അഞ്ചാംദിനം 10 മലയാള ചിത്രങ്ങൾ, 11 മത്സര ചിത്രങ്ങൾ

തിരുവനന്തപുരം: 27-ാമത് ചലച്ചിത്രമേളയിൽ ഇതിനകം ശ്രദ്ധ നേടിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം', സനൽകുമാർ ശശിധരന്റെ 'വഴക്ക്' എന്നിവ ഉൾപ്പെടെ അഞ്ചാംദിനം 66 ചിത്രങ്ങൾ. മലയാളത്തിൽ നിന്ന് ആകെ പത്ത് ചിത്രങ്ങൾ ചൊവ്വാഴ്ച പ്രദർശിപ്പിക്കും.
ഫ്രീഡം ഫൈറ്റ്, പട, നോർമൽ തുടങ്ങിയവ കൂടാതെ അന്തരിച്ച എഴുത്തുകാരൻ ടി.പി. രാജീവന് പ്രണാമം അർപ്പിച്ചു കൊണ്ട് ഹോമേജ് വിഭാഗത്തിൽ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥയും മലയാളത്തിൽ നിന്നുണ്ടാകും.
പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ അവസാന ചിത്രം 'കാൾ ഓഫ് ഗോഡി'ന്റെ ആദ്യ പ്രദർശനവും ഇന്നാണ്. മത്സര വിഭാഗത്തിൽ 11 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ 20 ചിത്രങ്ങളും എത്തും. മത്സര വിഭാഗത്തിലെ ക്ലോണ്ടെക്, ഹൂപ്പോ എന്നിവയുടെ അവസാന പ്രദർശമായിരിക്കും ഇന്ന് നടക്കുക.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ബേലാ താറിന്റെ വെർക്‌മെയ്‌സ്റ്റർ ഹാർമണീസ്, ജോണി ബെസ്റ്റ് തത്സമയ സംഗീതമൊരുക്കുന്ന ഫാന്റം ക്യാരിയേജ്, സെർബിയൻ ചിത്രം ഫാദർ എന്നിവയും അഞ്ചാംദിനത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധേയമായവയാണ്.
Content Highlights: International film festival of Kerala IFFK day 5 films