വയനാട് ദുരന്തത്തിൽ അനാഥരായവരെ ദത്തെടുക്കാമോ? നിയമവശങ്ങളറിയാം

വയനാട്ടിലെ ദുരന്തത്തില്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ നിരവധി പേര്‍ മുന്നോട്ടുവരുന്നുണ്ട്. ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ എങ്ങനെയാണ്? പരിശോധിക്കാം...: ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത്, സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി അഥവാ കാറ-യുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ സൈറ്റില്‍ കയറിയാല്‍ സംസ്ഥാനം തിരിച്ച്, ജില്ല തിരിച്ച് അഡോപ്ഷന്‍ ഏജന്‍സികള്‍ ഉണ്ട്. കേരളത്തില്‍ 14 അഡോപ്ഷന്‍ ഏജന്‍സികള്‍ ഉണ്ട്.
തിരുവനന്തപുരത്ത് ഉള്ള ദമ്പതികളാണെങ്കില്‍ കാറ-യില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തിരുവനന്തപുരത്തെ സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സി സെലക്ട് ചെയ്യണം. ജില്ലാ ശിശു സംരക്ഷണ ഓഫിസും അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രവും രജിസ്റ്റര്‍ ചെയ്തവരുടെ ഹോം സ്റ്റഡി നടത്തും. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശാരീരിക മാനസിക വൈകാരിക സ്ഥിരതയുള്ളവരും സാമ്പത്തികമായി കഴിവുള്ളവരും ജീവന് ഭീഷണിയാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം.
ദമ്പതികളുടെ കാര്യത്തില്‍ ഇരുവരുടെയും സമ്മതം വേണം. ഇനി, അച്ഛന്റെയും അമ്മയുടെയും വയസ് കൂട്ടുമ്പോള്‍ അത് 85 വയസില്‍ താഴെയാണെങ്കില്‍ അവര്‍ക്ക് 0-2 വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാം. അച്ഛന്റെയും അമ്മയുടെയും പ്രായം കൂട്ടുമ്പോല്‍ 85-നും 90-നും ഇടയ്ക്കാണെങ്കില്‍ രണ്ട് മുതല്‍ നാല് വയസ് വരെയുള്ള കുട്ടികളെ ദത്തെടുക്കാം.
90-നും 100-നും ഇടയ്ക്കാണെങ്കില്‍ നാല് വയസ് മുതല്‍ എട്ട് വയസ് വരെയുള്ള കുട്ടികളെയും 100നും 110നും ഇടയ്‌ക്കെങ്കില്‍ 8 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെയും ദത്തെടുക്കാം. 55 വയസിന് മുകളിലുള്ളവര്‍ക്ക് ദത്തെടുക്കല്‍ സാധ്യമല്ല. അഞ്ച് വയസിന് മുകളിലുള്ള കുട്ടികളെങ്കില്‍ അവരുടെ താത്പര്യം കൂടി വേണം.
സിംഗിള്‍ പേരന്റ്‌സ്, അതായത്, ഒരു സ്ത്രീക്ക് മാത്രമാണെങ്കില്‍ ഏത് ജെന്‍ഡറിലുള്ള കുഞ്ഞുങ്ങളെയും ദത്തെടുക്കാം. പുരുഷനാണെങ്കില്‍ ആണ്‍കുട്ടിയെ മാത്രമേ ദത്തെടുക്കാന്‍ പറ്റൂ. 25 വയസ് പൂര്‍ത്തിയായ സ്ത്രീക്കോ പുരുഷനോ ദത്തെടുക്കാം. കുട്ടിയും രക്ഷിതാവും തമ്മിലുള്ള പ്രായവ്യത്യാസം 25 വയസായിരിക്കണം.
രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ് മൂന്ന് വര്‍ഷം ഇപ്പോള്‍ വെയിറ്റിങ് പീരിയഡ് ഉണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമായിരിക്കും അവര്‍ക്ക് സാധാരണയായി കുഞ്ഞിനെ ലഭ്യമാകുക. കേരളത്തില്‍ ദത്തെടുക്കുന്നവരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കുറയരുത്. ഓരോ സംസ്ഥാനത്തെയും പരിധി വ്യത്യസ്തമാണ്.
ഇനി വയനാട്ടിലേക്ക് വന്നാല്‍.. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രായോഗിക തടസങ്ങളുണ്ട്. ഇപ്പോള്‍ ക്യാംപുകളിലും ആശുപത്രികളിലും ഉള്ള കുട്ടികള്‍ പൂര്‍ണമായും അനാഥരാണോ, അവര്‍ക്ക് എവിടെയെങ്കിലും ബന്ധുക്കളുണ്ടോ എന്നതെല്ലാം പരിശോധിച്ച് കണ്ടെത്തിയതിന് ശേഷം മാത്രമേ പുനരധിവാസം സാധ്യമാകൂ.. എന്നിട്ടേ ദത്തെടുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയൂ.
സാധാരണ ഗതിയില്‍ ദത്തെടുക്കല്‍ നടപടികള്‍ മേല്‍പ്പറഞ്ഞതുപോലെയാണ്. ഇനി വയനാടിന്റെ സ്ഥിതിവിശേഷം പ്രത്യേക കേസായി പരിഗണിക്കുമോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല.
Content Highlights: can we adopt victim persons from wayanad landslide