നിശാഗന്ധിയില്‍ 'സാത്താനിറങ്ങി', പേടിച്ചു വിറച്ച് കാണികള്‍, യുവാവ് ബോധരഹിതനായി

സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍
സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍

രാജ്യാന്തര ചലചിത്ര മേളയിലെ അര്‍ധരാത്രി പ്രദര്‍ശനത്തില്‍ കാണികളെ വിറപ്പിച്ച് 'സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍'. ഐ.എഫ്.എഫ്.കെയുടെ തുറന്ന വേദിയായ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കാണാന്‍ നാലായിരത്തോളം പേരാണ് തടിച്ചു കൂടിയത്.  ഇന്തോനേഷ്യന്‍ ഹൊറര്‍ ചിത്രമായ സാത്താന്‍സ് സ്ലേവ്‌സ് ശ്വാസമടക്കി പിടിച്ചായിരുന്നു കാണികള്‍ കണ്ടു തീര്‍ത്തത്. പ്രദര്‍ശനത്തിനിടെ കാണികളിലൊരാളായ യുവാവ് ബോധരഹിതനാകുകയും ചെയ്തു. 

ഹൊറര്‍ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അന്‍വറാണ് ചിത്രത്തിന്റെ സംവിധായകന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ദാരുണമായ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ റിനിയും കുടുംബവും സ്വസ്ഥജീവിതമന്വേഷിച്ചു ഫ്ലാറ്റിലേക്ക് താമസം മാറ്റുന്നു. അയല്‍ക്കാര്‍ ആരാണെന്ന് മനസ്സിലാക്കാതെയുള്ള കുടുംബത്തിന്റെ ഭയവിഹ്വലമായ ജീവിതമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. 

ചിത്രത്തിന്റെ ആദ്യ ഭാഗമായ സാത്താന്‍സ് സ്ലേവ്സ്, 22-ാമത് ഐ എഫ് എഫ് കെ യില്‍  പ്രദര്‍ശിപ്പിച്ചിരുന്നു. ഭയം ആസ്വദിക്കാനുള്ള പ്രേക്ഷക താത്പര്യം മുന്‍നിര്‍ത്തിയാണ് മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ പ്രദര്‍ശിപ്പിച്ചത്.

Content Highlights: satan slaves 2 communion at iffk 2022