റിസർവേഷനില്ലാതെ അവസാനദിനം; സമാപനം മന്ത്രി വാസവൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഒരാഴ്ച നീണ്ട ദൃശ്യോത്സവത്തിന് സമാപനം. 27-ാമത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് സമാപന സമ്മേളനം. അവസാന ദിവസം 15 സിനിമകളാണ് പ്രദർശിപ്പിക്കുക. ഇവയ്ക്ക് റിസർവേഷൻ ആവശ്യമില്ല. നിള, ശ്രീ, കൈരളി, കലാഭവൻ, ടാഗോർ തിയറ്ററുകളിൽ മാത്രമേ ഇന്ന് പ്രദർശനമുള്ളൂ.
ആനന്ദ് മഹാദേവന്റെ സ്റ്റോറിടെല്ലർ, ഒപ്പിയം, ജാഫർ പനാഹിയുടെ നോ ബിയേഴ്സ്, മാനുവേലാ മാർടീലി ചിത്രം 1976, ഹംഗേറിയൻ ചിത്രം ദി ഗെയിം, ബിറ്റർസ്വീറ്റ് റെയ്ൻ, ദ ഹാപ്പിയസ്ററ് മാൻ ഇൻ ദ വേൾഡ് തുടങ്ങിയ ചിത്രങ്ങളാണ് വെള്ളിയാഴ്ച പ്രദർശിപ്പിക്കുന്നവയിൽ ശ്രദ്ധേയമായവ. സമാപന സമ്മേളനത്തിനുശേഷം സുവർണ ചകോരം നേടുന്ന ചിത്രവും പ്രദർശിപ്പിക്കും.
സമാപന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദന്‍ മുഖ്യാതിഥിയാകും. മന്ത്രി കെ. രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി.
മേളയിലെ മികച്ച ചിത്രം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷമാണ് സമ്മാനത്തുക. രജതചകോരത്തിന് അര്‍ഹത നേടുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരം നേടുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും.
പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക. വെള്ളിയാഴ്ച 12 വരെ ഡെലിഗേററ്റുകൾക്ക് ഇതിനായി വോട്ട് ചെയ്യാം. കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.
Content Highlights: minister vasavan will inaugurate closing day ceremonies of iffk 2022