രങ്ങൾ

എഴുപത് രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് ചലച്ചിത്രമേളയും ഈ പതിപ്പിൽ പ്രദർശിപ്പിക്കുന്നത്. ഇത്തവണത്തെ മേളയുടെ ഹെെലെെറ്റ് എന്ന് പറയുന്നത് സെെലന്റ് ഫിലിം സെക്ഷനാണ്. തത്സമയ പശ്ചാത്തലസം​ഗീതത്തോടുകൂടിയ നിശബ്ദ സിനിമകളാണ് ഈ കാറ്റ​ഗറിയിൽ പ്രദർശിപ്പിക്കുന്നത്. തത്സമയമായി ചിത്രങ്ങൾക്ക് സം​ഗീതം നൽകുന്നത് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റായ സം​ഗീതജ്ഞൻ ജോണി ബെസ്റ്റാണ്. ചലച്ചിത്രമേളയു‌ടെ ആദ്യ ദിനം മുതൽ തന്നെ അ​ദ്ദേഹം നമുക്കൊപ്പമുണ്ട്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലെ സ്പെഷ്യൽ ​​ഗസ്റ്റ് ഓഫ് ഓണർ കൂടിയായിരുന്നു ജോണി ബെസ്റ്റ്. 

ഇതിന് മുൻപ് നമ്മൾ ഐഎഫ്എഫ്കെയിൽ ചെയ്തിട്ടില്ലാത്ത കാറ്റ​ഗറികൾ ഉൾപ്പെടുത്തിയ റെട്രോസ്പെക്ടീവ് ആൻ്റ് ക്യൂറേറ്റഡ് സെക്ഷനുകളാണ് ഇത്തവണത്തെ പ്രത്യേകത. അതുകൊണ്ട് ഇത് തന്നെയാകും ഇത്തവണത്തെ മേളയുടെ ഏറ്റവും വലിയ പുതുമയെന്ന് ഞാൻ വിശ്വസിക്കുന്നത്. 

സെർബിയൻ ചിത്രങ്ങൾ

ഇത്തവണ കണ്ട്രി ഓൺ ഫോക്കസ് സെക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യം സെർബിയ ആണ്. ഇതിന് മുൻപ് നടന്ന മേളകളിലൊന്നും അങ്ങനൊരു ഫോക്കസ് സെർബിയൻ ചിത്രങ്ങൾക്ക് മാത്രമായി കൊടുത്തിട്ടില്ലെന്നതുകൊണ്ടാണ് ഫോക്കസ് രാജ്യമായി സെർബിയ തിരഞ്ഞെടുത്തതിന് കാരണം. ലോകത്തെ മറ്റ് പ്രധാനപ്പെട്ട ചലച്ചിത്രമേളകൾ എടുത്ത് നോക്കിയാലും സെർബിയൻ ചിത്രങ്ങൾ മാത്രമായി ഫോക്കസ് ചെയ്ത് ഒരു പ്രത്യേക സെക്ഷൻ എവിടെയും കണ്ടിട്ടില്ല. 

വളരെ ​ഗംഭീരമായ ചിത്രങ്ങൾ പുറത്തുവരുന്ന രാജ്യമാണ് സെർബിയ. പെർഫോമൻസിന്റെ കാര്യത്തിലായാലും ഫിലിം മേക്കിങിന്റെ കാര്യത്തിലായാലും വളരെ അധികം ക്വാളിറ്റി ചിത്രങ്ങൾ സെർബിയയിൽ നിന്ന് പുറത്തുവരുന്നുണ്ട്. കഴിഞ്ഞ പത്തുവർഷത്തെ ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്രമേളകൾ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാൻ സാധിക്കും. ഇത് തന്നെയാണ് സെർബിയയിൽ നിന്നുള്ള മികച്ച ആറു ചിത്രങ്ങൾ കണ്ട്രി ഓൺ ഫോക്കസ് സെക്ഷനിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നിലും. ഈ കാറ്റ​ഗറിയിലെ ആറു ചിത്രങ്ങളും വളരെയധികം പ്രത്യേകതകളുള്ളതാണ്. 

78 ചിത്രങ്ങളുമായി വേൾഡ് സിനിമ സെക്ഷൻ

ലോക സിനിമ സെക്ഷനിൽ 78 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ കൂടുതലും ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് ​ഗംഭീര പ്രതികരണങ്ങൾ ലഭിച്ച ചിത്രങ്ങളാണ് ഈ സെക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് നമ്മൾ വിശ്വസിക്കുന്ന ചില ചിത്രങ്ങളും ലോക സിനിമാ സെക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

മാസ്റ്റർ സംവിധായകരുടെ ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനങ്ങളും ഐഎഫ്എഫ്കെയിൽ ആണെന്ന പ്രത്യേകത കൂടിയുണ്ട്. ഉദ്ഘാടന ചിത്രമായ ദാർ​ദൻ ബ്രദേഴ്സിന്റെ ടോറി ആന്റ് ലോകി ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനം ഇത്തവണ ഐഎഫ്എഫ്കെയിൽ ആണ്. ഐഎഫ്എഫ്കെയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം മാസ്റ്റർ സംവിധായകരുടെ ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനം നടത്താൻ സാധിക്കുന്നത്. ‌

ഒരുക്കിയിരിക്കുന്നത് ദൃശ്യവിരുന്ന്

വളരെ പ്രത്യേകതകളുള്ള നിരവധി ചിത്രങ്ങളുൾപ്പെടുന്ന ഒരു ദൃശ്യ വിരുന്നാണ് ഇത്തവണത്തെ ചലച്ചിത്രമേളയിലൂടെ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ഡെലി​ഗേറ്റ്സിനും എല്ലാ ചിത്രങ്ങളും ഇഷ്ടപ്പെടുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Content Highlights: deepika suseelan interview, iffk 2022 updates, 27th iffk