സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടം | Convenience Store Review

Convenience store
Convenience store

റഷ്യയിലെ കുടിയേറ്റക്കാരുടെ യഥാർത്ഥ ജീവിതത്തെയും അനുബന്ധ സംഭവങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് കൺവീനിയൻസ് സ്റ്റോർ. മുതലാളിത്തത്തിന്റെയും മനുഷ്യാവകാശലംഘനങ്ങളുടെയും ആധിപത്യമുള്ള റഷ്യയുടെ വിപണിയുടെയും സമൂഹത്തിന്റെയും ‌നേർച്ചിത്രമാണ് സിനിമയിലൂടെ സംവിധായകൻ മെെക്കിൾ ബൊറോദിൻ വരച്ചുകാട്ടുന്നത്. സ്വാതന്ത്ര്യത്തിനും ഉപജീവനത്തിനും വേണ്ടി ഒരു സ്ത്രീ നടത്തുന്ന ശക്തമായ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

ഷന്ന എന്ന സ്ത്രീ നടത്തുന്ന പലചരക്കുകടയിൽ അവരുടെ ജോലിക്കാർ, അല്ലെങ്കിൽ അടിമകളാണ് ഉസ്ബെക്കിസ്ഥാനിലെ ഒരു ഗ്രാമത്തിൽ നിന്നുമെത്തിയ മുഖ്യകഥാപാത്രമായ മുഖബത്ത് ഉൾപ്പെടെയുള്ള മധ്യേഷ്യൻ കുടിയേറ്റ തൊഴിലാളികൾ. ജീവനക്കാരെ കന്നുകാലികളെപ്പോലെ പണിയെടുപ്പിക്കുന്ന ഷന്ന ഭക്ഷണവും താമസവും മാത്രമാണ് അവർക്ക് നൽകുന്നത്. അവരുടെ പാസ്‌പോർട്ടുകൾ വാങ്ങിവെക്കുകയും ചെയ്യുന്ന ജോലിക്ക് ശമ്പളം നൽകാതിരിക്കുകയും ചെയ്യുന്നു. കടയിലെത്തുന്നവർ നടത്തുന്ന ലൈംഗികാതിക്രമം ഉൾപ്പെടെ എല്ലാത്തരം പീഡനങ്ങൾക്കും പെൺകുട്ടികൾ വിധേയരാകുന്നു. അതിൽ ഒരു പെൺകുട്ടി പീഢനം സഹിക്കാനാകാതെ ഓടിപോകുമ്പോൾ പോലീസ് അവളെ തിരികെ കൊണ്ടുവരുന്നതും ഷന്ന അവൾക്ക് ക്രൂരമായ ശിക്ഷ നൽകുന്നതും കണ്ടിരിക്കാൻ ബുദ്ധിമുട്ടാണ്. 

മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കാൻ കഴുയാതെ ഒരു നാൾ മുഖബത്ത് തന്റെ ഭയം മറികടക്കുന്നു. ഒരു എൻ‌ജി‌ഒയുടെ സഹായത്തോടെ മുഖബത്ത് ഷന്നയുടെ ക്രൂരതയിൽ നിന്ന് രക്ഷപ്പെട്ട് അവളുടെ ഗ്രാമത്തിലേക്ക് മടങ്ങുന്നു. എന്നാൽ അവിടെ അവളുടെ അമ്മയിൽ നിന്ന് നല്ല സ്വീകരണമല്ല അവൾക്ക് ലഭിക്കുന്നത്. പക്ഷേ അവളുടെ ഏക ലക്ഷ്യം തന്റെ മകനെ തിരികെ കൊണ്ടുവരിക എന്നുള്ളതാണ്. പിന്നീട് അതിന് വേണ്ടിയുള്ള മുഖബത്തിന്റെ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംവിധായകൻ ബോറോദിനിന്റെ മാസ്റ്റർ ക്രാഫ്റ്റ് ചിത്രത്തിലുടനീളം നമുക്ക് കാണാനാകും. മുഴുവനായും കടയിൽ മാത്രം നടക്കുന്ന ആദ്യത്തെ 45 മിനിറ്റുകളിലെ പ്രകടനങ്ങളും ഫ്രയിമുകളും ​ഗംഭീരമെന്ന് തന്നെ പറയാം. തൊഴിലാളികളുടെ ശ്വാസംമുട്ടൽ പ്രേക്ഷകർക്കും മനസ്സിലാകുന്ന തരത്തിലാണ് കടയ്ക്കുള്ളിലെ രം​ഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. 

ക്രൂരയായ കൺവീനിയൻസ് സ്റ്റോർ ഉടമ ഷന്നയെ അവതരിപ്പിച്ച ല്യൂഡ്മില വാസിൽയേവയുടെ പ്രകടനം ​ഗംഭീരമായിരുന്നു. മുഖ്യ കഥാപാത്രമായ മുഖബത്ത് ആയി എത്തുന്ന സുഖറ സാൻസിസ്ബേയും തന്റെ ഭാ​ഗം മികച്ചതാക്കി. ചെറുതും വലുതുമായി എത്തുന്ന എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ അഭിനയ പ്രാധാന്യം സംവിധായകൻ നൽകിയിട്ടുണ്ട്. വേദനാജനകമായ യാഥാർഥ്യങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഈ പ്രകടനങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

Content Highlights: a womens fight for freedom and daily living convenience store review