180 മീറ്റർ ദൂരത്തേക്ക് ഒല ബുക്ക് ചെയ്ത് യുവതി; കൗതുകത്തോടെ കാരണംതേടി സാമൂഹ്യമാധ്യമങ്ങൾ, വീഡിയോ വൈറൽ

സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo: Instagram:rohitvlogster
സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് | Photo: Instagram:rohitvlogster

വെറും 180 മീറ്റർ ദൂരത്തേക്ക് ഒല ബൈക്ക് റൈഡ് ബുക്ക് ചെയ്ത യുവതിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. തെരുവുനായകളെ പേടിച്ചാണ് യുവതി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ബൈക്ക് റൈഡർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 70 ലക്ഷം പേരാണ് കണ്ടത്. 1,97,000 പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. 

ബൈക്ക് ഓടിച്ചിരുന്ന വ്യക്തി തന്നെയാണ് വീഡിയോ പകർത്തിയതും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും. ഇയാൾ ബൈക്കുമായി എത്തുന്നതും യുവതിയോട് വൺ-ടൈം പാസ്‌വേഡ് ചോദിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന്, മാപ്പിൽ നോക്കുമ്പോഴാണ് ഇറങ്ങേണ്ട സ്ഥലം വെറും 180 മീറ്റർ മാത്രം ദൂരെയാണെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നത്. 

ഇതോടെ, ഇറങ്ങേണ്ട സ്ഥലം അതുതന്നെയാണോ എന്ന് അദ്ദേഹം യുവതിയോട് ചോ​ദിക്കുന്നത് കേൾക്കാം. പ്രദേശത്തെ തെരുവുനായകളെ പേടിയാണെന്നും അതിനാലാണ് ഇത്ര കുറഞ്ഞ ദൂരത്തേക്ക് റൈഡ് ബുക്ക് ചെയ്തതും എന്നായിരുന്നു യുവതിയുടെ മറുപടി. കൗതുകം തോന്നിയെങ്കിലും വളരെ പ്രൊഫഷണലായി തന്നെ ഡ്രൈവർ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. വെറും 19 രൂപയാണ് യുവതി ഡ്രൈവർക്ക് നൽകേണ്ടത് എന്ന് കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. 

Content Highlights: Viral Video: 180-Meter Ola Ride Highlights Fear of Stray Dogs in Urban Areas