മേളകളിലെ ജൂറിയാവുക പ്രയാസകരമായ പ്രക്രിയയെന്ന് ബീനാപോൾ

തിരുവനന്തപുരം: ചലച്ചിത്രമേളകളിലെ ജൂറികളുടെ ജോലി പ്രയാസമേറിയ പ്രക്രിയയെന്ന് ഐഎഫ്എഫ്കെ മുൻ ആർട്ട് ഡയറക്ടറും ഫിലിം എഡിറ്ററുമായ ബീനാപോൾ. 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച നടന്ന ഓപ്പൺ ഫോറത്തിൽ ചലച്ചിത്ര വിമർശനത്തെ കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
ഒരു വിമർശകന് സിനിമയെ കുറിച്ച് സ്വന്തം നിലപാടുകൾ അവതരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ജൂറി അംഗങ്ങളുടെ അവസ്ഥ അതല്ല. അവിടെ മികച്ച സിനിമകൾ തിരഞ്ഞെടുക്കാൻ മാനദണ്ഡങ്ങൾ ഉണ്ടാകും. അതനുസരിച്ചുള്ള തെരഞ്ഞെടുപ്പുകൾ മാത്രമേ നടത്താനാകൂ -അവർ വിശദമാക്കി.
കലയുടെയും കലാകാരന്റെയും സ്വാതന്ത്ര്യം വിമർശനത്തിന് അതീതമല്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ചലച്ചിത്ര നിരൂപകൻ മനു ചക്രവർത്തി. കലയുടെ നിലനിൽപിന് വിമർശനം ആവശ്യമാണെന്നും ചരിത്രത്തിൽ അതിനു നിരവധി തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര നിരൂപകൻ പ്രേമേന്ദ്ര മജുംദാർ, ജി.പി. രാമചന്ദ്രൻ, വി.കെ. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: it is difficult to be a jury in film festivals says beena paul