യുദ്ധത്തിന്റെ ഭീകരത കൺമുന്നിൽ; ഗംഭീര പ്രകടനങ്ങൾ, നിലയ്ക്കാത്ത കയ്യടി | Klondike Review

യുദ്ധത്തിന്റെ ഭീകരതയും യുദ്ധഭൂമിയിലെ അരക്ഷിതാവസ്ഥയും മനുഷ്യാവകാശ ലംഘനങ്ങളും പച്ചയായി വരച്ചുകാട്ടിയിരിക്കുന്ന യുക്രെെനിയൻ ചിത്രമാണ് ക്ലോണ്ടെെക്ക്. റഷ്യ - യുക്രെെൻ യുദ്ധത്തിന്റെ തുടക്ക കാലത്ത് അതിർത്തി പ്രദേശത്ത് താമസിക്കുന്ന ഗർഭിണിയായ ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും യഥാർത്ഥ ജീവിതത്തെ ആധാരമാക്കി മറീന എർ ഗോർബച് ഒരുക്കിയ ചിത്രമാണിത്. നായികയായ ഒക്സാന ചെർക്കഷീനയുടെ അതിഗംഭീര പ്രകടനമാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ആകർഷണം.
ക്ലെെമാക്സ് സീനുകളിലെ ഒക്സാനയുടെ പ്രകടനം മേളയിലെ തന്നെ ഒരു അഭിനേതാവിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമെന്ന് തന്നെ പറയാം. ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ശേഷം ചോദ്യോത്തര വേളയ്ക്കായി ഒക്സാന തീയേറ്ററിലേക്കെത്തിയപ്പോൾ അവർക്ക് ലഭിച്ച നിലയ്ക്കാത്ത കെെയടികൾ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ക്ലോണ്ടെെക്കിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. റഷ്യ - യുക്രെെൻ യുദ്ധത്തിന്റെ ആരംഭകാലമായ 2014-ൽ ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശത്ത് താമസിക്കുന്ന ഒരു യുക്രെെനിയൻ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമം റഷ്യൻ അനുകൂല വിഘടനവാദികൾ പിടിച്ചടക്കിയിട്ടും ഇർക്ക എന്ന ഗർഭിണിയായ യുവതി തന്റെ വീട് വിട്ട് പോകാൻ വിസമ്മതിക്കുന്നു. ഇതിന് പിന്നാലെ 2014 ജൂലെെ 17ന് ഒരു വിമാനാപകടം ആ മേഖലയിൽ നടക്കുന്നതിന് പിന്നാലെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയും ഇർക്കയുടെ ജീവിതം നരകമാകുകയും ചെയ്യുന്നു.
ഒരു മോർട്ടാർ ആക്രമണത്തിൽ ഇർക്കയുടെ വീടിന്റെ ഒരു ഭാഗം തകരുന്നതിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അതിനു ശേഷം ഇർക്ക അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കൃത്യമായി സ്‌ക്രീനിൽ അവതരിപ്പിക്കാൻ നായികയായ ഓക്‌സാനക്ക് സാധിച്ചു എന്നുള്ളതാണ് ചിത്രത്തെ അത്രമേൽ ഗംഭീരമാക്കുന്നത്. വിഘടനവാദികളോട് അനുകൂല നിലപാടുകളുള്ള ഭർത്താവ് ടോളിക്കിനും ജന്മനാടായ യുക്രൈനെ ജീവന് തുല്യം സ്നേഹിക്കുന്ന അനുജൻ യൂറിക്കിനും ഇടയിൽ ഗർഭിണിയായ ഇർക്ക അനുഭവിക്കുന്നത് കുറച്ചൊന്നുമല്ല.
സംവിധാനമികവും മൂന്ന് പ്രധാന കഥാപാത്രങ്ങളുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഡോൺബാസിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബം അനുഭവിക്കുന്നത് കൃത്യമായി വരച്ചുകാട്ടുന്നുണ്ട് ക്ലോണ്ടെെക്കിൽ. സമീപകാല ചരിത്രത്തിലെ നിർണായകമായ സംഭവവികാസങ്ങൾ കാണിക്കുന്നതിനൊപ്പം യുദ്ധത്തിനെതിരെയുള്ള ശക്തമായ രാഷ്ട്രീയവും ചിത്രം പറയുന്നുണ്ട്. സിനിമയുടെ പിരിമുറുക്കം നിറഞ്ഞ ക്ലെെമാക്സ് രംഗത്തിൽ മികച്ച പ്രകടനം കൊണ്ട് സ്കോർ ചെയ്യുന്നത് ഇർക്ക എന്ന കഥാപാത്രമാണെങ്കിലും യൂറിക് ടോളിക്കിനോട് പറയുന്ന ഡയലോഗാണ് സിനിമയിൽ മറീന എർ ഗോർബച് പറയുന്ന രാഷ്ട്രീയം. "നിങ്ങൾ വിഘടനവാദിയല്ല, വെറുമൊരു അടിമ മാത്രമാണ്."
Content Highlights: Klondike Review, IFFK 2022, 27th IFFK, IFFK Updates