കംബോഡിയയിലെ മഹാവിഷ്ണുവിന്റെ ശിൽപം തകർത്ത സംഭവം; സോഷ്യൽ മീഡിയയിൽ ‘ബോയ്‌കോട്ട് തായ്‌ലൻഡ്’ ആഹ്വാനം

ന്യൂഡൽഹി: കംബോഡിയയിലെ മഹാവിഷ്ണുവിന്റെ ശിൽപം തായ്‌ലൻഡ് സൈന്യം തകർത്ത സംഭവത്തിന് പിന്നാലെ തായ്‌ലൻഡിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നു. ‘ബോയ്കോട്ട് തായ്‌ലൻഡ്’ എന്ന ഹാഷ് ടാഗ് ഇതിനകം സാമൂഹികമാധ്യമമായ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശിൽപം തകർക്കുന്നതിന്റെ വീഡിയോയ്ക്ക് ഒപ്പമാണ് ബഹിഷ്കരണ ആഹ്വാനം.
Dear Indian friends:
Please reconsider traveling to Thailand. Hindu heritage on Cambodian land has been destroyed, while Cambodia continues to honor Hinduism through its ancient temples.
Why support a country that disrespects your faith? pic.twitter.com/sNl5RZifa1— Yang Saing Koma (@YangSaingKoma) December 24, 2025
ഇന്ത്യക്കാരുടെ പ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് തായ്‌ലൻഡ്. എന്നാൽ, മഹാവിഷ്ണുവിന്റെ ശിൽപം ജെസിബി ഉപയോഗിച്ച് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബോയ്‌കോട്ട് തായ്‌ലൻഡ് ഹാഷ്ടാഗുകൾ സജീവമായത്. നിരവധി ഇന്ത്യക്കാരാണ് ഇത് പങ്കുവെക്കുന്നത്. ഹൈന്ദവ വിശ്വാസികളുടെ ദൈവത്തിന്റെ ശിൽപത്തിന് നേരെയുണ്ടായ ആക്രമണത്തെ ചൂണ്ടിക്കാണിച്ചാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നത്.
2014-ലാണ് ഇപ്പോൾ തകർക്കപ്പെട്ട മഹാവിഷ്ണുവിന്റെ ശിൽപം കംബോഡിയയിലെ അൻ സെസ് പ്രദേശത്ത് നിർമിക്കപ്പെട്ടത്. തായ്‌ലൻഡ് അതിർത്തിയിലേക്ക് ഇവിടെനിന്ന് ഏകദേശം നൂറുമീറ്റർ ദൂരം മാത്രമാണുള്ളത്. ബുദ്ധ, ഹിന്ദുമതവിശ്വാസികളുടെ ആരാധനാകേന്ദ്രമെന്നാണ് ഇവിടത്തെ കംബോഡിയ വിശേഷിപ്പിക്കുന്നത്. എന്നാൽ, ശിൽപം തകർത്തത് സുരക്ഷാകാരണങ്ങളെ മുൻനിർത്തിയാണെന്നും മതവികാരങ്ങൾക്കു നേരെയുള്ള ആക്രമണമല്ലെന്നാണ് തായ്‌ലൻഡ് പറയുന്നത്.
ജൂലൈമാസത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് പിന്നാലെയാണ് കംബോഡിയ-തായ്‌ലൻഡ് സംഘർഷത്തിന് താൽക്കാലിക ശമനമുണ്ടായത്. എന്നാൽ, ഇപ്പോഴിത് വീണ്ടും തലപൊക്കിയിരിക്കുകയാണ്.
Content Highlights: boycott thailand in social media after lord vishnu statue destroyed by thai army in cambodia