'കാഫിർ' പ്രദർശിപ്പിച്ചു; പ്രതാപ് പോത്തന് ആദരമർപ്പിച്ച് ചലച്ചിത്രമേള

അന്തരിച്ച ചലച്ചിത്രപ്രതിഭ പ്രതാപ് പോത്തന് ആദരമർപ്പിച്ച് ചലച്ചിത്രമേള. കലാഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഉൾപ്പെടെയുള്ളവർ പ്രതാപ് പോത്തനെ അനുസ്മരിച്ച് സംസാരിച്ചു.
ഇ.പി. രാജഗോപാൽ, പ്രതാപ് പോത്തനെകുറിച്ച് തയ്യാറാക്കിയ ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തൻ എന്ന പുസ്തകം ചടങ്ങിൽ പ്രകാശിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ പ്രമുഖ നടി മേനകക്ക് പുസ്തകം കൈമാറി.
തുടർന്ന്, പ്രതാപ് പോത്തൻ അഭിനയിച്ച 'കാഫിർ' എന്ന ചിത്രം പ്രദർശിപ്പിച്ചു. താടിയുള്ളവരെ ഭയപ്പെടുന്ന ഗൃഹനാഥൻ രഘു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതിപ്പിച്ചിരിക്കുന്നത്. താടിയുള്ളവരെല്ലാം ബോംബ് വെക്കുന്നവരാണെന്ന ചിന്താഗതിയുള്ള രഘുവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചർച്ചചെയ്യുന്നത്. കാൽ നൂറ്റാണ്ടിന് ശേഷം പ്രതാപ് പോത്തൻ നായക വേഷം ചെയ്ത ചിത്രമാണ് കാഫിർ.
നാലര പതിറ്റാണ്ടോളം സിനിമയിൽ നിറഞ്ഞുനിന്ന പ്രതിഭയാണ് പ്രതാപ് പോത്തൻ. നാടകത്തിലൂടെ കരിയർ ആരംഭിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1978ൽ പുറത്തിറങ്ങിയ ആരവം (സംവിധാനം: ഭരതൻ) ആണ് ആദ്യചിത്രം. തൊട്ടടുത്ത വർഷം പുത്തിറങ്ങിയ ഭരതന്റെ തന്നെ തകരയിലെ ടൈറ്റിൽ കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ പ്രതാപ് പോത്തൻ യുഗത്തിന് തുടക്കമായി. വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് അദ്ദേഹം ചലച്ചിത്രപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. തകരയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചു.
തുടർന്ന് തമിഴിലും മലയാളത്തിലും തിരക്കുള്ള നടനായിമാറി. ലോറി, ചാമരം, വരുമയിൻ നിറം സിവപ്പ്, വെട്രി വിഴാ തുടങ്ങി 22 ഫിമെയിൽ കോട്ടയവും അയാളും ഞാനും തമ്മിലും വരെ അദ്ദേഹത്തിന്റെ കരിയർ നീണ്ടുകിടക്കുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ ചെന്നൈയിൽ വെച്ച് 70-ാം വയസ്സിൽ ആ അഭിനയ കുലപതി തിരയൊഴിഞ്ഞു.
Content Highlights: 27th iffk, kafir movie starring prathap pothen, homage to prathap pothen, iffk 2022 updates