കൊണ്ടുപോയി ഞങ്ങളുടെ തൊഴിലും ജീവിതവും | രക്ഷയില്ലാതെ ലക്ഷദ്വീപ്-Part2

Reporting from ground zero- ലക്ഷദ്വീപില്‍ 3000ത്തിലേറെ ആളുകളെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ഇതോടെ മിക്ക തൊഴില്‍ മേഖലയും തകര്‍ന്നു ജീവിതം ദുരിതമയമായി. ദ്വീപിലെ വര്‍ത്തമാന യാഥാര്‍ഥ്യങ്ങള്‍ അന്വേഷിക്കുന്ന പരമ്പരയുടെ രണ്ടാം ഭാഗം.
ഭരണപരിഷ്കാരങ്ങളിൽ പെട്ട് തൊഴിൽ നഷ്ടം രൂക്ഷമായ ലക്ഷദ്വീപിൽ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും അതിജീവിക്കാൻ തിണ്ണകരയിൽ ചിലർ നീരാളിയെ പിടിച്ചു ജീവിക്കുന്നുണ്ടെന്നറിഞ്ഞാണ് അങ്ങോട്ടേക്ക് പോയത്. ആകെ 36 ദ്വീപുകളുള്ള ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത 26 ദ്വീപുകളിലൊന്നാണ് തിണ്ണകര. അവിടെ നീരാളിയെപിടിച്ചു ജീവിക്കുകയാണ് നിസാമും റവൂഫും. 40നോടടുത്ത് പ്രായമുള്ള നിസാം ഒമ്പത് വർഷത്തോളം SPORTS (society for promotion of nature tourism and sptorts ആണ് ടൂറിസം വകുപ്പിന്റെ ടൂറിസം ഓപ്പറേഷനും അഡ്വഞ്ചർ സ്‌പോർടുമെല്ലാം നടത്തിയിരുന്നത്) ൽ ജീവനക്കാരനായിരുന്നു. ഒറ്റയടിക്ക് സ്‌പോർട്‌സിലെ 300ഓളം പേരെ പിരിച്ചു വിട്ടതോടെ ആൾതാമസമില്ലാത്ത തിണ്ണകരയിലേക്ക് ബോട്ട്കയറുകയായിരുന്നു. ഏറ്റവും അപകട സാധ്യതയുള്ള നീരാളിപിടിത്തത്തിലൂടെയാണ് ഇവർ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നത്.
സ്പോർട്സിൽ നിന്ന് പിരിച്ചുവിടപ്പെട്ട ശേഷമാണ് തിണ്ണകരയിലേക്ക് ബോട്ട് കയറിയത്
"നീരാളിയെ പിടിക്കൽ അപകടകരമായ ജോലിയാണ്. നീണ്ട കയ്യും കാലും ഉപയോഗിച്ചത് മൂക്കിനുള്ളിലേക്ക് കൈ കടത്തിയാൽ ജീവൻ പോകും. പക്ഷെ വേറെ നിവൃത്തിയില്ല. അഞ്ചാറുമാസം ഇവിടെ ഷെഡ്ഡുകെട്ടി തങ്ങി പറ്റാവുന്നത്ര നീരാളിയെ പിടിച്ച് ഈ തീരത്ത് ഉണക്കും. കിലോയ്ക്ക് ആയിരം രൂപയാണ്. പ്രതിമാസം 7000 രൂപക്കുള്ളത് കിട്ടും. കുറച്ച് തെങ്ങുള്ളതിനാൽ അത് ചെത്തി മീര(നീര)യുമെടുക്കും. റേഷനരിയും കടലിൽ നിന്ന് മീനും കിട്ടുന്നതിനാൽ പട്ടിണിയില്ല. പക്ഷെ ഡൈവിങ് ഇൻസ്ട്രക്ടറായി 'സ്‌പോർട്‌സിൽ' ഭേദപ്പെട്ട ശമ്പളമുള്ള ജോലി ചെയ്തിടത്തു നിന്നാണ് ആളൊഴിഞ്ഞ ദ്വീപിലെ ഒറ്റപ്പെട്ട ജീവിതം", നിസ്സാം നെടുവീർപ്പിട്ടു. 2011 സെൻസസ് പ്രകാരം 64,000ത്തിനടുത്ത് ജനസംഖ്യയുള്ള ദ്വീപിൽ ആരോഗ്യരംഗത്തും ടൂറിസം രംഗത്തും വിദ്യഭ്യാസരംഗത്തുമൊക്കെയായി 3000 ലധികം പേരെയാണ് സർക്കാർ ജോലിയിൽ നിന്ന് പുതിയ അഡ്മിനിസ്‌ട്രേറ്റർ പിരിച്ചു വിട്ടത്. സർക്കാർ നൽകുന്ന ശമ്പളവുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്ന ദ്വീപിൽ തൊഴിൽ നഷ്ടം വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
സ്‌പോർട്‌സിലെ 300 പേരുടെ പിരിച്ചുവിടൽ സ്‌പോർട്‌സുകാരുടെ കുടുംബങ്ങളെ മാത്രമല്ല അരക്ഷിതാവസ്തിയിലേക്കും ദാരിദ്ര്യത്തിലേക്കും വലിച്ചെറിഞ്ഞത് പകരം അവരുടെ വാങ്ങൽ ശേഷിയെ ആശ്രയിച്ചു ജീവിച്ച പ്രദേശത്തെ കച്ചവടക്കാരെകൂടിയാണ്. വടക്കൻ കവരത്തിയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന അബ്ദുൾ ജലീലിന്റെ കടക്കടുത്താണ് സ്‌പോർട്‌സ് ടൂറിസം വകുപ്പ് പ്രവർത്തിക്കുന്നത്. മിക്കവരും സാധനം വാങ്ങാനെത്തുന്ന കടയാണ് ജലീലിന്റേത്. കൂട്ടപ്പിരിച്ചുവിടലോടെ ദിവസം 2000 രൂപയുടെ കച്ചവടമാണ് നഷ്ടമായത്. പ്രതിദിന കച്ചവടം പകുതിയായി കുറഞ്ഞു. സാധനങ്ങൾ കാലാവധി കഴിഞ്ഞ് വലിച്ചെറിയേണ്ട അവസ്ഥയാണ്. 900 രൂപയ്ക്ക് വിൽക്കാൻ വെച്ച വസ്ത്രങ്ങൾ വാങ്ങാനാളില്ലാതെ പൂപ്പ് പിടിച്ചുതുടങ്ങി. 1000 രൂപയുടെ വസ്ത്രം 200 രൂപക്കാക്കിയിട്ടും വാങ്ങാനാളില്ല. 'കോവിഡ് കാലത്ത് പോലും ആവശ്യക്കാരുണ്ടായിരുന്നു. ലിസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിനനുസരിച്ച് ഉരുവിൽ സാധനങ്ങൾ എത്തിയിരുന്നു. എന്നാൽ ജനങ്ങൾക്ക് പർച്ചേസിങ് പവറില്ലാത്തത് ഉരു കയറ്റിറക്കത്തെയും ബാധിച്ചു. ഇന്ന് ജോലി തേടി മാലിദ്വീപിലേക്കും കേരളത്തിലേക്കും കുടിയേറ്റം നടത്തുകയാണ് ഞങ്ങളുടെ ആളുകൾ്', അബ്ദുൾ ജലീൽ നിറകണ്ണുകളോടെ പറഞ്ഞു നിർത്തി.
3000ത്തിലധികം പേരെ പിരിച്ചു വിട്ടതോടെ പ്രതിവർഷം ചുരുങ്ങിയത് 60 കോടി രൂപയുടെ വിതരണമാണ് ദ്വീപിൽ ഒറ്റയടിക്ക് നിലച്ചത്
ചീഞ്ഞ് വലിച്ചെറിയുന്ന പച്ചക്കറികൾ
നാട്ടുകാരുടെ കയ്യിൽ കാശില്ലാതായതോടെ കരയിൽ നിന്നുള്ള പച്ചക്കറി പഴം ഇറക്കുമതിയും വലിയ തോതിൽ കുറഞ്ഞു. പണ്ട് ഒരു ട്രിപ്പിൽ ഒന്നരലക്ഷം രൂപയുടെ പഴങ്ങൾ കച്ചവടക്കാരിലേക്ക് എത്തുമായിരുന്നു. പാവപ്പെട്ടവർ കൂടുതലുള്ള വടക്കൻ ദ്വീപായ കിൽത്താനിലും വിൽപന ഇല്ലാതെ മൂന്ന് പലചരക്ക് കടകൾ കഴിഞ്ഞ മാസം പൂട്ടി.
'അനിമൽ ഹസ്‌ബെൻഡറി ഭാഗികമായി അഡ്മിനിസ്‌ട്രേറ്റർ നിർത്തലാക്കിയതോടെ സബ്‌സിഡി നിന്നു. കോഴി ഫാമുകൾ ഓരോന്നായി പൂട്ടിത്തുടങ്ങി. ആ രീതിയിലും കുറെ പേർക്ക് വരുമാനം നിലച്ചു', കിൽത്താൻ ജില്ലാ പഞ്ചായത്തംഗമായ സാജിത പറയുന്നു. നഷ്ടമെന്ന് പറഞ്ഞാണ് അനിമൽ ഹസ്‌ബെൻഡറി പ്രവർത്തനം തടസ്സപ്പെടുത്തിയത്.എന്നാൽ എല്ലാ ക്ഷേമപ്രവർത്തനങ്ങളും ലാഭാധിഷ്ഠിതമായാണോ ഭരണകൂടം ചെയ്യേണ്ടത് .
'അനിമൽ ഹസ്‌ബെൻഡറിയുടെ ഉദ്ദേശം ലാഭമല്ല. ആളുകളെ കൃഷിയിലേക്കും ഫാമിങ്ങിലേക്കും ആകർഷിക്കുക, അവർക്ക് പരിശീലനം നൽകുക, സബ്‌സിഡി നൽകുക എന്നതാണ്. നഷ്ടത്തിലായതുകൊണ്ടാണ് പൂട്ടിയതെന്ന് പറയുന്നത് യുക്തിക്കു ചേർന്നതല്ല. 2300ഓളം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നിയമിച്ചിരുന്ന 9 പേരെ പിരിച്ചുവിട്ടതും ഈ ക്ഷേമ സങ്കൽപത്തിന് ഇടം നൽകാതെയാണ്. 2021ലെ പഠന പ്രകാരം ദാരിദ്ര്യം കുറവുള്ള ഇടങ്ങളിലൊന്നാണ് ലക്ഷദ്വീപ്. പിന്നീട് ആധികാരിക പഠനങ്ങളൊന്നും പിന്നീട് വന്നില്ലെങ്കിലും അടുത്ത കാലത്തായി ലക്ഷദ്വീപില്‍ ദാരിദ്ര്യത്തിന്റെ തോത് കൂടി. ലക്ഷദ്വീപിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ബാഹ്കില്‍ നിന്ന് കുടിശ്ശിക വരുന്ന പ്രവണത കുറവായിരുന്നു. അടുതത കാലത്തായി തിരിച്ചടക്കാത്തവരുടെ എണ്ണവും കൂടി.
' സാമ്പത്തിക വിദഗ്ധൻ ജോസ് ചാത്തുകുളം പറയുന്നു.
വഴിയാധാരമായി മത്സ്യത്തൊഴിലാളികൾ
പച്ചക്കറിയിൽ മാത്രമല്ല 11ൽ ഒന്ന് മത്സ്യത്തൊഴിലാളികളുള്ള മത്സ്യം ആഹാരമാക്കുന്നവർ കൂടുതലുള്ള ദ്വീപിലെ മത്സ്യക്കച്ചവടത്തെയും തൊഴിൽനഷ്ടം ബാധിച്ചു. മൂന്ന് മക്കളുള്ള ഷാജഹാനെ 15 വർഷത്തെ സേവനത്തിനൊടുവിലാണ് അഡ്വഞ്ചറസ് സ്‌പോർട്‌സ് പരിശീലനജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്. പിന്നീട് മീൻ പിടിക്കാൻ പോയി. ദ്വീപിൽ സാധാരണക്കാരുടെ കയ്യിൽ പണമില്ലാത്തതിനാൽ മീൻവാങ്ങലൊക്കെ നന്നെ കുറഞ്ഞു. കൂട്ടുകുടംബ വ്യവസ്ഥിതി നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് തന്നെപ്പോലുള്ളവർ തൊഴിലില്ലാഞ്ഞിട്ടും പട്ടിണിയില്ലാതെ ജീവിച്ചു പോവുന്നതെന്ന് പറയുന്നു ഷാജഹാൻ.
ലക്ഷദ്വീപിലെ 40.85 ശതമാനം ദമ്പതിമാരും കൂട്ടുകുടുംബവ്യവസ്ഥിതിയുടെ ഭാഗമായാണ് ജീവിക്കുന്നത്.
ദ്വീപുകാരുടെ പ്രധാന ഉപജീവന മാർഗം മത്‌സ്യബന്ധനമാണ്. പ്രതിദിനം 60,000 രൂപയുടെ മത്സ്യവിൽപന കവരത്തിയിൽ നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 20,000 ആയി ചുരുങ്ങി. 1500 പേർ മീൻ പിടിക്കാൻ പോയ സ്ഥാനത്ത് ഇപ്പോൾ 400-500 പേരെ കടലിലിറങ്ങുന്നുള്ളൂവെന്നും മീൻ കച്ചവടക്കാരൻ നവാസ് പറയുന്നു. ഇതിനെല്ലാറ്റിനും പുറമെ തീരസംരക്ഷണത്തിന്റെ പേരിൽ കവരത്തി ദ്വീപിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലകളും സൂക്ഷിക്കുന്ന ഷെഡ്ഡുകൾ മുന്നറിയിപ്പില്ലാതെയാണ് ഉദ്യോഗസ്ഥർ പൊളിച്ചത്. ധാരാളം ബോട്ടുകൾക്ക് കേടുപാട് സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് മത്‌സ്യത്തൊഴിലാളികൾക്കുണ്ടായത്. ടൂറിസം വികസിപ്പിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സുപ്രീം കോടതി അംഗീകരിച്ച ഇന്റഗ്രേറ്റഡ് ഐലന്റ് മാനേജ്‌മെന്റ് പ്ലാൻ പ്രകാരം മത്സ്യത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും ഉപജീവനത്തെ സഹായിക്കുന്ന തീരപ്രദേശത്തെ ഷെഡ്ഡുകൾ പൊളിക്കാൻ പാടില്ലെന്നുണ്ട്. എന്നിട്ടും മീൻ പിടിക്കാനും കൊപ്ര ഒണക്കാനുമുള്ള അവരുടെ എല്ലാ സൗകര്യങ്ങളെയും ഇല്ലാതാക്കി കൊണ്ടുള്ള തീരദേശ മോഡികൂട്ടലാണ് ദ്വീപിൽ നടന്നുകൊണ്ടിരിക്കുന്നത്.
- കേരളത്തിൽ മത്സ്യതൊഴിലാളി ജനസംഖ്യ-2.93% | 34ൽ ഒന്ന്
- ദേശീയതലത്തിൽ -2.05% | 49ൽ ഒന്ന്
- ലക്ഷദ്വീപിൽ- 9% | 11ൽ ഒന്ന്
മത്സ്യ ബന്ധനത്തിന്റെ 90 ശതനമാനവും ചൂര പിടിത്തമാണ്. ചൂര ചൂടുരക്ത ജീവിയാണ്. അതിനാൽ തന്നെ ഇവയെ പിടിച്ച് ഉടൻ ഐസിലിട്ട് ശരീര ഊഷ്മാവ് കുറക്കണം. ചില ദ്വീപുകളിൽ ഐസ്പ്ലാന്റുണ്ടെങ്കിലും കാലാവധിയും ഉത്പാദനക്ഷമതയും കുറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി മെൻയിന്റൻസുമില്ല.
മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിക്കുന്നത് ദ്വീപിൽ തുടർന്നപ്പോൾ മത്സ്യ തൊഴിലാളി യൂണിയൻ പ്രസിഡന്റ് സമാൻ അടക്കം നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നു. പക്ഷെ വർഷങ്ങളായി ചെയ്ത തൊഴിലുപേക്ഷിച്ച് കേരളത്തിലേക്ക് തൊഴിലന്വേഷിച്ചു വരേണ്ട ഗതികേടാണ് യൂണിയൻ പ്രസിഡന്റായ സമാനുപോലുമുള്ളത്. കേരളത്തിലുള്ളതുപോലെ മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസും കുട്ടികളെ പഠിപ്പിക്കാൻ ലോണുമൊന്നും ലക്ഷദ്വീപിലെ മത്സ്യതൊഴിലാളികൾക്ക് ലഭിക്കുന്നില്ല. പണ്ട് ഫിഷറീസ് വഴി ലഭിച്ചിരുന്ന ഡീസൽ സബ്‌സിഡി ഇല്ലാതായി. ബോട്ടുണ്ടാക്കാനും അറ്റകുറ്റപണിക്കും, മത്സ്യ ഉത്പന്ന നിർമ്മാണ യൂണിറ്റുകൾക്കും, ഐസ്പ്ലാന്റിനുമെല്ലാം സബ്‌സിഡി കൊടുത്തിരുന്നു. ബജറ്റ് കുറച്ചതോടെ ആ പദ്ധതികളെല്ലാം നിലച്ചു. ഇതിനു പുറമെ വിൽപനയിലും നിയന്ത്രണം വന്നതോടെ അടിമുടി അരക്ഷിതാവസ്ഥയിലായി മത്സ്യത്തൊഴിൽ മേഖലയിലുള്ളവർ. 'സ്വന്തം ബോട്ടിൽ ആഴക്കടലിൽ നിന്ന് പിടിക്കുന്ന മീൻ പണ്ട് കോഴിക്കോടും എറണാകുളത്തുമൊക്കെ കൊണ്ട് പോയി വിറ്റിരുന്നു. അതിനും നിയന്ത്രണം വന്നു. സൂക്ഷിക്കാൻ വേണ്ട ഐസിന്‌റെ ലഭ്യതയും കുറഞ്ഞതോടെയാണ് മത്സ്യ ബന്ധന മേഖല ഉപേക്ഷിക്കുന്നത്. ഈ 40 വയസ്സിനിടയിൽ എനിക്ക് ദ്വീപ് വിട്ട് പുറത്തു പോവേണ്ടി വന്നിട്ടില്ല. ഇന്നിപ്പോൾ ചെറുകിട ക്ലീനിങ് ജോലി ചെയ്ത് കേരളത്തിൽ ഒറ്റപ്പെട്ട് ജീവിക്കേണ്ട അവസ്ഥയാണ്', സമാൻ പറയുന്നു. തൊഴിലാളികൾക്ക് മാത്രമല്ല ബോട്ട് ഉടമകൾക്കും കഷ്ടകാലമാണ്. ഒരു കോടി രൂപയുടെ ബോട്ട് വാങ്ങിയിട്ടും ഇതു വരെ സബ്‌സിഡി കിട്ടാത്തതിനാൽ കഷ്ടപ്പാടിലാണ് ജീവിതം.
ദേശീയ ശരാശരിയേക്കാളും മൂന്ന് മടങ്ങിലധികം മത്സ്യത്തൊഴിലാളികളുള്ള ലക്ഷദ്വീപിലാണ് ഭരണകൂടം മത്സ്യത്തൊഴിലാളികളെ ആനുകൂല്യങ്ങളെല്ലാം തടഞ്ഞും ഷെഡ്ഡുകൾ പൊളിച്ചും കഷ്ടപ്പെടുത്തുന്നത്.
പണിയില്ലാതാവുന്ന കോൺട്രാക്ടർമാർ
സർക്കാർ ഓഫീസുകൾ പ്രവർത്തിപ്പിക്കാൻ വാടകക്ക് നൽകുക എന്ന ഉദ്ദേശത്തോടെയാണ് കോൺട്രാക്ടർ സമീർ ഒന്നരക്കോടി ചിലവാക്കി കെട്ടിടം പണിയുന്നത്. ഒരു ലക്ഷം രൂപയോടടുത്ത് വാടകയും അതിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ സർക്കാർ കെട്ടിടങ്ങൾ തദ്ദേശീയരിൽ നിന്ന് വാടകക്കെടുക്കുന്നത് അഡ്മിിനിസ്ട്രേഷൻ പൊടുന്നനെ നിർത്തിയതോടെ കഷ്ടപ്പാടിലായി. ഇപ്പോൾ വരുമാനവും നിലച്ചു.
'റിപ്പബ്ലിക് ഡേ, ആഗസ്റ്റ് 15 എന്നിവക്കൊക്കെ സ്റ്റേജ് വർക്കുകൾ തദ്ദേീശീയരായ കോൺട്രാക്ടർമാരെയാണ് മുമ്പ് ഏൽപിച്ചിരുന്നത്. പക്ഷെ ലക്ഷദ്വീപ് ദിനത്തിൽ പോലും സ്റ്റേജ് ലൈറ്റ് സൗണ്ട് തൊഴിലാളികളെ പുറത്ത് നിന്നാണ് കൊണ്ടുവന്നത്. പിഡബ്ല്യുഡിയിൽ റജിസ്റ്റർ ചെയ്ത കോൺട്രാക്ടർമാർമാർക്കൊന്നും ഇപ്പോ പുതിയ അഡ്മിനിസ്‌ട്രേഷൻ പണി നൽകുന്നില്ല്', വരുമാനപാതകളെല്ലാം അടഞ്ഞ് കോൺട്രാക്ടർ പണി ഉപേക്ഷിച്ച അബ്ദുൾ റസാഖ് പറയുന്നു.
റസാഖിന് കീഴിലുണ്ടായിരുന്ന 12 തൊഴിലാളികൾ തൊഴിലന്വേഷിച്ചു കേരളത്തിലേക്ക് പോയി. തദ്ദേശീയ കോൺട്രാക്ടർമാരെ നിലനിർത്തിയത് സർക്കാർ കെട്ടിടങ്ങളുടെ പണികളാണ്. അത് നൽകുന്നത് നിർത്തിയതോടെ കവരത്തിയിൽ മാത്രം 60 ഓളം റജിസ്‌റ്റേർഡ് കോൺട്രാക്ടമാർക്ക് ഇപ്പോൾ പണിയില്ലെന്ന പറയുന്നു റസാഖ് .
പറയത്തക്ക വാർത്താ മാധ്യമങ്ങളില്ലാത്ത ദ്വീപിൽ കാലാവസ്ഥാ മുന്നറിയിപ്പ് അനൗൺസ്‌മെന്റുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ നടത്തിയാണ് സ്റ്റുറ്റഡിയോ സൗണ്ട് നടത്തിപ്പുകാരനായ നസീർ കെ.കെ ജീവിച്ചത്. വലിയ തുക കൊടുത്ത് വാങ്ങിയ സ്പീക്കറും സൗണ്ട് സിസ്റ്റവുമെല്ലാം പണികിട്ടാതെ തുരുമ്പെടുത്തു തുടങ്ങി. എന്നിട്ടും സർക്കാർ പരിപാടികൾക്ക് ദ്വീപിലെ സ്റ്റേജ് പണിക്കാരെയോ സൗണ്ട് പണിക്കാരെയോ വിളിക്കുന്നില്ല. 'ലക്ഷങ്ങൾ ടെൻഡറെടുത്ത് ഇപ്പോൾ പുറത്ത് നിന്ന് ആളുകളെ കൊണ്ടുവരികയാണ്. കാലാവസ്ഥാ അനൗൺസ്‌മെന്റ് നടത്തണമെന്ന റൂൾ ദ്വീപിലുണ്ട് എന്നിട്ടും ഞങ്ങൾക്ക് പണി തരുന്നില്ല', സംഘർഷഭരിതനായി നസീർ പറയുന്നു.
നയങ്ങളും തൊഴിൽ നഷ്ടവും ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ
പരിസ്ഥിതി വകുപ്പിലെ മറൈൻ വാച്ചർ ജോലി നഷ്ടപെട്ട 200 താത്ക്കാലിക ജീവനക്കാരിലൊരാളായിരുന്നു ജമാമുദ്ദീൻ. 25 കിമീ ഓട്ടം, ചാട്ടം, വെള്ളത്തിൽ 10 മിനുട്ട് പൊങ്ങിക്കിടക്കാനുള്ള ശേഷി ഉൾപ്പെടെയുള്ള കടുത്ത ഫിസിക്കൽ ടെസ്റ്റ്, 45 ദിവസത്തെ പരിശീലനം എന്നിവ നടത്തിയാണ് ജമാമുദ്ദീൻ അടക്കമുള്ള മറൈൻ വാച്ചേഴ്‌സിനെ നിയമിക്കുന്നത്. ഏഴ് മാസം കഴിഞ്ഞപ്പോഴേക്കും കാരണം കാണിക്കാതെ ഈ 200 പേരെയും പിരിച്ചു വിട്ടു. ലക്ഷദ്വീപിലെ ജൈവ സമ്പത്തിന്റെ ആണിക്കല്ലായ കടൽവെള്ളരികള്ളക്കടത്ത് സംഘത്തെ നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ളവരാണ് മറൈൻ വാച്ചേഴ്‌സ്. കോടിക്കണക്കിന് രൂപയ്ക്കാണ് ശ്രീലങ്കയിലേക്കും ചൈനയിലേക്കും കടൽവെള്ളരി ക്കടത്ത് നടന്നിരുന്നത്. മറൈൻ വാച്ചേഴ്‌സിന്റെ ഇടപെടലിൽ ലക്ഷങ്ങളുടെ കടത്താണ് ചുരുങ്ങിയ കാലം കൊണ്ട് പിടിച്ചത്. ദ്വീപിന്റെ പരിസ്ഥിതി സംരക്ഷണത്തിൽ അത്രയേറെ പങ്കുവഹിച്ച മറൈൻ വാച്ചർമാരെയാണ് പിരിച്ചുവിട്ടത്. കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽപ്പെടുത്തി നിയമിക്കുന്നതുകൊണ്ട് തന്നെ അഡ്മിനിസ്‌ട്രേഷന് പ്രത്യേക സാമ്പത്തിക ബാധ്യതയുമുണ്ടായിരുന്നില്ല. പ്രതിവർഷം 25 കോടിയാണ് മറൈൻ വാച്ചേഴ്‌സിന് വേണ്ടി മാത്രം കേന്ദ്രം പണം നീക്കിവെക്കുന്നത്. മറൈൻ വാച്ചേഴ്‌സില്ലാത്തതിനാൽ ആ തുക അതേ പടി തിരിച്ചയക്കുകയാണ് പരിസ്ഥിതി വകുപ്പിപ്പോൾ.
കർമ്മചാരികളെ പിരിച്ചുവിട്ടു, ദ്വീപിൽ മാലിന്യം കുമിഞ്ഞുകൂടി
ഇതുപോലതന്നെ മാലിന്യ നീക്കത്തിനും ശുചിത്വം ഉറപ്പുവരുത്താനും 600 പേരടങ്ങുന്ന കർമ്മചാരി സേനയുണ്ടായിരുന്നു. ഇവരെയെല്ലാം പിരിച്ചുവിട്ടതോടെ പല തീരങ്ങളിലും പ്ലാസ്റ്റിക് മലകൾ രൂപപ്പെടാൻ തുടങ്ങി. പട്ടേൽ കൊണ്ടുവരാൻ ശ്രമിക്കുന്ന ലഗൂൺ വില്ലകളാവട്ടെ സുസ്തിര വികസനത്തിലൂന്നിയുള്ളതുമല്ലെന്ന് പറയുന്നു പരിസ്ഥി വകുപ്പിലെ പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ഉദ്യോഗസ്ഥൻ. 100ലധികം പവിഴപുറ്റിനങ്ങളും മത്സ്യവർഗ്ഗങ്ങളും പലവിധം കടലാമകളും കടൽപ്പുല്ലുകളും അടങ്ങിയ ജൈവൈവിധ്യത്താൽ സമൃദ്ധമായ മേഖലയാണ് ലക്ഷദ്വീപിലെ ലഗൂണും കടൽ പ്രദേശങ്ങളും. തീര ശോഷണം നിയന്ത്രിക്കുന്നതിൽ കൽപ്പായലുകളും കടൽപ്പുല്ലുകളും കടൽക്കാടുകളും വലിയ പങ്കാണ് വഹിക്കുന്നത്. മാലിദ്വീപിലുണ്ട് ലക്ഷദ്വീപിലും ഉണ്ടായാലെന്തെന്ന വാദമുണ്ട്. മാലിദ്വീപിൽ ആയിരക്കണക്കിന് ദ്വീപുകളുണ്ട്. 298 ചതുരശ്ര കിമീ ആണ് വ്യാപ്തി.1300 ദ്വീപുകളിൽ 90ൽ മാത്രമേ ടൂറിസമുള്ളൂ. എന്നാൽ ലക്ഷദ്വീപാവട്ടെ 32 ചതുരശ്ര കിമീറ്ററും. മാത്രവുമല്ല അവരുടെ ലഗൂണുകൾ വലുതാണ് കപ്പലുകൾക്ക് സുഖമായി പ്രവേശിക്കാം. ലക്ഷദ്വീപിൽ സ്ഥിതി വ്യവസ്ഥമാണ്. അതിനാൽ ലക്ഷദ്വീപിൽ ലഗൂൺ വില്ല വന്നാൽ മനുഷ്യർക്ക് അതിജീവിക്കാൻ കഴിയില്ല', മുൻ സയൻസ് ആന്റ് ടെക്‌നോളജി ഡയറക്ടർ സെയ്ദ് ഇയ്മായിൽ കോയ പറയുന്നു. തീരശോഷണമുണ്ടാവുമെന്ന പേരിൽ മുമ്പ് കേന്ദ്ര സർക്കാർ തിരസ്‌കരിച്ച പദ്ധതിയാണ് വീണ്ടും പൊടിതട്ടി കൊണ്ടുവരുന്നത്. ഐലന്റ് പ്രൊട്ടക്ഷൻ സോൺ 2011 ചട്ടം പ്രകാരം ലഗൂൺ വില്ലകൾക്കനുയോജ്യമല്ലാത്ത ഇടമാണ് ലക്ഷദ്വീപ്. ചട്ടം മാറ്റാനുള്ള ശ്രമവും ഇപ്പോൾ ഉന്നതങ്ങളിൽ നടക്കുന്നുവെന്നും സെയ്ദ് ഇയ്മായിൽ കോയ പറയുന്നു.
കടൽവെള്ളരിയുടെ പ്രാധാന്യം
ജൈവ അവശിഷ്ടങ്ങൾ തിന്ന് ദഹിപ്പിച്ച് പുനചക്രമണം ചെയ്യുന്നതിൽ കടൽവെള്ളരിക്ക് വലിയ പങ്കുണ്ട്. കടലിനുള്ളിലെ ഭക്ഷ്യവിഭവങ്ങളെ വിഘടിപ്പിച്ച് ചെറു മത്സ്യങ്ങൾക്ക് ആഹാരം ലഭ്യമാക്കുകയും അതുവഴി ചെറു മത്സ്യങ്ങളെ ആഹാരമാക്കുന്ന വലിയ മത്സ്യങ്ങളെയും അവയെ ആശ്രയിച്ചു ജീവിക്കുന്ന പക്ഷികളെയും അതുവഴി ലക്ഷ്ദ്വീപ് ജനതയുടെ ജീവിതയെയും സഹായിക്കുന്നു. ഇവ മാലിന്യങ്ങളെയും ആഹാരമാക്കുകയും നൈട്രജനും ഫോസ്ഫറസ്സും ഉത്പാദിപ്പിച്ച് സമുദ്രഅടിത്തട്ടിനെ പോഷകസമ്പുഷ്ടമാക്കി കൂടുതൽ ജീവികൾ വളരാൻ അനുയോജ്യമാക്കുകയും ചെയ്യുന്നു. ഇവയുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാർ ഇവ ശേഖരിക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാക്കുന്നതും മറൈൻ വാച്ചേഴ്‌സിനെ നിയമിക്കുന്നതും.
Content Highlights: Lakshadweep series,Part 2,job lose,collapsing economy,Nileena Atholi,Rakshayillathe lakshadweep