ലൊക്കേഷൻ ട്രേസിങ്, തട്ടികൊണ്ടു പോകല്‍; ലെസ്ബിയന്‍ പങ്കാളിയെ ഹാജരാക്കുന്നതും കാത്ത് സുമയ്യ

ഒരുമിച്ച് ജീവിക്കുന്നതിനിടെ തന്റെ ലെസ്ബിയന്‍ പങ്കാളിയെ വീട്ടുകാര്‍ തട്ടികൊണ്ടുപോയതില്‍ ഹേബിയസ് കോര്‍പസ് നല്‍കി കൊണ്ടോട്ടി സ്വദേശിയായ സുമയ്യ കഴിഞ്ഞ ദിവസമാണ് രംഗത്തുവന്നത്. ഹേബിയസ് കോര്‍പസ് നല്‍കിയതു പ്രകാരം ഹാജരാക്കേണ്ട ദിവസവും പങ്കാളിയെ ഹാജരാക്കിയില്ലെന്നും വീട്ടുകാര്‍ കണ്‍വെര്‍ഷന്‍ തെറാപ്പി എന്ന പേരില്‍ ശാരീരികമായും മാനസ്സികമായും അവളെ പീഡിപ്പിക്കുന്നുണ്ടോ എന്ന ഭയം തനിക്കുണ്ടെന്നുമുള്ള ആശങ്ക പങ്കുവെക്കുകയാണ് സുമയ്യ. മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കവെയാണ് അവരിക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ജനുവരി 27-നാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ സുമയ്യ ഷെറിനും അഫീഫയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത്. അഫീഫയെ കുടുംബം വീട്ടുതടങ്കലിലിട്ടും ഫോൺ പിടിച്ചു വാങ്ങിയും ഇവരുടെ പ്രണയത്തെ ദുർബലപ്പെടുത്താൻ പലവിധത്തിൽ ശ്രമിച്ചുവെന്നാണ് ആരോപണം. വനജ കളക്ടീവ് എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ ഇരുവരും വീടുവിട്ടിറങ്ങി എറണാകുളത്ത് പുതുജീവിതം തുടങ്ങി. ചിലരുടെ സഹായത്താൽ ഇരുവർക്ക് ജോലിയും ലഭിച്ചു ജീവിച്ചു പോരുന്നതിനിടെയായിരുന്നു അഫീഫയെ അവരുടെ വീട്ടുകാർ കൊണ്ടു പോയത്. കഴിഞ്ഞ കുറെ ദിവസമായി തന്റെ പങ്കാളിയുമായി ബന്ധപ്പെടാനായില്ലെന്നു കാണിച്ച് സുമയ്യ ഹേബിയസ് കോർപ്പസും നൽകി. നിശ്ചിതദിവസം ഹാജരാകാത്തതിനാൽ 10 ദിവസത്തേക്കു കൂടി സമയം നീട്ടി നൽകിയിരിക്കുകയാണ് കോടതി. എന്നാൽ, ഈ കാലയളവ് മാനസ്സിക- ശാരീരിക ആരോഗ്യത്തെ ബാധിക്കും വിധമുള്ള സമ്മർദ്ദങ്ങളിലൂടെ അഫീഫ കടന്നു പോകേണ്ടി വരുമെന്നുള്ള ആശങ്കയിലാണ് സുമയ്യ. തന്റെ പ്രണയത്തെ കുറിച്ചും സംഘർഷങ്ങളെ കുറിച്ചും സുമയ്യ സംസാരിക്കുന്നു.
പ്രണയം അതിജീവനം- സുമയ്യയ്ക്ക് പറയാനുള്ളത്
"പ്ലസ് വണ്‍- പ്ലസ്ടു കാലം തൊട്ടുള്ള പരിചയമാണ് ഞാനും അഫീഫയും തമ്മില്‍.കോവിഡ് കാലത്താണ് പ്രണയം തുടങ്ങുന്നത്. പ്ലസ്ടു കഴിഞ്ഞ ശേഷം ചില കോഴ്‌സിനൊക്കെ പോയെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്ത് ഒരിക്കല്‍ വീട്ടില്‍ നിന്നിറങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഞങ്ങളുടെ ബന്ധത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ അവളുടെ ഫോണ്‍ വാങ്ങി വെച്ചിരുന്നതിനാല്‍ അത് നടപ്പാക്കാനായില്ല. ഒരുവിധം കഷ്ടപെട്ട് അവള്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോഴേക്കും വീട്ടുകാര്‍ അറിയുകയും പിടിച്ചു കൊണ്ടുപോവുകയുമായിരുന്നു. അതിനു ശേഷം അവള്‍ വീട്ടുതടങ്കലിലായി. അങ്ങനെ ജനുവരി അഞ്ചിന് സാമൂഹിക സംഘടനയായ വനജ കളക്ടീവിന് മെയില്‍ വഴി അവള്‍ പരാതി നല്‍കി. സ്വന്തം ഫോണ്‍ വീട്ടുകാര്‍ പിടിച്ചുവെച്ചതിനാല്‍ ഉമ്മയറിയാതെ ഉമ്മയുടെ ഫോണില്‍ നിന്നായിരുന്നു മെയില്‍ അയച്ചത്. പരാതയില്‍ താന്‍ വീട്ടുതടങ്കലിലാണെന്നും ഇറങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ജനുവരി 27-ന് വീട്ടില്‍ നിന്നിറങ്ങിയ അവളും ഞാനും അതിസാഹസികമായാണ് വനജ കളക്ടീവിന്റെ സഹായത്തോടെ കാറില്‍ കയറി രക്ഷപ്പെടുന്നത്. രണ്ട് പേരുടെയും വീട്ടുകാര്‍ മിസ്സിങ് കേസ് കൊടുത്തതിനനുസരിച്ച് മഞ്ചേരി കോടതിയില്‍ ഹാജരാകുകയും പ്രായപൂര്‍ത്തിയായതിനാല്‍ കോടതി ഞങ്ങളെ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കുകയുമായിരുന്നു."
എറണാകുളത്തെ താമസം, സൈബര്‍ പോലീസിന്റെ ലൊക്കേഷന്‍ ചോര്‍ത്തല്‍
ഇരുവരും ആദ്യം പോയത് എറണാകുളത്തുള്ള ഷെല്‍ട്ടര്‍ ഹോമിലേക്കാണ്. തുടക്കകാലത്ത് സാമ്പത്തികമായി പ്രയാസപ്പെട്ടെങ്കിലും ജോലി ലഭിച്ചതോടെ ജീവിതം കുഴപ്പമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. ലെസ്ബിയന്‍ കപ്പിളാണെന്ന് അറിഞ്ഞു തന്നെയാണ് ജോലി ലഭിച്ചത്. അതിനിടയിലാണ് പങ്കാളിയെ വീട്ടുകാര്‍ കടത്തിക്കൊണ്ടുപോയതെന്ന് പറയുന്നു സുമയ്യ.
"നാലു മാസത്തോളമായി എറണാകുളത്ത് ജോലി ചെയ്തു ജീവിക്കുകയായിരുന്നു ഞങ്ങള്‍. എന്നാല്‍, അഫീഫയുടെ വീട്ടുകാര്‍ സൈബര്‍ സെല്ലുദ്യോഗസ്ഥരുടെ സഹായത്താല്‍ ഞങ്ങളുടെ ഫോണും ലൊക്കേഷനും ട്രെയിസ് ചെയ്ത് വന്ന് അവളെ കൊണ്ടുപോവുകയായിരുന്നു. അവളെ കൊണ്ടു പോകുന്ന അന്നേ ദിവസമാണ് സുമയ്യയല്ലേ എന്ന് ചോദിച്ചു ഒരാള്‍ വിളിക്കുന്നത്. എവിടെയാണെന്നും ചോദിച്ചു. പ്രതികരിക്കാതെ ഞാന്‍ ഫോണ്‍ കട്ടു ചെയ്യുകയായിരുന്നു. അന്നേ ദിവസമാണ് വീട്ടുകാര്‍ വന്ന് അവളെ കൊണ്ടു പോകുന്നത്. പിന്നീട് ട്രൂകോളര്‍ വഴി നോക്കിയപ്പോഴാണ് വേണുഗോപാല്‍ എന്ന സൈബര്‍ സെല്ലുദ്യോഗസ്ഥന്റെ നമ്പറാണെന്ന് അറിയുന്നത്. നിയമവിരുദ്ധമായി ഇയാള്‍ ചെയ്ത പ്രവൃത്തിയായതിനാല്‍ തന്നെ ഞാന്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. ആ നമ്പറിലേക്ക് പോലീസ് വിളിച്ചപ്പോള്‍ ഒരു കുട്ടി മിസ്സിങ്ങാണെന്ന് പരാതി അറിയിച്ചതിനെത്തുടര്‍ന്നാണ് എന്നെ വിളിച്ചതെന്നാണ് വേണുഗോപാല്‍ പോലീസിനോട് പറഞ്ഞത്. ലൊക്കേഷന്‍ ട്രേസ് ചെയ്തു എന്ന കാര്യം അയാള്‍ നിഷേധിച്ചുവെന്നും പോലീസ് പറഞ്ഞു.
അന്ന് സംഭവിച്ചത്
ലൊക്കേഷന്‍ ട്രേസ് ചെയ്ത് വന്നെത്തിയ വീട്ടുകാര്‍ ഞങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വന്ന് ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് അവള്‍ സ്ഥാപനത്തില്‍നിന്ന് മാറി നിന്ന് റോഡ് സൈഡില്‍ വെച്ച് അവരോട് സംസാരിച്ചു. ഈ സമയത്ത് ഞാന്‍ എന്റെ ക്വീര്‍ സുഹൃത്തുക്കളെയും വനജ കളക്ടീവീനെയും അറിയിച്ചെങ്കിലും അവരവളെ വണ്ടിയില്‍ കയറ്റി പോവുകയായിരുന്നു. ഇതുവരെ അവളെ കുറിച്ച് ഒരു വിവരവുമില്ല." സുമയ്യ വിശദീകരിച്ചു.
ഇത്ര ദിവസമായിട്ടും പങ്കാളിയുമായി സംസാരിക്കാന്‍ സുമയ്യയ്ക്കായിട്ടില്ല. അവര്‍ വീട് പൂട്ടി അവളെയും കൊണ്ടുപോയെന്നാണ് ഒടുവില്‍ സുമയ്യയ്ക്ക് കിട്ടിയ വിവരം. തന്നോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടായിരിക്കും അവള്‍ ഹാജരാവാത്തതെന്നും വീട്ടുകാരുടെ ബോധവത്കരണത്തിന് വിധേയയായി എന്നുമുള്ള വാദങ്ങളോടും സുമയ്യയ്ക്ക് ഒന്നേ ചോദിക്കാനുള്ളൂ-' അവളെ കണ്‍വിന്‍സ് ചെയ്ത് വീട്ടുകാരുടെ പക്ഷത്താക്കിയെങ്കില്‍ എന്തു കൊണ്ട് ഹേബിയസ് കോര്‍പസ് പ്രകാരം ഹാജരാക്കേണ്ട ദിവസം ഹാജരായില്ല' .
ഭയപ്പെടുത്തുന്നത്
"ഉപ്പയുടെയും ഉമ്മയുടെയും കൂടെ പോകാനാണ് അവളുടെ താത്പര്യമെങ്കില്‍ അതവള്‍ കോടതിയുടെ മുന്നില്‍ പറയുമല്ലോ. അവര്‍ക്ക് ധൈര്യമായി മകളെ കൊണ്ടുപോകാം. ആ ധൈര്യം അവര്‍ക്കില്ലാത്തുകൊണ്ടാണ് അവര്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിട്ടും ഹാജരാകാത്തത്.അടുത്ത 19-ന് ഹാജരാക്കാമെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. കോടതി അത് സമ്മതിച്ചു. പക്ഷെ, ഇതില്‍ എന്നെ ഭയപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. എന്റെ ആവശ്യം എത്രയും പെട്ടെന്ന് ഹാജരാക്കണമെന്നാണ്. അതിനു കാരണങ്ങളുണ്ട്. ഒമ്പതിന് അവര്‍ ഹാജരാകാത്തത് വീട്ടുകാരുടെ ഇഷ്ടത്തിന് അവൾ വഴങ്ങില്ലെന്നതു കൊണ്ടാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതുവരെ അവളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയാത്തതുകൊണ്ട് കണ്‍വെര്‍ഷന്‍ തെറാപ്പിക്ക് ശ്രമിക്കും. മാത്രവുമല്ല, ശാരീകവും മാനസ്സികവുമായ പീഡനവും അനുഭവിക്കേണ്ടി വരും. മുമ്പ് അവളെ ഇതുപോലെ ഉസ്താദുമാരുടെ അടുത്ത് കൊണ്ടു പോയെന്ന് അവള്‍ എന്നോട് പറഞ്ഞിരുന്നു . അന്നവൾ കുറെ സഹിച്ചതാ." അതിനാല്‍ തന്നെ ഹാജരാക്കാന്‍ ഇത്രയും ദിവസം നീട്ടിയതിനെ ആശയങ്കയോടുകൂടിയാണ് കാണുന്നതെന്നും സുമയ്യ പറയുന്നു
Content Highlights: sumayya sherin, habeas corpus, lesbian partner, Hc grants 10 more days,