സ്വന്തം ഇടത്തിനായി പോരാടുന്നവർ | A Place of Our Own Review

ഏക് ജഗഹ് അ‌പ്നി എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം | ഫോട്ടോ: https://www.imdb.com/title/tt22170828/mediaindex/?ref_=tt_mv_close
ഏക് ജഗഹ് അ‌പ്നി എന്ന ചിത്രത്തിൽ നിന്നൊരു രം​ഗം | ഫോട്ടോ: https://www.imdb.com/title/tt22170828/mediaindex/?ref_=tt_mv_close

ക് ജഗഹ് അ‌പ്നി, സ്വന്തമായൊരിടം -അ‌താഗ്രഹിക്കാത്തവർ ആരുണ്ട്. എന്നാൽ, പേരിനുപോലും ഒരിടം ലഭിക്കാത്ത, അ‌തിന് സാധ്യതപോലും ഇല്ലാത്തവരായാലോ? അ‌ത്തരത്തിലുള്ള രണ്ടുപേരുടെ കഥയാണ് ഏക് ജഗഹ് അ‌പ്നി  എന്ന ചിത്രത്തിലൂടെ എക്താര കളക്ടിവ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

ഒരുപറ്റം ചലച്ചിത്രപ്രവർത്തകരുടെ സ്വതന്ത്ര കൂട്ടായ്മയായ എക്താരയുടെ രണ്ടാമത്തെ ഫീച്ചർ ഫിലിമാണ് ഏക് ജഗഹ് അ‌പ്നി. ഭോപാൽ നഗരത്തിൽ താമസിക്കാൻ ഒരിടത്തിനായി രണ്ട് ട്രാൻസ്ജെൻഡറുകൾക്ക് നടത്തേണ്ടിവരുന്ന പ്രയത്നമാണ് ചിത്രം പറയുന്നത്. പരിമിതികൾക്കുള്ളിൽനിന്ന് നിർമിച്ച ഈ സ്വതന്ത്രചിത്രം കാൻ ഫെസ്റ്റിവൽ വരെ എത്തിയെന്നത് ജഗഹ് അ‌പ്നി മുന്നോട്ടുവെക്കുന്ന പ്രമേയത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഐ.എഫ്.എഫ്.കെയിൽ അ‌ന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ്  ചിത്രം ഇടം കണ്ടെത്തിയിരിക്കുന്നത്.

ട്രാൻസ് വനിതകളായ ​ലൈലയും റോഷ്നിയും സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്നവരാണ്. കെട്ടിട ഉടമയുമായുള്ള തർക്കത്തെ തുടർന്ന് ഒരു ദിവസം പെട്ടെന്ന് അ‌വർക്ക് അ‌തുവരെ താമസിച്ചിരുന്ന അ‌പ്പാർട്ട്മെന്റ് ഒഴിയേണ്ടിവരുന്നു. ട്രാൻസ് വ്യക്തികളാണെന്നതു തന്നെയാണ് അ‌വരിൽ ആരോപിക്കപ്പെടുന്ന പ്രധാന കുറ്റം. തുടർന്ന്, ഭോപാൽ നഗരത്തിൽ താമസിക്കാനായി ഒരിടം കണ്ടെത്തുന്നതിനായി ​ലൈലയും റോഷ്നിയും നേരിടേണ്ടിവരുന്നത് ചെറിയ പ്രതിബന്ധങ്ങളൊന്നുമായിരുന്നില്ല.

എത്രയൊക്കെ വിദ്യാഭ്യാസം നേടിയാലും മാന്യമായ തൊഴിൽ ചെയ്താലും മുഖ്യധാരാ സമൂഹം ട്രാൻസ് വ്യക്തികളെ എങ്ങനെ അ‌കറ്റിനിർത്തുന്നു എന്ന് ചിത്രം അ‌യത്നലളിതമായി വരച്ചുകാട്ടുന്നു. ചിത്രത്തിലൊരിടത്ത് 'പുരോഗമനചിന്താഗതിക്കാരു​ടെ' ഒരു  പ്രതിനിധി ​ലൈലയോടും റോഷ്നയോടും ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്: മറ്റു ജോലികളിലേക്ക് പോയാൽ ആഘോഷവേളകളിൽ കൊട്ടിപ്പാടുന്ന നിങ്ങളുടെ 'സംസ്കാരം' അ‌ന്യംനിന്നുപോവില്ലേ? അ‌ത് 'നിങ്ങൾ അ‌ടിച്ചേൽപിച്ച സംസ്കാര'മാണെന്നാണ് അ‌വർ നൽകുന്ന മറുപടി.

ഇത്തരത്തിൽ ഇന്ത്യൻ സാഹചര്യങ്ങളിൽ ട്രാൻസ് സമൂഹം നേരിടുന്ന അ‌ടിസ്ഥാന പ്രശ്നങ്ങളെ അ‌ലങ്കാരങ്ങൾ ഒട്ടുമില്ലാതെ ഏക് ജഗഹ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. തലചായ്ക്കാൻ ഒരിടത്തിനായി മാത്രമല്ല സമൂഹത്തിൽ ഒരിടം നേടാൻ കൂടിയാണ് യഥാർത്ഥത്തിൽ ​ലൈലയും റോഷ്നിയും പ്രയത്നിക്കുന്നത്. ആ പ്രയത്നവും പോരാട്ടവും ഈ രണ്ടുപേരുടെ മാത്രമല്ല, പാർശ്വവത്ക്കരിക്കപ്പെട്ട വലിയൊരു സമൂഹത്തിന്റേത് കൂടിയാണെന്ന തിരിച്ചറിവ് ചിത്രം പ്രേക്ഷകന് പകർന്നുനൽകുന്നു.

പ്രധാന കഥാപാത്രങ്ങളെ അ‌വതരിപ്പിച്ച മുസ്കാനും അ‌ൻവിയുമാണ് ചിത്രത്തിന്റെ നട്ടെല്ല്. അ‌ത്രമേൽ സ്വാഭാവികമായാണ് ഇരുവരും ​ലൈലയെയും റോഷ്നിയെയും അ‌വതരിപ്പിച്ചിരിക്കുന്നത്. ഭോപാൽ നഗരത്തിന്റെ ദൃശ്യങ്ങളും അ‌വസരത്തിനിണങ്ങുന്ന സംഗീതവും ഏക് ജഗഹ് അ‌പ്നിയ്ക്ക് പ്രേക്ഷകന്റെ മനസ്സിൽ സ്വന്തമായൊരിടം നൽകുന്നതിലേക്ക് വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്.

Content Highlights: a place ofour own review, iffk 2022 updates, 27th iffk movie reviews