ഖത്തറില്‍ തന്റെ രാജ്യത്തിന്റെ കളി കണ്ടു; കൈരളിയില്‍ പടവും

തിരുവനന്തപുരം: തന്റെ രാജ്യം പോര്‍ച്ചുഗലിനോട് രണ്ടു ഗോളിനു തോറ്റ കളി ഖത്തറിലെ ഗാലറിയിലിരുന്നു കണ്ട് കലങ്ങിയ കണ്ണുകളുമായാണ് വിഖ്യാത യുറുഗ്വായ് സംവിധായകന്‍ അല്‍വാരോ ബ്രച്ച്നര്‍ അടുത്ത ദിവസം ചലച്ചിത്രമേളയിലേക്കു വിമാനം കയറിയത്. പക്ഷേ, നല്ല സിനിമാക്കാഴ്ചകളും മേളയിലെ ഓളവുമൊക്കെ കണ്ട് അദ്ദേഹത്തിന്റെ സങ്കടം പാതിയും അലിഞ്ഞു. ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര വിഭാഗം ജൂറിയംഗമായ അല്‍വാരോ ബ്രച്ച്നറാണ് ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ കണ്ട ശേഷം മേളയ്‌ക്കെത്തിയത്. സിനിമയെയും ഫുട്ബോളിനെയും ഒരുപോലെ സ്‌നേഹിക്കുന്ന അല്‍വാരോ 60-ലേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്രകാരനാണ്. വെനീസ് ചലച്ചിത്രമേളയിലുള്‍പ്പെടെ ജൂറിയായിട്ടുണ്ട്.
യുറുഗ്വായുടെ മുഴുവന്‍ മത്സരങ്ങളും കാണണമെന്നായിരുന്നു ആഗ്രഹമെങ്കിലും മേളെയ്ക്കത്തേണ്ടതിനാല്‍ ഏഴാം തീയതിയിലെ കളി കണ്ട് ഒന്‍പതിന് തിരുവനന്തപുരത്ത് എത്തുകയായിരുന്നു. സ്വന്തം രാജ്യത്തിന്റെ കളികളുണ്ടായിരുന്ന ദിവസം സിനിമയ്ക്കു തത്കാലം അവധി കൊടുത്ത് ഹോട്ടല്‍മുറിയിലിരുന്നു കളി കണ്ടു. അവസാന മത്സരത്തില്‍ ഘാനയോട് രണ്ടു ഗോളിനു ജയിച്ചിട്ടും ലോകകപ്പില്‍നിന്ന് യുറുഗ്വായ് പുറത്തായതിന്റെ വേദന അദ്ദേഹം മേളയിലെ സഹപ്രവര്‍ത്തകരോടു പങ്കുവച്ചു. പിന്നെ സിനിമാ ചര്‍ച്ചകളിലൂടെ മനസ്സിനെ മൈതാനത്തുനിന്ന് ബാല്‍ക്കണിയിലേക്കെത്തിച്ചു. തിങ്കളാഴ്ച അദ്ദേഹത്തിന്റെ വിഖ്യാത ചിത്രം 'എ ട്വല്‍വ് ഇയര്‍ നൈറ്റി'ന്റെ ടാഗോറിലെ പ്രദര്‍ശനം കാണികള്‍ക്കൊപ്പമിരുന്നു കണ്ടത് നല്ല അനുഭവം സമ്മാനിച്ചതായി അല്‍വാരോ പറഞ്ഞു.
ബാഡ് ഡേ ടു ഗോ ഫിഷിങ്, മിസ്റ്റര്‍ കപ്ലന്‍, എ ട്വള്‍വ് ഇയര്‍ നൈറ്റ് എന്നിങ്ങനെ മൂന്നു ചിത്രങ്ങള്‍ മാത്രമേ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും അവയെല്ലാം അന്താരാഷ്ട്ര ശ്രദ്ധ നേടിയവയാണ്. ഈ മൂന്നു സിനിമകളും യുറുഗ്വായുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രികളുമായിരുന്നു. കമ്മ്യൂണിസ്റ്റ് ഗറില്ലകളെക്കുറിച്ചുള്ള ചിത്രമായ 'ട്വള്‍വ് ഇയര്‍ നൈറ്റ്' കെയ്റോ അന്താരാഷ്ട്ര മേളയില്‍ ഗോള്‍ഡന്‍ പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട്. 2018-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മുന്‍പ് ഐ.എഫ്.എഫ്.കെ.യില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 'തന്റെ രാജ്യം ലോകകപ്പില്‍നിന്നു പുറത്തായതിന്റെ സങ്കടം മറന്ന് കേരളത്തിലെ മേളദിനങ്ങള്‍ സമ്മാനിച്ച നല്ല അനുഭവങ്ങളുടെ ഊഷ്മളതയുമായി അല്‍വാരോ മടങ്ങണമെന്നാണ് ഞങ്ങളുടെ ആഗ്രഹം' -ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് പറഞ്ഞു.
Content Highlights: Alvaro Brechner Spanish-Uruguayan director jury member iffk 2022