മാറ്റമില്ലാത്ത മനുഷ്യാവസ്ഥകൾ | Cordially Yours Review

ഒരു കൂട്ടം ആളുകൾ വർഷങ്ങളായി സഹിച്ചുവരുന്ന ദുരിതങ്ങളെ കുറിച്ച് പറയുന്ന പത്ത് കഥകളുടെ സമാഹാരമാണ് കോർഡിയലി യുവേഴ്സ് എന്ന ബ്രസീലിയൻ ചിത്രം. 1550 മുതൽ 2066 വരെയുള്ള കാലഘട്ടത്തിൽ 10 സെഗ്‌മെന്റുകളാണ് ചിത്രത്തിലുള്ളത്. പ്രത്യേകിച്ച് ഒരു കാലക്രമം പാലിക്കാതെ പ്രേക്ഷകനെ വ്യത്യസ്ത കഥാപാത്രങ്ങളെ അനലെെസ് ചെയ്യുന്ന സാഹചര്യങ്ങളിലേക്ക് കൊണ്ടുവരുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
കാലഘട്ടം ഏതാണെങ്കും മനുഷ്യൻ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ എല്ലായ്പ്പോഴും ഒരുപോലെയാണെന്ന് വരച്ചുകാട്ടുകയാണ് ചിത്രത്തിലൂടെ സംവിധായകൻ ഐമർ ലബാക്കി ചെയ്യുന്നത്. രാജ്യാന്തര ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
ഒരു കാപ്പിത്തോട്ടത്തിൽ നടക്കുന്ന അടിമകലാപം, ആദിവാസിക്ക് നേരെ നടക്കുന്ന അതിക്രമം, ഒരു സ്ഥാനപതിയെ കിഡ്നാപ് ചെയ്യുന്നത്, വിചാരണയിൽ നിന്നും രക്ഷപ്പെടാൻ ഒളിവിൽ കഴിയുന്ന ജൂതന്മാർ, തന്റെ അനുഭവം ലോകത്തോട് വിളിച്ചുപറയുന്ന പീഡനത്തിനിരയാകുന്ന സ്ത്രീ, രണ്ടാ ലോകമഹായുദ്ധകാലം പശ്ചാത്തലമാക്കിയുള്ള അച്ഛന്റെയും മകന്റെയും സംസാരം, വിവാഹം കഴിക്കാൻ നിർബന്ധിതയാകുന്നതോടെ സ്വാതന്ത്യം നഷ്ടപ്പെടുന്ന വിധവ തുടങ്ങിയ പത്ത് വ്യത്യസ്ഥവും കൗതുകമുണർത്തുന്നതുമായ കഥകളാണ് ചിത്രത്തിലുള്ളത്.
വ്യത്യസ്ത കാലഘട്ടങ്ങളും സന്ദർഭങ്ങളും വളരെ മികച്ച രീതിയിൽ സംയോജിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഓരോ കാലഘട്ടത്തിലുമുള്ള ജീവിതരീതിയും അതിനെ സംവിധായകൻ സ്ക്രീനിലെത്തിക്കുന്ന രീതിയും പ്രശംസയർഹിക്കുന്നു. സംവിധായകൻ ഐമർ ലബാക്കിയുടെ ആദ്യ ചിത്രമാണെങ്കിലും നാടകങ്ങളിലും മറ്റും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ ക്രാഫ്റ്റ് സിനിമയിലുടനീളം നമുക്ക് കാണാൻ സാധിക്കും.
മികച്ച സിനിമാറ്റോഗ്രഫിയാണ് കോർഡിയലി യുവേഴ്സിൽ എടുത്ത് പറയേണ്ട മറ്റൊരു പോസിറ്റീവ്. കാലഘട്ടങ്ങളെ അതിന്റേതായ കളർ ടോണുകളിൽ മികച്ച ഫ്രെയിമുകളോടെ പ്രേക്ഷകരിലേക്കെത്തിക്കാൻ സാധിക്കുന്നുണ്ടെന്നത് ചിത്രത്തിന്റെ വിജയമാണ്. കഥാപാത്രങ്ങൾ കടന്നുപോകുന്ന മാനസികാവസ്ഥ കാണികളുമായി കണക്ട് ചെയ്യുന്നതിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്തവർക്ക് സാധിച്ചിട്ടുണ്ട്. പത്ത് വ്യത്യസ്ഥമായ സിനിമകൾ കാണുന്ന അനുഭവമാണ് കോർഡിയലി യുവേഴ്സ് എന്ന ഒറ്റ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Content Highlights: a collection of ten stories of different timeline cordially yours iffk review