വിചിത്രമായ പട്ടണവും ഒരു കൊലപാതകവും | Kerr Review

പിതാവിന്റെ മരണവാർത്തയറിഞ്ഞ് ഒരു ചെറിയ പട്ടണത്തിലേക്കെത്തുന്ന ഒരു യുവാവിന് ചുറ്റും നടക്കുന്ന അസാധാരണമായ സംഭവങ്ങളുടെ പരമ്പരയുടെ കഥ പറയുന്ന ചിത്രമാണ് കെർ. പട്ടണത്തിലെത്തുന്ന കാൻ എന്ന യുവാവ് ക്രൂരമായ ഒരു കൊലപാതകത്തിന്റെ എക ദൃക്സാക്ഷിയാകുന്നു. കൺമുന്നിൽ ഒരു കൊലപാതകം കാണുന്ന യുവാവ് ഒന്ന് അനങ്ങാൻ പോലും കഴിയാതെ നിൽക്കുമ്പോഴും കൊലപാതകി അയാളെ അവഗണിച്ചുകൊണ്ട് അവിടെ നിന്നും പോകുന്നു. കാൻ കണ്ട കാര്യം പോലീസിനെ അറിയിക്കുന്നതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുന്നുണ്ടെങ്കിലും ഒരു പുരോഗതിയും ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ല.
പിന്നീട് വളരെ വിചിത്രമായ കാര്യങ്ങളാണ് ആ പട്ടണത്തിൽ അയാൾക്ക് നേരിടേണ്ടി വരുന്നത്. പല കഥാപാത്രങ്ങൾ അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു, പട്ടണത്തിൽ വേട്ടപ്പട്ടികളുടെ ആക്രമണത്തെ തുടര്‍ന്ന് ക്വാറന്റീനും യാത്രാവിലക്കും പ്രഖ്യാപിക്കുന്നു, പുറത്തിറങ്ങുന്നവരെ വെടിവെച്ചുകൊല്ലുന്നു, ഗർത്തങ്ങൾ രൂപപ്പെടുന്നും എന്നിങ്ങനെ സാമാന്യ യുക്തിക്ക് നിരക്കാത്ത പല കാര്യങ്ങളും ആ പട്ടണത്തിൽ സംഭവിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ നിൽക്കുന്ന കാനിന് മുന്നിൽ പല പല കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ അയാൾ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണ്.
മരിച്ചുപോയ പിതാവിനെ ശുശ്രൂഷിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന ഹോം നഴ്സും, ഇടക്കിടെ വന്നുപോകുന്ന കൊലപാതകിയും, ബാർബറും, മോട്ടൽ ഉടമ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളും നിഗൂഢത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. പൂർണമായും കാൻ എന്ന നായക കഥാപാത്രത്തെ ഫോക്കസ് ചെയ്തുകൊണ്ടും അയാളുടെ കാഴ്ചപ്പാടിൽ സിനിമ പുരോഗമിക്കുന്നതുകൊണ്ടും അയാൾക്കുണ്ടാകുന്ന അതേ ആകാംക്ഷയും, കൺഫ്യൂഷനും, ഭയവും എല്ലാം പ്രേക്ഷകരിലും ഉണ്ടാകുന്നു എന്നുള്ളത് ചിത്രത്തിന്റെ പ്രത്യേകതയാണ്.
വളരെ മികച്ച അഭിനയവും സംവിധാനമികവും ചിത്രത്തെ വേറിട്ടുനിർത്തുന്നു. നിഗൂഢമായ നഗരത്തെ കാൻ എന്ന യുവാവിന്റെ മാനസികാവസ്ഥയും വളരെ ഗംഭീരമായി തന്നെ സ്ക്രീനിലെത്തിക്കാൻ സംവിധായകൻ തയ്ഫൂണിന് സാധിച്ചിട്ടുണ്ട്. വളരെ സ്ലോ പേസിൽ പോകുന്ന ചിത്രമാണെങ്കിലും അടുത്ത സീനിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷ കണ്ടിരിക്കുന്നവരിലുണ്ടാക്കാൻ ചിത്രത്തിന് സാധിക്കുന്നു. മികച്ച ഫ്രെയിമുകളിലൂടെ പട്ടണത്തിന്റെ നിഗൂഢത പ്രേക്ഷകരിലേക്കെത്തിച്ച സിനിമാറ്റോഗ്രാഫർ ആൻ്രെസ് സിനാനോസും പ്രത്യേക അഭിനന്ദനമർഹിക്കുന്നു.
ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. രാജ്യാന്തര ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് കെർ പ്രദർശിപ്പിച്ചത്.
Content Highlights: kerr movie review iffk 2022 international competition