ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമാ പ്രദർശനത്തിൽ ജനാധിപത്യം കൊണ്ടുവന്നു - സുപ്രിയ മേനോൻ

ഓപ്പണ്‍ ഫോറത്തില്‍ നിന്ന്
ഓപ്പണ്‍ ഫോറത്തില്‍ നിന്ന്

തിരുവനന്തപുരം: സിനിമാ പ്രദർശനത്തിൽ ജനാധിപത്യം കൊണ്ടുവന്നു എന്നതാണ് കോവിഡിനു ശേഷം ഒടിടി പ്ലാറ്റ്ഫോമുകൾ കൊണ്ടുവന്ന മാറ്റമെന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഉടമ സുപ്രിയ മേനോൻ. ചലച്ചിത്രമേളയിൽ 'സിനിമയിലെ ഉള്ളടക്കത്തിന്റെ വിതരണത്തിന്റെയും ഭാവി' എന്ന വിഷയത്തിലുള്ള പാനൽ ഡിസ്കഷനിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു സുപ്രിയ. 

ഒടിടി പ്ലാറ്റ്‌ഫോമുകൾ വ്യാപകമായതോടെ ലോകസിനിമയുടെ വൈവിധ്യം വീടിനുള്ളിരുന്നു തന്നെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിച്ചു. അതിലൂടെ മലയാള സിനിമയും ലോകശ്രദ്ധയിലെത്തി. ഏതെങ്കിലുമൊരു സമവാക്യത്തിന്റെ അടിസ്ഥാനത്തിലല്ല ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകളെടുക്കുന്നത്. മികച്ച ഉള്ളടക്കമാണ് അതിന്റെ അടിസ്ഥാനമെന്നും അ‌വർ കൂട്ടിച്ചേർത്തു.

പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥകൾ അവതരിപ്പിച്ചാൽ അത് ലോകം ഏറ്റെടുക്കുമെന്നും സിനിമ വിജയിക്കാൻ മറ്റൊരു സമവാക്യത്തിന്റെയും ആവശ്യമില്ലെന്നും സോണി ലിവ് കേരള കോൺടെന്റ് ലീഡ് അന്നു സി.എം. പറഞ്ഞു. കോവിഡ്  പ്രതിസന്ധികളെ അടയാളപ്പെടുത്തി നിർമിച്ച മികച്ച സിനിമകൾ ഉണ്ടായത് മലയാളത്തിൽ നിന്നാണെന്ന് മുബി ഏഷ്യൻ പ്രോഗാം ഡയറക്ടർ സ്വെറ്റ്ലാന നൗഡിയാൽ പ്രശംസിച്ചു.

അ‌തേസമയം, അന്താരാഷ്ട്ര മേളകളിൽ ചർച്ച ചെയ്യുകയും ജനപ്രീതി നേടുകയും ചെയ്യുന്ന പല ചിത്രങ്ങൾക്കും തിയേറ്റർ, ഒടിടി റിലീസുകളിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നതായി ഇമ്പാക്റ്റ് ഫിലിംസ് ഡിസ്‌ട്രിബ്യുട്ടർ അശ്വനി കുമാർ ചൂണ്ടിക്കാട്ടി. ചലച്ചിത്രമേള വേദിയായ ശ്രീ തിയറ്ററിൽ നടന്ന ചർച്ചയിൽ നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ മോഡറേറ്ററായിരുന്നു.

Content Highlights: ott platforms brought democracy in cinema screening says supriya menon