വ്യാഴാഴ്ച്ച 54 ചിത്രങ്ങളുടെ അവസാന പ്രദർശനം; പ്രിസൺ 77ന് പ്രത്യേക പ്രദർശനം

തിരുവനന്തപുരം: 27-ാമത് ചലച്ചിത്രമേള ഏഴാം ദിവസത്തിലേക്ക് എത്തുന്ന വ്യാഴാഴ്ച്ച 54 ചിത്രങ്ങളുടെ അവസാന പ്രദർശനം. ആകെ 61 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഫ്രീഡം ഫൈറ്റ്, 19 (1)(a), ബാക്കി വന്നവർ എന്നിവയാണ് ഏഴാംദിനത്തിൽ മലയാള സിനിമ ടുഡേ വിഭാഗത്തിൽ വരുന്ന ചിത്രങ്ങൾ. സ്പാനിഷ് ത്രില്ലർ ചിത്രം പ്രിസൺ 77ന്റെ പ്രത്യേക പ്രദർശനവും ഇന്നുണ്ടാകും.
കൺസേൺഡ് സിറ്റിസൺ, കെർ ,എ പ്ലേസ് ഓഫ് അവർ ഓൺ, ടഗ് ഓഫ് വാർ, യൂറ്റാമ, കൺവീനിയൻസ് സ്റ്റോർ എന്നീ മത്സരചിത്രങ്ങളുടെ അവസാന പ്രദർശനം വ്യാഴാഴ്ചയാണ്. ലോക സിനിമ വിഭാഗത്തിൽ നിന്നുള്ള 27 ചിത്രങ്ങളും ഇന്ന് മേളയിൽ അവസാനമായി സ്ക്രീനിലെത്തും. ഓസ്കാർ നോമിനേഷൻ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, ഇന്റർനെറ്റ് പ്രതിഭാസമായ റൂൾ 34 നെ ആസ്പദമാക്കിയുള്ള ചിത്രം റൂൾ 34, പാം ഡി ഓർ ജേതാവ് റൂബൻ ഓസ്ലൻഡിന്റെ ആക്ഷേപഹാസ്യചിത്രം ട്രയാങ്കിൾ ഓഫ് സാഡ്നെസ് തുടങ്ങിയവ ഇതിൽപെടും.
അന്തരിച്ച ഛായാഗ്രാഹകൻ പപ്പുവിനോടുള്ള ആദരസൂചകമായി ഹോമേജ് വിഭാഗത്തിൽ 'ഞാൻ സ്റ്റീവ് ലോപ്പസ് ' എന്ന ചിത്രം പ്രദർശിപ്പിക്കും. മേളയുടെ ഭാഗമായുള്ള അരവിന്ദൻ മെമ്മോറിയൽ ലക്ച്ചറും വ്യാഴാഴ്ചയാണ്. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ ആണ് മുഖ്യാതിഥി.
Content Highlights: iffk thurday round up special show for prison 77