ക്രിക്കറ്റ് സൃഷ്ടിക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും | Kacchey Limbu Review

Kacchey Limbu
Kacchey Limbu

എല്ലാ തരം പ്രേക്ഷകര്‍ക്കും ആഴത്തിലുള്ള സംതൃപ്തി നല്‍കുന്ന രസകരമായ ഒരു ചിത്രമാണ് കച്ചേ ലിംബു. മനസ്സ് തുറന്ന് ചിരിക്കാനും സന്തോഷം കൊണ്ട് കണ്ണ് നിറയിപ്പിക്കുന്നതുമായ ഒരുപാട് രംഗങ്ങളുണ്ട് ശുഭം യോഗി സംവിധാനം ചെയ്ത ഈ ഹിന്ദി ചിത്രത്തില്‍. സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകരെ വൈകാരികമായി കഥാപാത്രങ്ങളുമായി കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ വിജയം. ഇതില്‍ സംവിധായകന്‍ ശുഭം യോഗി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. 

സഹോദര സ്‌നേഹത്തിന്റെയും സുഹൃദ് ബന്ധങ്ങളുടെയും കഥയാണ് ഒരു ലോക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് പശ്ചാത്തലമാക്കി കച്ചെ ലിമ്പുവിലൂടെ പറയുന്നത്. എന്നാല്‍ ഇതൊരു സ്‌പോര്‍ട്‌സ് ഡ്രാമയാണെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.  'കച്ചേ ലിംബു' പൂര്‍ണമായും സിബ്ലിങ് റൈവല്‍റിയുടെയും സഹോദരസ്‌നേഹത്തിന്റെയും കഥയാണ് പറയുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കണമെന്ന ആഗ്രഹത്തില്‍ ജീവിക്കുന്ന ഒരാളാണ് ആകാശ്. പക്ഷെ തന്റെ സ്വപ്നത്തിലേക്ക് എത്താന്‍ അവനു സാധിക്കുന്നുണ്ടായിരുന്നില്ല. ഇതിനിടെ ഒരു ലോക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആകാശ് സിക്‌സറുകള്‍ അടിച്ചുകൂട്ടുന്ന വീഡിയോ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ഷെയര്‍ ചെയ്യുന്നതോടെ അവന്‍ ഒരു വൈറല്‍ സെന്‍സേഷനായി മാറുന്നു. ഒരു ജോലി സമ്പാദിച്ചു സെറ്റില്‍ ആകാന്‍ ആകാശിന്റെ അച്ഛന്‍ എത്ര നിര്‍ബന്ധിച്ചിട്ടും അത് ചെവിക്കൊള്ളാന്‍ അവന്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ അവന്റെ ഇളയ സഹോദരി അദിതി ആകാശിന് നേരെ വിപരീതമായി ജീവിക്കുന്ന പെണ്‍കുട്ടി ആയിരുന്നു. ഭാവിയില്‍ അവള്‍ അത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടായിരുന്നില്ല.  അവള്‍ക്ക് നേടാന്‍ സ്വപ്നങ്ങളോ വല്യ ആഗ്രഹങ്ങളോ ഇല്ല.  അതിനാല്‍ തന്നെ അവളോട് അമ്മയും അച്ഛനും സുഹൃത്തുക്കളും പറയുന്നത് അനുസരിച്ച് ജീവിച്ചു പോകുന്നു. അമ്മയ്ക്ക് ഭരതനാട്യം, അച്ഛന് മെഡിക്കല്‍ പ്രവേശന പരീക്ഷ, സുഹൃത്തുക്കള്‍ക്ക് ഫാഷന്‍ ഡിസൈന്‍ എന്നിങ്ങനെ വളരെ വിരസമായ ജീവിതമായിരുന്നു അദിതി ജീവിച്ചിരുന്നത്. അവള്‍ക്ക് ഇഷ്ടം ക്രിക്കറ്റ് ആയിരുന്നു. പക്ഷെ അതിനുള്ള പിന്തുണ അവള്‍ക്ക് ലഭിച്ചതുമില്ല ആരോടും അവള്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയതും ഇല്ല.

ഇതിനിടെ ഒടുവില്‍ ആകാശിന് വലിയ ഒരു ബ്രേക്ക് ലഭിക്കുന്നു. ഒരു വര്‍ഷത്തിനകം രൂപംകൊണ്ടേക്കാവുന്ന പുതിയ അണ്ടര്‍ആം ക്രിക്കറ്റ് ലീഗിന്റെ മുഖമാകാനുള്ള അവസരമാണ് അവന് ലഭിക്കുന്നത്. എന്നാല്‍ അതിന് പകരം ജോലിക്ക് പ്രവേശിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുന്നത്തോടെ പ്രാദേശിക ടൂര്‍ണമെന്റില്‍ അദിതിക്ക് തനിക്കെതിരെ ഒരു ടീം രൂപീകരിക്കാന്‍ കഴിയുമെങ്കില്‍, അച്ഛന്റെ ആഗ്രഹം പോലെ ജോലിക്ക് പോകാമെന്നു ആകാശ് പറയുന്നു.  അദിതി ഈ വെല്ലുവിളി ഏറ്റെടുക്കുന്നതോടെ ചിത്രം കൂടുതല്‍ രസകരമാകുന്നു. പിന്നീട് അദിതി എങ്ങനെ ടീം രൂപീകരിക്കുന്നു എന്നുള്ളതാണ് സിനിമയുടെ മെയിന്‍ പ്ലോട്ട്.

അദിതിയും ആകാശും രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ ആണെങ്കിലും എല്ലായ്‌പ്പോഴും പരസ്പരം താങ്ങായി കൂടെയുണ്ട് അവര്‍.  ജീവിതത്തില്‍ മെച്ചപ്പെടാനും സ്വപ്നങ്ങള്‍ കാണാനും പരസ്പരം പ്രേരിപ്പിക്കുന്നു.  സഹോദരങ്ങള്‍ തമ്മിലുള്ള ചെറിയ പിണക്കങ്ങളും അതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ബഹുമാനവും വാത്സല്യവുമൊക്കെ അഭിനയിച്ച് ഫലിപ്പിക്കുന്നതില്‍ ആകാശ് എന്ന കഥാപാത്രം അവതരിപ്പിച്ച രജത്തും അദിതി ആയി എത്തിയ രാധികയ്ക്കും സാധിച്ചിട്ടുണ്ട്. 

ഓരോ സീനും വളരെയധികം ഹൃദയസ്പര്‍ശിയായിരിക്കുന്നു എന്നതാണ് 'കച്ചേ ലിംബു'വിന്റെ ഏറ്റവും വലിയ വിജയം. ഒരു സ്ട്രെസ് ബസ്റ്റര്‍ സിനിമ കാണാനുള്ള മൂഡിലാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് കച്ചേ ലിംബു.

Content Highlights: kacchey limbu movie review, iffk 2022