തുരുത്തുകളിൽ ഒതുക്കപ്പെടുന്ന ഇറാനിയൻ ജീവിതങ്ങൾ | Hoopoe Review

സവിശേഷമായ ആഖ്യാനം കൊണ്ടും കഥാപരിസരം കൊണ്ടും ശ്രദ്ധേയമാണ് ഇറാനിയൻ ചിത്രമായ 'ഹൂപ്പോ'. മെഹദി ഗസർഫാരി സംവിധാനം ചെയ്ത് സഹോദരൻ ഹാദി ഗസർഫാരി നിർമിച്ച ചിത്രം സമകാലിക ഇറാനിയൻ സാമൂഹികപ്രശ്നങ്ങളെ തനതായ രീതിയിൽ ആവിഷ്കരിക്കുന്നു.
ശിരോവസ്ത്രം (ഹിജാബ്) ധരിക്കാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ സെപ്റ്റംബർ 16ന് ടെഹ്രാനിൽ മഹ്സ അമിനി എന്ന യുവതി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇറാനിയൻ ജനതയിപ്പോൾ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലാണ്. തെരുവിലിറങ്ങിയ പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്തും ഇന്റർനെറ്റ് കണക്ടിവിറ്റി പരിമിതപ്പെടുത്തിയും ഭരണകൂടം പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന പശ്ചാത്തലത്തിൽ ചിത്രത്തിന്റെ കാലികപ്രസക്തി ഏറെയാണ്. ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ഹൂപ്പോ പ്രദർശിപ്പിക്കുന്നത്.
സിനിമയിലൊരിടത്തും പേര് പരാമർശിക്കാത്ത ഒരു സൗണ്ട് റെക്കോർഡിസ്റ്റാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഒരു വാനിൽ സഞ്ചരിച്ച് പലതരം ശബ്ദങ്ങൾ റെക്കോഡ് ചെയ്ത് വിറ്റാണ് അയാളുടെ ജീവിതം. വാഹനം തന്നെയാണ് കഥാനായകന്റെ ജോലിസ്ഥലവും വീടുമെല്ലാം. ഒരു പുലർക്കാലത്ത് കടലിന്റെ ശബ്ദം റെക്കോർഡ് ചെയ്യാനായി അയാൾ ഒരു ദ്വീപിലെത്തുന്നത് മുതൽ ചിത്രം കഥ പറഞ്ഞുതുടങ്ങുന്നു.
ആ ദിവസത്തിൽ പലപ്പോഴായി അയാൾ ദ്വീപിലെ മനുഷ്യരെ കണ്ടുമുട്ടുന്നു, പ്രത്യേകിച്ച് സ്ത്രീകളെ. അവരോരുത്തരും ഓരോ രീതിയിലാണ് അയാളോട് ഇടപെടുന്നത്. പിതാവിന് നാട്ടിൽ വരാനാവാത്തതിനാൽ കടൽത്തട്ടിൽ ഉറച്ചുപോയ ബോട്ടിൽ ജീവിക്കുന്ന പെൺകുട്ടിയും വേശ്യയായ സ്ത്രീയും മാതള വിൽപനക്കാരിയായ യുവതിയുമെല്ലാം ഇറാനിലെ വർത്തമാനകാല സമൂഹത്തിലെ സ്ത്രീ ജീവിതങ്ങളെ വ്യത്യസ്ത രീതികളിൽ പ്രതിനിധീകരിക്കുന്നു.
വളരെ അപൂർവമായി മാത്രം സംസാരിക്കുന്ന കഥാനായകൻ ഇവിടെയെല്ലാം ഒരു കാഴ്ചക്കാരൻ മാത്രമാണ്. പക്ഷേ, ദ്വീപിനെയും അവിടത്തെ ജീവിതത്തെയും അയാൾ തന്റെ മൈക്രോഫോണിലൂടെ ശബ്ദങ്ങളായി സ്വാംശീകരിക്കുന്നുണ്ട്. അതുകൊണ്ടാവാം ആ ദിവസം അവസാനിക്കുമ്പോഴയാൾ റെക്കോഡ് ചെയ്ത ശബ്ദങ്ങളെല്ലാം ഉപേക്ഷിച്ച് ഒരു തിരിച്ചറിവിലേക്ക് ഇറങ്ങിപ്പോകുന്നതും!
യഥാർത്ഥ സൗണ്ട് റെക്കോർഡിസ്റ്റായ ഹാദി മനാവിപോറാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയത്തോടൊപ്പം ഹൂപ്പോയുടെ സൗണ്ട് ഡിസൈനും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കഥാപാത്രം റെക്കോർഡ് ചെയ്യുന്ന രീതിയിലുള്ളതും അതിനുപുറത്ത് സിനിമയ്ക്ക് വേണ്ടതുമായ രണ്ടുതരം സൗണ്ട് ഡിസൈനുകളാണ് മനാവി ചിത്രത്തിൽ ഒന്നിപ്പിച്ചിരിക്കുന്നത്. വിരലിലെണ്ണാവുന്ന സംഭാഷണരംഗങ്ങൾ മാത്രമുള്ള ചിത്രത്തിന്റെയും കഥാപാത്രങ്ങളുടെയും ഉൾപ്പിരിവുകൾ ശബ്ദത്തിലൂടെയാണ് സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
സൗണ്ട് ഡിസൈനിനൊപ്പം ഹൂപ്പോയിലെ ദുശ്യങ്ങളും വിസ്മയകരമാണ്. വ്യത്യസ്ത ആംഗിളുകളിൽ നിശ്ചലമായി നിൽക്കുന്ന ദ്വീപ് ദൃശ്യങ്ങൾ സ്ക്രീനിൽ കാഴ്ചയുടെ വിരുന്ന് തന്നെ ഒരുക്കുന്നു. ഓരോ സീക്വൻസിലേക്ക് കടക്കുമ്പോഴും ക്ലോസപ്പ് ദൃശ്യങ്ങളിലൂടെ ശ്രദ്ധപിടിച്ചുവാങ്ങി പിന്നീട് സീൻ പ്രേക്ഷകനിലേക്ക് എത്തിക്കുന്ന എഡിറ്റിങ് രീതി ചിത്രത്തിന്റെ ആഖ്യാനത്തിന് കൂടുതൽ പ്രഭാവം നൽയിട്ടുണ്ട്.
ബാഹ്യമായി അത്രയൊന്നും സംഭവബഹുലമല്ലാത്ത കഥാനായകന്റെ ജീവിതത്തിലെ ഒരു ദിവസമാണ് ഹൂപ്പോ പ്രേക്ഷകന് മുന്നിൽവെക്കുന്നത്. അതേസമയം, കഥാപാത്രങ്ങളുടെ വൈചിത്ര്യം തോന്നിക്കുന്ന പെരുമാറ്റം പുറംകാഴ്ചകൾക്കപ്പുറം സമകാലിക ഇറാനിയൻ സമൂഹത്തെ കുറിച്ച് പലതും സംവദിക്കുന്നുണ്ട്. സ്ത്രീകൾക്ക് വാഹനമോടിക്കാൻ പോലും അവകാശമില്ലാത്ത, ആവിഷ്കാരസ്വാതന്ത്ര്യം സ്വപ്നം മാത്രമായ ഇറാനിലെ കാർക്കശ്യം നിറഞ്ഞ സാമൂഹികാവസ്ഥ മനസ്സിൽവെച്ച് കൂടി വേണം ഹൂപ്പോയെ സമീപിക്കാൻ. ഇറാനിലെ വർത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകൂടഭീകരതയ്ക്ക് എതിരായ പോരാട്ടമായി കൂടി ഗസർഫാരി സഹോദരൻമാരുടെ ഈ ചിത്രത്തെ കാണാം.
Content Highlights: Hoopoe Review IFFK 2022 Iranian Film