കെ.ആർ.എൻ. ഇൻസ്റ്റിറ്റ്യൂട്ട് സമരം; ചെയർമാൻ അടൂരിനെ രൂക്ഷമായി വിമർശിച്ച് ചലച്ചിത്രപ്രവർത്തകർ

തിരുവനന്തപുരം: കോട്ടയത്തെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണനെ രൂക്ഷമായി വിമർശിച്ച് ചലച്ചിത്രപ്രവർത്തകർ. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന അടൂരിന്റെ നിലപാടിനെതിരെയാണ് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ചലച്ചിത്രമേള വേദിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കമലും ആഷിഖ് അബുവും സജിത മഠത്തിലും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്.
ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ കമൽ, ആഷിഖ് അബു, ജിയോ ബേബി, മഹേഷ് നാരായണൻ, സജിത മഠത്തിൽ, വിധു വിൻസെന്റ്, ബിജിപാൽ, ഷഹബാസ് അമൻ, കമാൽ കെ.എം., ശീതൾ ശ്യാം തുടങ്ങിയവർ പങ്കെടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെതിരേ ജാതി വിവേചനവും കെടുകാര്യസ്ഥതയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ദിവസങ്ങളായി വിദ്യാർഥികൾ സമരത്തിലാണ്. ഇതിന്റെ ഭാഗമായാണ് ചലച്ചിത്രമേള വേദിയിലും പ്രതിഷേധം നടന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹനെതിരായ പരാതികൾ ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ ചെവിക്കൊള്ളാൻ തയ്യാറാവുന്നില്ലെന്നും 'കുലീനനായ' അദ്ദേഹം അങ്ങനെ ചെയ്യില്ലെന്നാണ് പറയുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. അവകാശങ്ങൾ നേടിയെടുക്കാൻ ചലച്ചിത്രമേഖലയിൽ നിന്നുള്ളവരുടെ പിന്തുണ വേണമെന്നും പ്രതിഷേധ വേദിയിൽ വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ തങ്ങൾക്ക് നേരിട്ട് അറിവുള്ളതാണെന്ന് ഇവിടെ എച്ച്.ഒ.ഡി. ആയിരുന്ന സജിത മഠത്തിൽ, അധ്യാപകനായിരുന്ന ജിയോ ബേബി, ഇൻസ്റ്റിറ്റ്യൂട്ട് കമ്മിറ്റികളില്‍ അംഗമായിരുന്ന മഹേഷ് നാരായണൻ എന്നിവർ പറഞ്ഞു.
സമരത്തിന്റെ കാര്യത്തിൽ പൂർണമായും വിദ്യാർഥികൾക്കൊപ്പമാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ കമൽ വ്യക്തമാക്കി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിട്ടിന്റെ തലപ്പത്ത് സംഘപരിവാറുകാരൻ എത്തിയപ്പോൾ അതിനെതിരേ അടൂർ സാറിനൊപ്പം പ്രതിഷേധിച്ചിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ ഇങ്ങനെ പ്രശ്നമുണ്ടാകുമ്പോൾ സാംസ്കാരിക പ്രവർത്തകർ മുന്നോട്ടുവരേണ്ടതുണ്ട്. അടൂർ സാറിന്റെ നിലപാടിലെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും നവോത്ഥാനത്തിന് മുമ്പുള്ള കാലത്തേക്ക് തിരിച്ചുപോകാൻ അനുവദിക്കില്ലെന്നും കമൽ കൂട്ടിച്ചേർത്തു.
എത്ര ഉന്നതനായ ചലച്ചിത്രകാരൻ മുകളിലിരുന്ന് ചരടുവലിച്ചാലും സമരം വിജയിക്കും വരെ ഒപ്പമുണ്ടാകുമെന്ന് ആഷിഖ് അബു പറഞ്ഞു. വിഷയത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേണിങ് ബോഡി അംഗങ്ങളായിട്ടും തന്നെയും പ്രിയനന്ദനെയും ഇൻസ്റ്റിറ്റ്യൂട്ടിലെ കാര്യങ്ങളൊന്നും അറിയിക്കാറില്ലെന്ന് സംവിധായിക വിധു വിൻസെന്റ് പറഞ്ഞു. താനൊരു ഹെഡ്മാസ്റ്ററാണെന്നും തന്റെ കീഴിൽ അടികൊണ്ട് പഠിക്കാൻ വിധിക്കപ്പെട്ടവരാണ് വിദ്യാർഥികളെന്ന തെറ്റിദ്ധാരണ അടൂരിന് ഉണ്ടെങ്കിൽ അത് മാറ്റിക്കൊടുക്കേണ്ടത് വിദ്യാർഥികൾ തന്നെയാണെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: malayalam filmmakers criticises adoor gopalakrishnan on krn institute protests