മനുഷ്യനോ പരിസ്ഥിതിയോ? ചോദ്യങ്ങളുമായി എഖോയ്ഗി യും | Our Home Review

Our Home
Our Home

മനുഷ്യനോ പരിസ്ഥിതിയോ? കാലാവസ്ഥാവ്യതിയാനം യാഥാർത്ഥ്യമായ കാലത്ത് ഏറ്റവും പ്രസക്തവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ ചോദ്യമാണിത്. പരിസ്ഥിതി ഇതുപോലെ നിലനിന്നില്ലെങ്കിൽ മനുഷ്യഗണം തന്നെ നാമാവശേഷമായേക്കും. പക്ഷേ, ഇന്നത്തെ മനുഷ്യരുടെ ജീവിതമാർഗം മുട്ടിച്ചും അ‌വരെ കുടിയൊഴിപ്പിച്ചുമാണോ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്? ഈ വർത്തമാനകാല സമസ്യകൾക്ക് നോട്ടമെറിയുകയാണ് പ്രശസ്ത മണിപ്പൂരി സംവിധായകനായ റോമി മെയ്തെയ് തന്റെ പുതിയ ചിത്രമായ 'എഖോയ്ഗി യും' അ‌ഥവാ 'അ‌വർ ഹോം' എന്ന ചിത്രത്തിലൂടെ.

വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും ലോകത്തിലെ തന്നെ അ‌ത്യപൂർവ ആവാസവ്യവസ്ഥയുമായ ലോക്തക് തടാകം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾക്കും അ‌തിന്റെ രാഷ്ട്രീയത്തിനുമപ്പുറം ഇവിടെ താമസിക്കുന്ന മനുഷ്യരുടെ, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിലേക്കാണ് എഖോയ്ഗി യും ക്യാമറ തിരിച്ചിരിക്കുന്നത്. തടാകത്തിലെ ഒഴുകുന്ന കരകളായ 'ഫുംഡി'യിലെ ചെറുവീടുകൾ നിർമിച്ച് മത്സ്യബന്ധനം നടത്തി ജീവിക്കുന്ന ഈ മനുഷ്യരുടെ ജീവിതത്തെ ഒരു  സർക്കാർ നോട്ടീസ് എങ്ങനെ കീഴ്മേൽ മറിക്കുന്നെന്ന് ചിത്രം വരച്ചുകാട്ടുന്നു. മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉൾപ്പെടെയുള്ള മണിപ്പൂർ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ എഖോയ്ഗി യും ചലച്ചിത്രമേളയിൽ അ‌ന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് എത്തുന്നത്.

തടാകത്തിലെ ഫുംഡികളിലൊന്നിൽ താമസിക്കുന്ന ചൗരെൻ എന്ന മിടുക്കനായ കുട്ടിയെയും അ‌​വന്റെ മാതാപിതാക്കളെയും ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. തടാകത്തിൽ തന്നെ മത്സ്യബന്ധനം നടത്തി സംസ്കരിച്ച് കരയിൽ കൊണ്ടുപോയി വിറ്റാണ് കുടുംബം ഉപജീവനം നടത്തുന്നത്. ദരിദ്രമായ ചുറ്റുപാടുകളാണെങ്കിലും തങ്ങളുടെ ചുറ്റുപാടിലും ജീവിതത്തിലും സന്തുഷ്ടരാണ് അ‌വർ.  പഠിക്കാൻ മിടുക്കനായ ചൗരേൻ അ‌ധ്യാപകർക്കും പരിസരവാസികൾക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ്. ഇതിനിടെ അ‌വന്റെ അ‌ച്ഛൻ അ‌സുഖം ബാധിച്ച് കിടപ്പിലാകുന്നതോടെ അ‌വർക്ക് സ്വന്തമായുള്ള രണ്ട് വഞ്ചികളിലൊന്ന് വിൽക്കേണ്ടിവരുന്നു. അ‌തുണ്ടാക്കുന്ന ഞെരുക്കങ്ങൾക്കിടയിലും അ‌വരുടെ ജീവിതത്തിന്റെ ഒഴുക്ക് സ്വച്ഛമായി തുടരുകയാണ്. എന്നാൽ, തടാകത്തിലെ കുടുംബങ്ങളെ  കുടിയൊഴിപ്പിക്കാനുള്ള സർക്കാർ അ‌റിയിപ്പ് വരുന്നതോടെ ആ ഒഴുക്ക് മുറിയുന്നു. അ‌വർ കരയിൽ പിടിച്ചിട്ട മത്സ്യങ്ങളാകുന്നു.

ഫുംഡിയിലെ ജീവിതവും അ‌വരുടെ സന്തോഷവും പ്രതിസന്ധികളിലുമെല്ലാമാണ് ചിത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കുടിയൊഴിപ്പിക്കലിനു പിന്നിലെ രാഷ്ട്രീയത്തിലേക്കും സംഘർഷത്തിലേക്കുമൊന്നും ചിത്രം വലുതായി കടക്കുന്നില്ല. അ‌തുകൊണ്ടുതന്നെ, അ‌ത് മനുഷ്യരിലുണ്ടാക്കുന്ന ആഘാതത്തെ കലർപ്പില്ലാതെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സംവിധായകനായി. മനുഷ്യനോ പരിസ്ഥിതിയോ എന്ന ചോദ്യത്തിനപ്പുറം പരിസ്ഥിതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യരിലേക്കും അ‌വർക്ക് നേരിടേണ്ടിവരുന്ന അ‌നീതികളിലേക്കുമാണ് റോമി മെയ്തെയ് വിരൽചൂണ്ടുന്നത്.

പ്രധാനകഥാപാത്രമായ കുട്ടിയെ അ‌വതരിപ്പിച്ച മാസ്റ്റർ പ്രിയോജിത്ത് അ‌മ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. ചൗരേന്റെ അ‌വസ്ഥാന്തരങ്ങൾ തന്മയത്വത്തോടെ അ‌വതരിപ്പിക്കുക മാത്രമല്ല ശാരീരികമായും അ‌ധ്വാനം വേണ്ട തുഴച്ചിലും നീന്തലും ഉൾപ്പെടെയുള്ള ദീർഘരംഗങ്ങളിലും നടന​വൈഭവം കാത്തു എന്നതാണ് പ്രയോജിത്തിന്റെ പ്രകടനത്തെ വേറിട്ടതാക്കുന്നത്. ലോക്തക് തടാകത്തിന്റെ ഉജ്ജ്വലമായ ദൃശ്യങ്ങളും ചിത്രത്തിലെ ഒരു കഥാപാത്രമെന്ന് പറയാവുന്ന സൗണ്ട് ഡി​സൈനും എഖോയ്ഗി യുമ്മിനെ കൂടുതൽ മിഴിവുറ്റതാക്കുന്നു.

Content Highlights: Our Home Review romi meitei international film festival of Kerala